Kerala

‘ഗഫൂറിനെ കടുവ കഴുത്തിൽ കടിച്ച് വലിച്ചുകൊണ്ടു പോയി’; ടാപ്പിം​ഗ് തൊഴിലാളിയെ വന്യജീവി കൊന്ന സംഭവത്തിൽ പ്രതിഷേധം; എംഎൽഎയെ തടഞ്ഞ് നാട്ടുകാർ

മലപ്പുറം: ടാപ്പിം​ഗ് തൊഴിലാളിയെ വന്യജീവി കടിച്ചു കൊന്ന സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. ഇന്ന് പുലർച്ചെയാണ് ഗഫൂറിനെ (39) കടുവ കൊന്നത്. ഗഫൂറിനെ കടുവ കഴുത്തിൽ കടിച്ച് വലിച്ചുകൊണ്ടു പോയത് മറ്റൊരു ടാപ്പിം​ഗ് തൊഴിലാളി ആണ് നാട്ടുകാരെ അറിയിച്ചത്. കാളികാവ് കരുവാകുണ്ട് പ്രദേശത്താണ് ആക്രമണം ഉണ്ടായത്. യുവാവിനെ കൊന്നത് പുലിയല്ല, കടുവയാണ് എന്ന നി​ഗമനത്തിലാണ് വനംവകുപ്പ്. മുറിവുകളും മറ്റും പരിശോധിച്ചതിന് ശേഷമാണ് വനംവകുപ്പിൻ്റെ പ്രതികരണം.

ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ഏറെ ദിവസങ്ങൾക്ക് മുമ്പ് തന്നെ പ്രദേശത്ത് കടുവയുടേയും പുലിയുടേയും സാന്നിധ്യമുണ്ടെന്നും നാട്ടുകാർ പറയുന്നു. കർഷക‍‍ർക്കെതിരെ ഉൾപ്പെടെ വന്യജീവികളുടെ ആക്രമണമുണ്ടാവുന്നത് സർവ്വസാധാരണമാണെന്നും സ്ഥലത്ത് പ്രതിഷേധിച്ചു കൊണ്ട് നാട്ടുകാർ പറഞ്ഞു. കാളികാവ് കരുവാകുണ്ട് പ്രദേശത്താണ് യുവാവിനു നേരെ ആക്രമണം ഉണ്ടായത്.

‌അതേസമയം, എപി അനിൽകുമാർ എംഎൽഎ സ്ഥലത്തെത്തിയപ്പോൾ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. മൂന്ന് കുട്ടികളാണ് കൊല്ലപ്പെട്ട ​ഗഫൂറിനുള്ളത്. 10 ലക്ഷം രൂപ ധനസഹായം അല്ല വേണ്ടതെന്നും കുടുംബത്തിലെ ഒരാൾക്ക് ജോലി നൽകണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. വയനാട്ടിൽ നിന്നും പാലക്കാട് നിന്നും മയക്കുവെടി സംഘം പുറപ്പെട്ടിട്ടുണ്ടെന്ന് എംഎൽഎ പറ‍ഞ്ഞു. എല്ലാവരുടേയും സഹായം ഉണ്ടെങ്കിൽ മാത്രമാണ് ഇത് നടക്കൂവെന്നും എംഎൽഎ പറഞ്ഞു. മൂന്നുമാസം മുമ്പ് നിയമസഭയിൽ അറിയിച്ചിട്ടുണ്ട്. കൂട് വെച്ചോ ക്യാമറ വെച്ചോ സർക്കാർ നീക്കം നടത്തണം. സർക്കാരിൻ്റെ ശ്രദ്ധ കുറവാണ്. കടുവ സാന്നിധ്യം ഉണ്ടായെന്ന് അറിയിച്ചിട്ടും വേണ്ട രീതിയിൽ സർക്കാർ ഇടപെട്ടില്ലെന്നും അനിൽ കുമാർ പറഞ്ഞു. ​ഗഫൂറിൻ്റെ കുടുംബത്തിന് കൂടുതൽ പണം നൽകണമെന്നും മന്ത്രിയെ അറിയിക്കുമെന്നും എംഎൽഎ വ്യക്തമാക്കി.

ഇന്ന് പുലർച്ചെയാണ് സംഭവം. ടാപ്പിംഗ് തൊഴിലാളിയായ ഗഫൂറിനെ പുലി കഴുത്തിൽ പിടിച്ചു കൊണ്ടുപോയെന്ന് മറ്റൊരു തൊഴിലാളിയാണ് പറഞ്ഞത്. ഗഫൂറിനെ പുലി പിടിച്ചുകൊണ്ടുപോവുന്നത് കണ്ടുവെന്നായിരുന്നു പൊലീസ് സ്റ്റേഷനിൽ അറിയിച്ചത്. പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ പൊലീസും വനംവകുപ്പും സ്ഥലത്തെത്തി അന്വേഷിക്കുകയായിരുന്നു. പരിശോധനയിലാണ് അഞ്ചു കിലോമീറ്റ‍ ദൂരത്തുനിന്ന് മൃതദേഹം കണ്ടെത്തിയത്. വനാതിർത്ഥിയിലേക്ക് യാത്ര സൌകര്യമില്ലാത്തതിനാൽ കാൽനടയായാണ് പൊലീസും സംഘവും പോയത്. മൃതദേഹം വാഹനത്തിൽ പുറത്തെത്തിച്ചു ആശുപത്രിയിലേക്ക് മാറ്റി.