വ്യായാമം ചെയ്യുമ്പോൾ സ്വാഭാവികമായും എല്ലാവരും വിയർക്കുകയും ഇതുമൂലം ഇട്ടിരിക്കുന്ന വസ്ത്രങ്ങൾ ചെറുതായി നനയുകയും ചെയ്യും. ചിലർ വ്യായാമം കഴിഞ്ഞു വന്നാൽ ഉടൻ ഈ വസ്ത്രങ്ങൾ അലക്കാനിടും. മറ്റു ചിലരാകട്ടെ അത് എവിടെയെങ്കിലും ഉണങ്ങാൻ വിരിച്ച ശേഷം പിറ്റേദിവസം അതേ വസ്ത്രങ്ങൾ തന്നെ വീണ്ടും ഉപയോഗിക്കും.
നടത്തം, യോഗ പോലുള്ള ലഘുവായ വ്യായാമങ്ങൾ കുറച്ചു മാത്രം വിയർപ്പേ ഉണ്ടാക്കൂ എന്നതിനാൽ അത്തരം വ്യായാമങ്ങൾ ചെയ്യുന്നവർക്ക് വസ്ത്രങ്ങൾ അലക്കാതെ വീണ്ടും ഉപയോഗിക്കാൻ സാധിക്കും.
എന്നാൽ തീവ്രത കൂടിയ തരം വ്യായാമം ചെയ്യുന്നവരുടെ വസ്ത്രത്തിൽ വിയർപ്പും ഈർപ്പവും ബാക്ടീരിയയും കൂടുതലായിരിക്കും. അത്തരം വ്യായാമങ്ങൾ ചെയ്യുന്നവർ ഓരോ ദിവസവും വസ്ത്രം മാറുന്നത് നന്നായിരിക്കും.
താപനില, അന്തരീക്ഷത്തിലെ ഈർപ്പം, വായുപ്രവാഹം എന്നിവയെല്ലാം തുണികളിലെ ബാക്ടീരിയ വളർച്ചയെ സ്വാധീനിക്കാം. തണുപ്പുള്ള കാലാവസ്ഥയിൽ വിയർപ്പും ഈർപ്പവും കുറവാണെന്നതിനാൽ വസ്ത്രങ്ങൾ ഏതാനും തവണ വീണ്ടും ഉപയോഗിക്കാൻ സാധിക്കുന്നതാണ്. വേനലിൽ വസ്ത്രങ്ങൾ ഇട്ടിട്ട് അലക്കിയ ശേഷം മാത്രമേ ഉപയോഗിക്കാവൂ.
ബ്രാ, അണ്ടർവെയർ, സ്പോർട്സ് ബ്രാ പോലുള്ള അടിവസ്ത്രങ്ങളും സോക്സുമെല്ലാം നിർബന്ധമായും ഓരോ തവണ ഉപയോഗിച്ച ശേഷവും അലക്കേണ്ടതാണ്. തുണിയിൽ നിന്ന് മണം വരുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പിന്നെ ഏത് സാഹചര്യത്തിലായാലും അലക്കാതെ അവ വീണ്ടും ഉപയോഗിക്കരുത്.
ഒന്നിലധികം തവണ വസ്ത്രം അലക്കാതെ ഉപയോഗിക്കുന്നവർ ഉടുപ്പ് അകംപുറം തിരിച്ചിട്ട് അത് ഉണക്കാൻ ഇടേണ്ടതാണ്. ഇത് അണുക്കൾ കാറ്റും വെയിലും കൊണ്ട് കുറയാൻ സഹായിക്കും. നല്ല കാറ്റോട്ടമുള്ള ഇടത്ത് മാത്രമേ ഉപയോഗിച്ച വസ്ത്രങ്ങൾ സൂക്ഷിക്കാവൂ. ഇടാത്ത വസ്ത്രങ്ങൾ അലക്കാത്ത വസ്ത്രങ്ങൾക്ക് സമീപം സൂക്ഷിക്കാതിരിക്കാനും ശ്രദ്ധിക്കണം.