ചർമത്തിൽ കാണപ്പെടുന്ന ചെറിയ വളർച്ചകളെയാണ് പാലുണ്ണി എന്ന് പറയുന്നത്. കഴുത്ത്, കക്ഷം, കൺപോള, കാലിന്റെ മടക്കുകൾ എന്നിവിടങ്ങളിലെ തൊലിയിൽ നിന്ന് അല്പം തൂങ്ങി നിൽക്കുന്ന രീതിയിൽ ആവും ഇവ കാണപ്പെടുക. മിക്കവാറും ഒന്നിൽ കൂടുതൽ പാലുണ്ണികൾ ഉണ്ടാവും.
തൊലിയുടെ നിറത്തിലോ, കറുത്ത നിറത്തിലോ പാലുണ്ണികൾ കാണാൻ സാധിക്കും. ചെറിയ വലുപ്പത്തിൽ തുടങ്ങി മാസങ്ങൾ എടുത്ത് ഇവ പതുക്കെ വലുതാകും. മധ്യവയ്സ്കരിൽ ആണ് പാലുണ്ണികൾ കൂടുതലായി കാണുന്നത്.
ശരീര ഭാരം കൂടുതൽ ഉള്ളവരിൽ ആണ് പാലുണ്ണികൾ ധാരാളമായി കാണുന്നത്. ശരീരത്തിൽ കൂടുതൽ ഉള്ള കൊഴുപ്പ് കഴുത്ത്, കക്ഷം പോലുള്ള സ്ഥലങ്ങളിൽ തൊലിയുടെ കട്ടി കൂടുന്നതിനും തുടർന്ന് ചർമത്തിൽ നിന്ന് വളർച്ചകൾ ഉണ്ടാകുന്നതിനും കാരണമാകും. ഈ തരത്തിൽ ഉണ്ടാകുന്ന പാലുണ്ണികൾ പ്രമേഹം, ഹൃദ്രോഗം പോലുള്ള ജീവിത ശൈലി രോഗങ്ങൾക്കുള്ള സാധ്യതയെ കാണിക്കുന്നു.
തൈറോയ്ഡ് രോഗങ്ങൾ, സ്ത്രീകളിൽ ഉണ്ടാകാവുന്ന ഹോർമോൺ രോഗങ്ങൾ, ഗർഭകാലം എന്നിവയുടെ ഭാഗമായും പാലുണ്ണി ശരീത്തിൽ ഉണ്ടാകാറുണ്ട്. ചിലരിൽ ജന്മനാ പാലുണ്ണികൾ കണ്ടു വരാറുണ്ട്.
പാലുണ്ണി പടരില്ല. എങ്കിലും അമിതമായ ശരീരഭാരം, പൊണ്ണത്തടി തുടങ്ങിയ കാരണങ്ങളാൽ പുതിയത് വരാവുന്നതാണ്.
പാലുണ്ണികൾ നീക്കം ചെയ്യാൻ പല തരത്തിലുള്ള ചികിത്സകൾ ലഭ്യമാണ്. അണുബാധ തടയുന്നതിനുള്ള മാർഗങ്ങൾ സ്വീകരിച്ചു വേണം ഇവൻ നീക്കം ചെയ്യാൻ. ഇലക്ട്രോ സർജറി – റേഡിയോ ഫ്രീക്ൻസി അബ്ലേഷൻ, ക്രയോതെറാപ്പി, ലേസർ അബ്ലേഷൻ, ചില മരുന്നുകൾ ഉപയോഗിച്ചും ചെറിയ പാലുണ്ണികൾ നീക്കം ചെയ്യാൻ സാധിക്കും. അനുയോജ്യമായ ചികിത്സ ചർമ രോഗ വിദഗ്ധനെ സമീപിച്ചു ചെയ്യാവുന്നതാണ്.