ഡൽഹി: കേണൽ സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ മന്ത്രി വിജയ് ഷാക്കെതിരെ കേസെടുത്ത് പൊലീസ്. മധ്യപ്രദേശിലെ മാൻപൂർ പൊലീസാണ് കേസെടുത്തത്. ഹൈക്കോടതി നിര്‍ദേശത്തിന് പിന്നാലെയാണ് നടപടി. പരാമര്‍ശം മതസ്പര്‍ധയും സമൂഹത്തില്‍ വിള്ളലുണ്ടാക്കാന്‍ ശേഷിയുള്ളതെന്നും വ്യക്തമാക്കിയാണ് കേസെടുക്കാന്‍ കോടതി നിര്‍ദേശം നല്‍കിയത്. കേണൽ സോഫിയക്കെതിരായ പരാമർശം വലിയ രീതിയിൽ വിമിർശനങ്ങൾക്ക് വഴി വെച്ചിരുന്നു.
കഴിഞ്ഞദിവസമാണ് മധ്യപ്രദേശിലെ മന്ത്രി വിജയ് ഷാ കേണല്‍ ഖുറേഷിക്കെതിരേ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയത്. മധ്യപ്രദേശിലെ ഗോത്രകാര്യ മന്ത്രിയായ വിജയ് ഷാ ചൊവ്വാഴ്ച മൗവിലെ ഒരു സാംസ്കാരിക പരിപാടിയിൽ സംസാരിക്കവേയാണ് കേണൽ സോഫിയ ഖുറേഷിയെക്കുറിച്ച് അപകീർത്തികരവും സ്ത്രീവിരുദ്ധവുമായ പരാമർശങ്ങൾ നടത്തിയത്. ‘പാക് ഭീകരവാദികൾ നമ്മുടെ സഹോദരിമാരുടെയും പെൺമക്കളുടെയും സിന്ദൂരം മായ്ച്ചു. ഭീകരവാദികൾ ഹിന്ദുക്കളെ വിവസ്ത്രരാക്കി കൊലപ്പെടുത്തി. എന്നാൽ മോദിജി അവരുടെ തന്നെ സഹോദരിയെ അങ്ങോട്ടേക്കയച്ച് പ്രതികാരം ചെയ്യു, അങ്ങനെ പാകിസ്ഥാനെ പാഠം പഠിപ്പിച്ചു’- എന്നുമായിരുന്നു മന്ത്രിയുടെ പ്രസ്‌താവന.
കേണൽ സോഫിയ ഖുറേഷിയെ ഭീകരവാദികളുടെ സഹോദരിയെന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള മന്ത്രിയുടെ ഈ പ്രസ്താവന വലിയ വിവാദമായിരുന്നു. ഈ പരാമര്‍ശം വിവാദമായതോടെ മന്ത്രി വിജയ് ഷാ മാപ്പ് പറയുകയും ചെയ്തിരുന്നു. ഓപ്പറേഷന്‍ സിന്ദൂറിനേക്കുറിച്ചുള്ള വാര്‍ത്താ സമ്മേളനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് കേണല്‍ സോഫിയ ഖുറേഷിയായിരുന്നു.
സൈനിക മേധാവികളും പ്രതിപക്ഷ പാർട്ടികളും ഷായുടെ പരാമർശത്തെ ശക്തമായി അപലപിച്ചിരുന്നു. കൻവാർ വിജയ് ഷായെ മധ്യപ്രദേശ് മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടിരുന്നു. ബിജെപിയും ആര്‍എസ്എസും സ്ത്രീവിരുദ്ധ മനോഭാവം പുലര്‍ത്തുന്നുവരാണെന്നും ഖര്‍ഗെ കുറ്റപ്പെടുത്തി.