Health

തലയിണ വയ്ക്കാതെ ഉറങ്ങുന്നത് നട്ടെല്ലിന് നല്ലതോ ചീത്തയോ?

തലയിണ ഇല്ലാതെ ഉറങ്ങുന്ന കാര്യം പലർക്കും ആലോചിക്കാനേ സാധിക്കില്ല. ഉറക്കം ശരിയാകണമെങ്കിൽ തലയിണ പലർക്കും കൂടിയേ തീരൂ. എന്നാൽ തലയിണ വയ്ക്കാതെ ഉറങ്ങുന്നവരും ഉണ്ട്. തലയിണ വയ്ക്കാതെ ഉറങ്ങുന്നത്നട്ടെല്ലിന് നല്ലതോ ചീത്തയോ എന്നത് പലരുടെയും സംശയമാണ്. പ്രധാനമായും ഓരോരുത്തരുടെയും ഉറങ്ങുന്ന നിലയെയും സൗകര്യത്തെയും ആശ്രയിച്ചിരിക്കും അത്. തലയിണ വയ്ക്കാതെ ഉറങ്ങുന്നതുകൊണ്ടുള്ള ഗുണങ്ങളും ദോഷങ്ങളും എന്തൊക്കെയാണെന്ന് നോക്കാം.

തലയിണ ഇല്ലാതെ ഉറങ്ങാൻ ശീലിക്കാം. അതിനായി ആദ്യം തലയിണ പൂർണമായും ഒഴിവാക്കും മുൻപ് കനം കുറഞ്ഞ ഒരു തലയിണ ഉപയോഗിക്കാം. ഇത് പുതിയ അവസ്ഥയുമായി നട്ടെല്ലിനും കഴുത്തിനും അഡ്ജസ്റ്റ് ചെയ്യാൻ സഹായകമാകും.

തലയിണ ഇല്ലാതെ തന്നെ നട്ടെല്ലിന് ശരിയായ നില കൈവരാൻ കട്ടിയുള്ള കിടക്ക ഉപയോഗിക്കാം. തലയിണ ഉപയോഗിക്കാതെയിരിക്കുമ്പോൾ കഴുത്തിന് താങ്ങ് വേണം എന്നു തോന്നിയാൽ ഒരു ടവൽ റോൾ ചെയ്ത് കഴുത്തിന് താഴെ അല്‍പം ഉയർത്തി വയ്ക്കാം.

തലയിണയില്ലാതെ ഉറങ്ങുന്നത് തുടർച്ചയായി വേദനയും അസ്വസ്ഥതയും ഉണ്ടാകുന്നുണ്ടെങ്കിൽ ഒരു ലോ ലോഫ്റ്റ് തലയിണ ഉപയോഗിക്കാം. ഒപ്പം വിദഗ്ധോപദേശവും സ്വീകരിക്കാം.

തലയിണ ഇല്ലാതെ ഉറങ്ങുമ്പോൾ നട്ടെല്ല് ഒരു ന്യൂട്രൽ പൊസിഷനിൽ ആകും. അതുകൊണ്ട് വേദനയോ നട്ടെല്ലിനു സമ്മർദമോ ഉണ്ടാവുകയില്ല.

ഉയരമുള്ള ഒരു തലയിണ ഉപയോഗിക്കുമ്പോൾ അത് നട്ടെല്ലിന്റെ വിന്ന്യാസത്തിൽ മാറ്റം വരുത്തും. അസ്വസ്ഥതയുണ്ടാക്കും. തലയിണ ഒഴിവാക്കുന്നതു വഴി കഴുത്തിനുണ്ടാകുന്ന സമ്മർദം കുറയ്ക്കാനും കഴുത്തുവേദന ഇല്ലാതാക്കാനും സഹായിക്കും.

ചരിഞ്ഞു കിടന്ന് ഉറങ്ങുന്നവർക്ക് തലയിണ ഇല്ലാതെ കിടക്കുന്നത് ആയാസമുണ്ടാക്കും. അവരുടെ തലയ്ക്ക് ഒരു സപ്പോർട്ട് ആവശ്യമാണ്. എങ്കിൽ മാത്രമേ നട്ടെല്ലുമായി ശരിയായി ചേർന്നു വരികയുള്ളൂ. സപ്പോർട്ട് ഇല്ലാത്തത് കഴുത്തിനും തോളുകൾക്കും വേദനയുണ്ടാക്കും.