Kerala

അഭിഭാഷകയെ മർദ്ദിച്ച കേസ്: രണ്ടുദിവസമായിട്ടും പ്രതിയെ പിടികൂടാനാകാതെ പൊലീസ്‌

തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂരിൽ യുവ അഭിഭാഷയെ മർദ്ദിച്ച കേസിലെ പ്രതി ബെയ്ലിൻ ദാസിനെ പിടികൂടാനാകാതെ പൊലീസ്. സംസ്ഥാന വ്യാപകമായി തെരച്ചിൽ നടത്തുകയാണെന്ന് പൊലീസ് പറയുയുമ്പോഴും ബെയ്ലി ദാസിനെ കണ്ടെത്താൻ രണ്ടും ദിവസമായിട്ടും പൊലീസിന് കഴിഞ്ഞിട്ടില്ല. പ്രതി മുൻകൂർ ജാമ്യത്തിനായി സെഷൻസ് കോടതിയെയോ ഹൈക്കോടതിയെയോ സമീപിക്കുമെന്ന സൂചനയുണ്ട്. അഭിഭാഷകനെ മർദ്ദിച്ച ശേഷം വഞ്ചിയൂരുള്ള ഓഫീസിൽ നിന്നും കാറിൽ രക്ഷപ്പെട്ട പ്രതി കഴക്കൂട്ടം വരെ എത്തിയിരുന്നു. ഇവിടെ നിന്നും മറ്റൊരു വാഹനത്തിൽ കയറി എറണാകുളം ഭാഗത്തേക്ക് രക്ഷപ്പെട്ടുവെന്നാണ് സൂചന.

നിയമപരമായി ഒരു തരത്തിലുമുള്ള വിട്ടുവീഴ്ചക്കില്ലെന്ന നിലപാടിലാണ് പരാതിക്കാരി. കോടതികളിൽ ഹാജരാകുന്നതിൽ നിന്ന് ബെയിലിൻ ദാസിനെ ബാർ കൗൺസിൽ വിലക്കിയിരുന്നു. അടിയന്തര ബാർ കൗൺസിൽ യോഗം ചേർന്നാണ് നടപടി എടുത്തത്. പ്രതിക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. നടന്നത് അസാധാരണ സംഭവമെന്നും യോഗം വിലയിരുത്തി.

അതേസമയം, അഭിഭാഷകയെ മർദ്ദിച്ച സംഭവം ചർച്ച ചെയ്യാൻ ബാർ അസോസിയേഷൻ ഇന്ന് അടിയന്തര ജനറൽ ബോ‍ഡി വിളിച്ചിട്ടുണ്ട്. അസോസിയേഷനിൽ നിന്നും സസ്പെൻഡ് ചെയ്യപ്പെട്ട ബെയ്ലി ദാസിനെ പുറത്താക്കണമെന്ന പ്രമേയം ജനറൽ ബ‍ോഡി ചർച്ച ചെയ്യും.