ഡൽഹി: നിയമസഭകൾ പാസ്സാക്കുന്ന ബില്ലുകളിൽ തീരുമാനം എടുക്കാൻ രാഷ്ട്രപതിക്കും ഗവർണർമാർക്കും സമയപരിധി നിശ്ചയിച്ച് കൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് എതിരെ രാഷ്ടപതി ദ്രൗപദി മുർമുവിന്റെ നിർണ്ണായക നീക്കം. നിയമസഭകൾ പാസ്സാക്കുന്ന ബില്ലുകളിൽ തീരുമാനം എടുക്കാൻ രാഷ്ട്രപതിക്കും ഗവർണർമാർക്കും സമയപരിധി നിശ്ചയിച്ച് കൊണ്ടുള്ള സുപ്രീം കോടതി വിധി ചോദ്യം ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുർമു. തീരുമാനം ചോദ്യം ചെയ്ത് രാഷ്ട്രപതി, പ്രസിഡൻഷ്യൽ റഫറൻസിനുള്ള സവിശേഷ അധികാരം ഉപയോഗിച്ച് പതിനാല് ചോദ്യങ്ങൾ ഉന്നയിച്ച് സുപ്രീം കോടതിയെ സമീപിച്ചു. ഭരണഘടനയിൽ ഇല്ലാത്ത സമയപരിധി കോടതിക്ക് നിർവചിക്കാനാകുമോ എന്നും രാഷ്ട്രപതി ചോദിക്കുന്നു.
ഭരണഘടനയുടെ 200, 201 വകുപ്പുകൾ പ്രകാരം നിയമസഭകൾ പാസ്സാക്കുന്ന ബില്ലുകളിൽ തീരുമാനം എടുക്കാൻ സമയപരിധി ഇല്ലെന്ന് സുപ്രീം കോടതിക്ക് കൈമാറിയ റെഫറൻസിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രാജ്യത്തിന്റെ അഖണ്ഡത, സുരക്ഷ, ഫെഡറലിസം, നിയമങ്ങളുടെ ഏകീകരണം തുടങ്ങിയ ബഹുമുഖ ഘടകങ്ങൾ കണക്കിലെടുത്തതാണ് രാഷ്ട്രപതിയും ഗവർണർമാരും വിവേചന അധികാരം ഉപയോഗിക്കുന്നതെന്നും രാഷ്‌ട്രപതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
നിയമസഭകൾ പാസ്സാക്കുന്ന ബില്ലുകളിൽ തീരുമാനം എടുക്കുന്നതിന് രാഷ്ട്രപതിക്കും, ഗവർണർമാർക്കും സമയ പരിധി നിശ്ചയിച്ച് കൊണ്ടുള്ള ഉത്തരവ് തമിഴ് നാട് ഗവർണർ കേസിൽ പുറപ്പെടുവിച്ചത് ജസ്റ്റിസ് മാരായ ജി ബി പർഡിവാല, ആർ മഹാദേവൻ എന്നിവർ അടങ്ങിയ സുപ്രീം കോടതി ബെഞ്ച് ആണ്. ഈ ബെഞ്ച് പുറപ്പെടുവിച്ച വിധിക്ക് എതിരെ സർക്കാരിന് പുനഃപരിശോധന ഹർജി നൽകാവുന്നത് ആയിരുന്നു. എന്നാൽ പുനഃപരിശോധന ഹർജി അതെ ബെഞ്ച് തന്നെ പരിഗണിക്കും എന്നതിനാൽ അതിൽ അനുകൂല ഉത്തരവ് ഉണ്ടാകാൻ സാധ്യത കുറവാണ് എന്ന വിലയിരുത്തൽ കേന്ദ്ര സർക്കാരിന് ഉണ്ടായിരുന്നു. ഈ സാഹചര്യത്തിൽ ആണ് രാഷ്ട്രപതിയുടെ നിർണായക നീക്കം.