കണ്ണൂര്‍: കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ അതൃപ്തി പരസ്യമാക്കി കെ സുധാകരന്‍. അധ്യക്ഷസ്ഥാനത്തുനിന്ന് മാറണമെന്ന് താൻ ആഗ്രഹിച്ചിട്ടില്ലെന്നും ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും സുധാകരൻ പറഞ്ഞു. നേരത്തെ അറിയിക്കാതെയുള്ള തീരുമാനം മാനസിക പ്രയാസമുണ്ടാക്കിയെന്നും സുധാകരന്‍ പറഞ്ഞു. സംസ്ഥാനത്ത് സംഘടനാപരമായി പോരായ്മ ഉണ്ടെന്ന് ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു നേതാവ് നിരന്തരമായി എഐസിസി നേതൃത്വത്തെ അറിയിച്ചു. ഡല്‍ഹിയിലെ യോഗത്തില്‍ പോകുന്നതില്‍ അര്‍ത്ഥമില്ല എന്ന് കരുതിയതുകൊണ്ടാണ് പോകാതിരുന്നതെന്നും കെ സുധാകരന്‍ തുറന്നടിച്ചു. കെപിസിസി അധ്യക്ഷസ്ഥാനം ഒഴിഞ്ഞതിനുശേഷമുള്ള ആദ്യ അഭിമുഖത്തിലാണ് സുധാകരന്റെ പ്രതികരണം.
ന്നെ മാറ്റാന്‍ പാര്‍ട്ടിക്കുള്ളില്‍ ശ്രമം നടന്നിരുന്നു എന്ന് തന്നെയാണ് വിശ്വസിക്കുന്നതെന്നും കെ സുധാകരന്‍ തുറന്നടിച്ചു. എനിക്ക് കിട്ടുന്ന ചില വിവരങ്ങള്‍ അങ്ങനെയാണ്. എന്നാല്‍ അതൊരു വിഷയമാക്കാന്‍ ആഗ്രഹിക്കുന്നില്ല. സ്വാര്‍ഥ താത്പര്യമുള്ള ചില നേതാക്കളാണ് തന്നെ മാറ്റിയതിന് പിന്നിലെന്ന് വിശ്വസിക്കുന്നു. വ്യക്തിപരമായ ചില ലക്ഷ്യങ്ങളുള്ളവരുടെ നീക്കമാണിത്. നിരാശ മറച്ചുവെക്കേണ്ട കാര്യമില്ല – കെ സുധാകരന്‍ പറഞ്ഞു.
പാർട്ടി ആവശ്യപ്പെട്ടാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇനിയും മത്സരിക്കും. പുതിയ വർക്കിങ് പ്രസിഡന്‍റുമാര്‍ കഴിവുള്ളവരാണ്. അതുപോലൊരു ടീം തനിക്ക് ഉണ്ടായിരുന്നെങ്കിൽ കുറേക്കൂടി റിസൾട്ട് ഉണ്ടാക്കാൻ കഴിയുമായിരുന്നെന്നും കെ.സുധാകരൻ പറഞ്ഞു.
‘തന്‍റെ നേതൃത്വം കേരളത്തിൽ ആവശ്യമായിരുന്നു. തന്നെപ്പോലെ സിപിഎമ്മുമായി ഫൈറ്റ് ചെയ്ത മറ്റ് ഏത് അധ്യക്ഷൻ ഉണ്ട്? ആ അംഗീകാരം എങ്കിലും തനിക്ക് ലഭിക്കുമെന്ന് കരുതി, പക്ഷെ തെറ്റി, പിണറായിയോട് നേരിട്ട് ഫൈറ്റ് ചെയ്യാൻ കേരളത്തിലെ കോൺഗ്രസിൽ വേറെ ഏത് നേതാവുണ്ടെന്നും സുധാകരന്‍ ചോദിച്ചു. പ്രത്യേകിച്ച് കാര്യമൊന്നുമില്ലാത്തതിനാലാണ് ഡൽഹിയിൽ പോകാതിരുന്നതെന്നും സുധാകരൻ പറഞ്ഞു.