ന്യൂഡല്‍ഹി: ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ പാര്‍ട്ടി നിലപാടിന് വിരുദ്ധമായി പ്രതികരിച്ചതിന് ശശി തരൂര്‍ എംപിയെ താകീത് ചെയ്ത് കോണ്‍ഗ്രസ് നേതൃത്വം. വ്യക്തിപരമായ അഭിപ്രായം പറയാനുള്ള സമയമല്ല ഇതെന്നും പാര്‍ട്ടിയുടെ അഭിപ്രായം പൊതുസമൂഹത്തില്‍ അവതരിപ്പിക്കണമെന്നും നേതൃത്വം തരൂരിനോട് നിര്‍ദേശിച്ചു.
ബുധനാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന മുതിര്‍ന്ന നേതാക്കളുടെ യോഗത്തിലാണ് ശശി തരൂരിന്റെ വിഷയവും ചര്‍ച്ചയായത്. ശശി തരൂരും ഈ യോഗത്തില്‍ പങ്കെടുത്തിരുന്നു. പാര്‍ട്ടി നിലപാടിന് വിരുദ്ധമായ പ്രസ്താവനകള്‍ വ്യക്തിപരമായി നടത്തരുതെന്ന് യോഗത്തില്‍ ശശി തരൂരിനോട് നിർദേശിച്ചു.
ഇന്ത്യ-പാക് സംഘര്‍ഷവുമായി ബന്ധപ്പെട്ട് മൂന്നോ നാലോ തവണ ശശി തരൂര്‍ അഭിപ്രായം പറഞ്ഞിരുന്നു. കോണ്‍ഗ്രസിന്റെ നിലപാടിന് വിരുദ്ധമായി സ്വന്തം അഭിപ്രായമാണ് അദ്ദേഹം പറഞ്ഞിരുന്നത്.
പാകിസ്താനുമായുള്ള വെടിനിര്‍ത്തലിന് പിന്നാലെ 1971-ല്‍ ഇന്ദിരാഗാന്ധി സ്വീകരിച്ച നിലപാട് കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടിയിരുന്നു. എന്നാല്‍, 1971-ലെ സാഹചര്യമല്ല 2025-ലേതെന്നും ഒരുപാട് വ്യത്യാസങ്ങളുണ്ടെന്നുമാണ് ഇതുസംബന്ധിച്ച് ശശി തരൂര്‍ അഭിപ്രായപ്പെട്ടത്. ഇതിനുപിന്നാലെയാണ് ബുധനാഴ്ച ചേര്‍ന്ന മുതിര്‍ന്ന നേതാക്കളുടെ യോഗത്തില്‍ തരൂരിന് താക്കീത് നല്‍കിയത്.
അതേസമയം, ഇന്ദിരാഗാന്ധിയുമായി ബന്ധപ്പെട്ട പ്രസ്താവന മാത്രമല്ല, ഏതാനുംനാളുകളായി തരൂര്‍ നടത്തിയ പലപ്രസ്താവനകളും കണക്കിലെടുത്താണ് പാര്‍ട്ടി നേതൃത്വം തരൂരിനെ വിമര്‍ശിക്കുകയും താക്കീത് നല്‍കുകയുംചെയ്തതെന്നും വിവരമുണ്ട്.