ഒരു കാലത്ത് സെഡാൻ മോഡൽ കാറുകളിൽ വിപ്ലവകരമായ മുന്നേറ്റമാണ് ഹോണ്ടാ അമേസ് നടത്തിയത്. ആകാര ഭംഗിയിലും പെർഫോമൻസിലും സിറ്റിയെ പോലെ തന്നെയായിരുന്നു ഇതും. അതുകൊണ്ട് ഒരു സമയത്തെ ട്രെൻഡ് സെറ്ററും ഇതായിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശുഭകരമല്ലാത്ത ചില വാർത്തകളാണ് പ്രചരിക്കുന്നത്. അമേസിൻ്റെ വില്‍പ്പന ഹോണ്ട നിര്‍ത്തിയെന്നും പ്രധാനപ്പെട്ട വേരിയന്റുകൾ വിപണിയിൽ നിന്നു പിൻവലിച്ചുമെന്നുമാണ് അവ. എന്നാൽ ആ വാർത്തകളുടെ സത്യം ഇങ്ങനെയാണ്.
അമേസിൻ്റെ വില്‍പ്പന പൂര്‍ണമായും നിര്‍ത്തലാക്കാൻ കമ്പനി തീരുമാനിച്ചിട്ടില്ല. രണ്ടാം തലമുറ ഹോണ്ട അമേസിന്റെ VX വേരിയന്റിന്റെ ഉത്പാദനം നിർത്താനാണ് ഹോണ്ട കാർസ് ഇന്ത്യ ഇപ്പോള്‍ തീരുമാനമെടുത്തിരിക്കുന്നത്. അതിനാൽ S ട്രിം മാത്രമേ ഇനി വിപണിയില്‍ തുടരുകയുള്ളു. 2024 ഡിസംബറിൽ അനാച്ഛാദനം ചെയ്ത മൂന്നാം തലമുറ ഹോണ്ട അമേസിന്റെ വരവോടെയാണ് കമ്പനിയുടെ ഈ നീക്കം. പുതിയ മോഡൽ V, VX, ZX എന്നീ മൂന്ന് വേരിയന്റുകളിലാണ് വരുന്നത്. നൂതന ഡ്രൈവർ എയ്ഡ്സ് സിസ്റ്റം ഉൾപ്പെടെയുള്ള നിരവധി അപ്‌ഗ്രേഡ് സവിശേഷതകൾ ഈ മോഡലുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത്തരം സാങ്കേതികവിദ്യയുള്ള ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന കാറായിട്ടാണ് ഇതിനെ അടയാളപ്പെടുത്തുക. 8.19 ലക്ഷം മുതൽ 11.20 ലക്ഷം രൂപ വരെയാണ് മൂന്നാം തലമുറ ഹോണ്ട അമേസിന്റെ എക്സ്-ഷോറൂം വില.
രണ്ടാം തലമുറ ഹോണ്ട അമേസ് 2018ലാണ് ലോഞ്ച് ചെയ്തത്. പിന്നീട് 2021ൽ മോഡലിന് ഒരു ഫെയ്‌സ്‌ലിഫ്റ്റ് ലഭിച്ചിരുന്നു. ഇത് E, S, VX മൂന്ന് ട്രിമ്മുകളിൽ ലഭ്യമായിരുന്നു. എന്നാല്‍ 2023ഓടെ, E വേരിയൻ്റ് കമ്പനി നിർത്തലാക്കി. അടുത്തിടെ, VX വേരിയന്റും ലൈനപ്പിൽ നിന്ന് കമ്പനി നീക്കം ചെയ്തു, കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സ്ഥിരീകരിച്ചതുപോലെ. നിലവിൽ, 2024 മോഡലുകൾക്കൊപ്പം വിൽക്കുന്ന രണ്ടാം തലമുറ നിരയിൽ നിന്നുള്ള ഏക ഓപ്ഷൻ 2021 ഹോണ്ട അമേസിന്റെ S ട്രിം മാത്രമാണ്.
89 bhp കരുത്തും 110 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് 2021 ഹോണ്ട അമേസ് S ട്രിമിന് കരുത്ത് പകരുന്നത്. ഈ എഞ്ചിൻ 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായോ CVTയുമായോ ജോടിയാക്കാം. മാനുവലിന് 7.63 ലക്ഷം രൂപയും CVT ഓപ്ഷന് 8.53 ലക്ഷം രൂപയുമാണ് വില. ഇൻ്റീരീയറിലേക്ക് വന്നാല്‍, S ട്രിമിൽ ഓക്സ്-ഇൻ, ബ്ലൂടൂത്ത്, യുഎസ്ബി കണക്റ്റിവിറ്റിയുള്ള ഇന്റഗ്രേറ്റഡ് 2DIN LCD സ്ക്രീൻ ഓഡിയോ സിസ്റ്റം, സ്റ്റിയറിംഗ്-മൗണ്ടഡ് ഓഡിയോ, ഹാൻഡ്‌സ്-ഫ്രീ ടെലിഫോൺ നിയന്ത്രണങ്ങൾ, ടിൽറ്റ്-അഡ്ജസ്റ്റ് ചെയ്യാവുന്ന സ്റ്റിയറിംഗ് വീൽ, മെച്ചപ്പെട്ട സുഖസൗകര്യങ്ങൾക്കായി ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ് തുടങ്ങിയ നിരവധി സൗകര്യങ്ങളുണ്ട്. കപ്പ്ഹോൾഡറുള്ള പിൻ സെന്റർ ഫോൾഡബിൾ ആംറെസ്റ്റ്, ഫ്രണ്ട്, റിയർ ആക്സസറി സോക്കറ്റുകൾ, ഡ്യുവൽ-ടോൺ ബ്ലാക്ക് ആൻഡ് ബീജ് ഇൻസ്ട്രുമെന്റ് പാനൽ എന്നിവ അധിക സൗകര്യങ്ങളിൽ ഉൾപ്പെടുന്നു.
മൂന്നാം തലമുറ ഹോണ്ട അമേസിന്റെ വരവോടെ കോംപാക്റ്റ് സെഡാൻ വിഭാഗത്തിന് നിരവധി നൂതന സവിശേഷതകൾ അവതരിപ്പിക്കപ്പെടുകയാണ്. അഡ്വാൻസ്ഡ് ഡ്രൈവർ എയ്ഡ്സ് സിസ്റ്റം ഉൾപ്പെടുന്ന ഇന്ത്യയിലെ ഏറ്റവും മത്സരാധിഷ്ഠിത വിലയുള്ള വാഹനമായി ഇത് മാറുന്നു എന്നത് ശ്രദ്ധേയമാണ്. കൂടാതെ, എൽഇഡി ലൈറ്റിംഗ്, വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പ്രൊജക്ടർ ഫോഗ് ലാമ്പുകൾ, റിമോട്ട് എഞ്ചിൻ സ്റ്റാർട്ട്, സെമി-ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, കണക്റ്റഡ് കാർ സാങ്കേതികവിദ്യ, 6-സ്പീക്കർ സൗണ്ട് സിസ്റ്റം, ലെയ്ൻ വാച്ച് ക്യാമറ എന്നിവയും പുതിയ അമേസിൽ ഉൾപ്പെടുന്നു.ഇവയെല്ലാം ഡ്രൈവിംഗ് അനുഭവം മെച്ചപ്പെടുത്തുകയെന്നതാണ് ലക്ഷ്യമിടുന്നത്.
content highlight: HONDA AMAZE