Automobile

ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്തതില്‍ 11.33% ഇലക്ട്രിക് വാഹനങ്ങള്‍, വാഹന വിപണിയിൽ കുതിച്ച് കേരളം

കേരളത്തില്‍ ഈ വര്‍ഷം മാര്‍ച്ച് വരെ രജിസ്റ്റര്‍ ചെയ്തതില്‍ 11 ശതമാനത്തിലേറെയും ഇലക്ട്രിക് വാഹനങ്ങള്‍. 1,56,666 വാഹനങ്ങളാണ് മൂന്നുമാസത്തിനിടെ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 17,745 എണ്ണം (11.33 ശതമാനം) ഇലക്ട്രിക് വിഭാഗത്തിലുള്ളതാണ്. സംസ്ഥാനത്ത് ആകെ 2.30 ലക്ഷം ഇലക്ട്രിക് വാഹനങ്ങളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

2021 വരെ 13,582 വൈദ്യുത വാഹനങ്ങള്‍ മാത്രമേ രജിസ്റ്റര്‍ ചെയ്തിരുന്നുള്ളൂ. 2022- ല്‍ 5.05 ശതമാനമായി ഈ വിഭാഗത്തിലെ രജിസ്‌ട്രേഷന്‍. അതായത് 7,84,080 വാഹനങ്ങളില്‍ 39,632 എണ്ണം. 2023 -ല്‍ ഇലക്ട്രിക് വാഹന രജിസ്‌ട്രേഷന്‍ 9.99 ശതമാനമായി. 7,59,198 വാഹനങ്ങളില്‍ 75,809 എണ്ണം. 2024 -ല്‍ അത് 10.69 ശതമാനമായി. 7,78,914 വാഹനങ്ങളില്‍ 83,259 എണ്ണം ഇലക്ട്രിക്.

ഇലക്ട്രിക് വാഹനവിഭാഗത്തില്‍ ഇരുചക്ര വാഹനങ്ങളാണ് കൂടുതല്‍. കാര്‍, ഓട്ടോറിക്ഷ ഇന്നിവയും കൂടിവരുന്നുണ്ട്. ഈവര്‍ഷം പൂര്‍ത്തിയാകുന്നതോടെ വൈദ്യുതിവാഹനങ്ങളുടെ അനുപാതം ഇനിയും ഉയരുമെന്നാണ് ഗതാഗതവകുപ്പിന്റെ നിഗമനം.

ചാര്‍ജിങ് സൗകര്യങ്ങളുടെ കുറവാണ് വൈദ്യുതവാഹനങ്ങളുടെ പ്രചാരണത്തില്‍ പ്രധാന തടസ്സം. ഇത് പരിഹരിക്കാന്‍ കെഎസ്ഇബി, അനര്‍ട്ട്, കെഎസ്ആര്‍ടിസി എന്നിവയുമായി സഹകരിച്ച് സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. ഒറ്റചാര്‍ജ്ജില്‍ കൂടുതല്‍ ദൂരം പോകാവുന്ന തരത്തില്‍ വാഹനങ്ങള്‍ പരിഷ്‌കരിച്ചതും നേട്ടമായി.

മൂന്ന് വര്‍ഷത്തിനിടെ കേരളത്തില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റിന്റെ 165 ഇലക്ട്രിക് ബസുകളും രജിസ്റ്റര്‍ചെയ്തു. 2022-23-ല്‍ 50 ബസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. 2023-24 -ല്‍ 95 എണ്ണമായി. 2024-25 -ല്‍ 20 ബസുകളും രജിസ്റ്റര്‍ ചെയ്തു.