World

റഷ്യ-യുക്രൈന്‍ യുദ്ധം; സമാധാന ചർച്ചകളിൽ നിന്ന് പിന്മാറി പുടിനും ട്രംപും

റഷ്യ-യുക്രൈന്‍ യുദ്ധത്തിൽ നേരിട്ടുള്ള ചർച്ചകളിൽ നിന്ന് പിന്മാറി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. റഷ്യക്ക് പിന്നാലെ ഡൊണാൾഡ് ട്രംപും സമാധാനചർച്ചയിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചു. റഷ്യ- യുക്രൈൻ സമാധാന ചർച്ചകൾക്കായി ട്രംപ് തുർക്കിയിലെത്തുമെന്ന് സൂചനകളുണ്ടായിരുന്നു.

അതേസമയം, യുക്രൈൻ പ്രസിഡന്റ് വോളഡിമിർ സെലൻസ്കി തുർക്കിയിലേക്ക് യാത്ര തിരിച്ചു. ചർച്ചകളിൽ പുടിന് പകരമായി റഷ്യൻ പ്രതിനിധിയായി വ്ലാഡിമിർ മെഡൻസ്കി പങ്കെടുക്കുമെന്ന സ്ഥിരീകരണവും റഷ്യൻ ഉദ്യോഗസ്ഥർ പുറത്തുവിട്ടു. തീവ്ര കൺസർവേറ്റീവ് വിഭാഗത്തിൽ നിന്നുള്ള റഷ്യൻ സാംസ്കാരിക മന്ത്രിയായ വ്ലാദിമിർ മെഡിൻസ്കിക്കൊപ്പം ഉപ ആഭ്യന്തര മന്ത്രി അലക്സാണ്ടർ ഫോമിൻ, ഉപ വിദേശകാര്യ മന്ത്രി മിഖായൽ ഗാലുസി, റഷ്യൻ മിലിട്ടറി ഇൻറലിജൻസ് മേധാവിയായ ഇഗോർ കൊസ്ത്യുകോവ് എന്നിവർ ചർച്ചകളിൽ പങ്കെടുക്കുമെന്നാണ് റഷ്യ വിശദമാക്കിയിട്ടു്ളത്

യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങൾക്കും താത്പര്യങ്ങൾക്കുമിടയിൽ റഷ്യൻ പ്രസിഡന്റ് പിന്മാറിയത് ആശങ്കയ്ക്ക് ഇടയാക്കുന്നുവെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. സമാധാനത്തിനായി തുർക്കിയിൽ നടക്കുന്ന ചർച്ചകൾക്ക് ആഗോള തലത്തിൽ വലിയ പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും പുടിന്റെ പിന്മാറ്റം അനിശ്ചിതത്വവും സൃഷ്ടിച്ചിരിക്കുകയാണ്.