India

ഓപ്പറേഷൻ സിന്ദൂര്‍: പാക്ക് വ്യോമസേനയ്ക്ക് വൻ നാശം; പാക് വ്യോമസേനയുടെ 20% അടിസ്ഥാന സൗകര്യങ്ങളും തകര്‍ന്നെന്ന് കേന്ദ്രം

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യന്‍ തിരിച്ചടിയില്‍ പാകിസ്താന്‍ വ്യോമസേനയുടെ 20 ശതമാനം അടിസ്ഥാന സൗകര്യങ്ങളും തകര്‍ന്നെന്ന് കേന്ദ്രം. ഇന്ത്യയുടെ ശക്തമായ പ്രത്യാക്രമണം പാക് വ്യോമസേനയ്ക്കു വലിയ നഷ്ടമുണ്ടാക്കിയെന്നാണ് കേന്ദ്രം വിവരം പങ്കുവെക്കുന്നത്. വ്യോമതാവളങ്ങളിലെ റൺവേ, കെട്ടിടങ്ങൾ, റോഡുകൾ തുടങ്ങിയവ തകർന്നു. യുദ്ധവിമാനങ്ങൾക്കും നഷ്ടം സംഭവിച്ചു.

അടിസ്ഥാന സൗകര്യങ്ങളിലും നിരീക്ഷണ സംവിധാനങ്ങളിലുമടക്കം വ്യോമസേനയ്ക്ക് 20 ശതമാനത്തോളം നഷ്ടമുണ്ടായി. വ്യോമതാവളങ്ങളിലുണ്ടായിരുന്ന എഫ്-16, ജെ-17 ഉൾപ്പെടെ നിരവധി യുദ്ധവിമാനങ്ങളും തകർന്നു. നിയന്ത്രണ രേഖയിൽ നടത്തിയ തിരിച്ചടിയിൽ ഭീകരരുടെ ബങ്കറുകളും പാക് സൈനിക പോസ്റ്റുകളും തകർത്തതായും കേന്ദ്രം അറിയിച്ചു. ഈ മാസം 10നു പുലർച്ചെ ഇന്ത്യൻ വ്യോമസേന പാക്കിസ്ഥാനിലെ 11 വ്യോമകേന്ദ്രങ്ങളെയാണു ലക്ഷ്യമിട്ടത്. ഇതിനു പിന്നാലെയാണു പാക്കിസ്ഥാൻ ചർച്ചകൾക്കു തയാറായത്.

ഇന്ത്യയുടെ ആക്രമണത്തിൽ 51 പേർ കൊല്ലപ്പെട്ടെന്നു പാക്ക് വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 11 പേർ സേനാംഗങ്ങളാണ്; 40 സാധാരണക്കാരും. പാക്ക് വ്യോമകേന്ദ്രങ്ങൾ തകർന്നതിന്റെ സാറ്റലൈറ്റ് ചിത്രങ്ങൾ ഇന്ത്യ പുറത്തുവിട്ടിരുന്നു.