ചെട്ടിനാട് സ്റ്റൈലിൽ ഒരു ചിക്കൻ റോസ്റ്റ് തയ്യാറാക്കിയാലോ? വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ചിക്കൻ റെസിപ്പിയാണിത്.
ആവശ്യമായ ചേരുവകള്‍
- ചിക്കന്‍- ഒരുകിലോ
- മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
- തൈര് -2 ടേബിള്‍ സ്പൂണ്‍
- ഉപ്പ് -ഒരു ടീസ്പൂണ്‍
- കാശ്മീരി മുളക്- 12 എണ്ണം
- തേങ്ങാക്കൊത്ത് -അരക്കപ്പ്
- മല്ലി-2 ടേബിള്‍ സ്പൂണ്‍
- തക്കോലം- ഒന്ന്
- ഏലയ്ക്ക-2
- ഗ്രാമ്ബൂ-4
- കറുവപ്പട്ട -ഒരു ചെറിയ കഷണം
- പെരുംജീരകം- ഒരു ടീസ്പൂണ്‍
- ജീരകം -ഒരു ടീസ്പൂണ്‍
- കുരുമുളക്- ഒരു ടീസ്പൂണ്‍
- വെളിച്ചെണ്ണ -2 ടേബിള്‍ സ്പൂണ്‍
- ജീരകം- ഒരു ടീസ്പൂണ്‍
- സവാള – 4
- ഇഞ്ചി അരിഞ്ഞത്- ഒരു ടേബിള്‍സ്പൂണ്‍
- വെളുത്തുള്ളി അരിഞ്ഞത് -ഒരു ടേബിള്‍ സ്പൂണ്‍
- പച്ചമുളക്- 4
- തക്കാളി- ഒന്ന്
- മല്ലിയില- ഒരു പിടി
തയ്യാറാക്കുന്ന വിധം
ചിക്കന്‍ കഴുകി വൃത്തിയാക്കി തൈരും മഞ്ഞള്‍ പൊടിയും ഉപ്പും ചേര്‍ത്ത് ഒരു മണിക്കൂര്‍ മാറ്റി വയ്ക്കുക. ചുവട് കട്ടിയുള്ള ഒരു പാത്രത്തില്‍ ചെറുതായി അരിഞ്ഞ കശ്മീരി മുളകും, തേങ്ങാ കൊത്തും, ബാക്കി മസാലകളും(ഉണക്കമുളക് മുതല്‍- കുരുമുളക് വരെയുള്ള മസാലകള്‍) ചേര്‍ത്ത് ചെറിയ തീയില്‍ എണ്ണ ചേര്‍ക്കാതെ നന്നായി വറുക്കുക.
ചൂടാറുമ്പോള്‍ മിക്സിയില്‍ തരുതരുപ്പായി പൊടിച്ചെടുക്കുക. ഈ മസാലയും ചിക്കനില്‍ പുരട്ടി അര മണിക്കൂര്‍ ഫ്രിഡ്ജില്‍ വെക്കണം. ചുവടുകട്ടിയുള്ള ഒരു വലിയ പാത്രത്തില്‍ വെളിച്ചെണ്ണ ചൂടാക്കി ജീരകം മൂപ്പിക്കുക. ഇതിലേക്ക് ചെറുതായി അരിഞ്ഞ ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ത്ത് വഴറ്റുക.
പച്ച മണം മാറുമ്പോള്‍ കനം കുറച്ച് അരിഞ്ഞ സവാളയും, കറിവേപ്പിലയും, പച്ചമുളകും ചേര്‍ക്കുക. സവാള നന്നായി മൂത്ത് എണ്ണ തെളിഞ്ഞു തുടങ്ങുമ്പോള്‍ നീളത്തില്‍ അരിഞ്ഞ തക്കാളി ചേര്‍ക്കാം. തക്കാളി വെന്തു കഴിയുമ്പോള്‍ മസാല പുരട്ടി വച്ചിരിക്കുന്ന ചിക്കനും ചേര്‍ത്ത് നന്നായി യോജിപ്പിച്ച് അടച്ചുവെച്ച് ചെറിയ തീയില്‍ വേവിക്കുക.
വെള്ളം ഒട്ടും ചേര്‍ക്കേണ്ട ആവശ്യമില്ല ചിക്കനിലെ വെള്ളം കൊണ്ട് തന്നെ നന്നായി വെന്തു കിട്ടും. ഉപ്പ് ആവശ്യമുണ്ടെങ്കില്‍ അല്പം കൂടി ചേര്‍ത്തു കൊടുക്കാം.ഏകദേശം 20 മിനിറ്റ് ചെറിയ തീയില്‍ വേവിക്കുക ഇടയ്ക്കിടയ്ക്ക് ഇളക്കി കൊടുക്കണം. ചിക്കന്‍ നന്നായി വെന്ത് വെള്ളം വറ്റി കഴിയുമ്ബോള്‍ തീ ഓഫ് ചെയ്തശേഷം മല്ലിയില വിതറി അലങ്കരിക്കുക. രുചികരമായ ചെട്ടിനാട് ചിക്കന്‍ റോസ്റ്റ് തയ്യാര്‍.
















