World

മൈക്രോസോഫ്റ്റിന്റെ ക്രൂരമായ പിരിച്ചുവിടല്‍; എഐ ഡയറക്ടര്‍ക്കും പണിപോയി

എഐ അഥവാ നിര്‍മിത ബുദ്ധി ഇന്ന് വിവിധ മേഖലകളില്‍ സ്വാധീനം ചെലുത്തുന്നതോടെ പലര്‍ക്കും ജോലി നഷ്ടമാകുമന്ന ആശങ്കകള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട് . അതിനിടയിലാണ് മൈക്രോസോഫ്റ്റ് ഫോര്‍ സ്റ്റാര്‍ട്ടപ്പിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഡയറക്ടറായ ഗബ്രിയേല ഡി ക്വറോസിനെയും പിരിച്ചുവിട്ടുവെന്ന വാര്‍ത്ത പുറത്ത് വരുന്നത്. തന്നെ പിരിച്ചുവിട്ടുവെന്ന വിവരം ഗബ്രിയേല തന്നെയാണ് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ അറിയിച്ചത്. നിരവധി കഴിവുളള ജീവനക്കാരെ പുറത്താക്കുന്നത് കാണുമ്പോള്‍ ഹൃദയം തകരുന്നുവെന്നാണ് ഗബ്രിയേലയുടെ പ്രതികരണം.

വലിയ രീതിയിലുളള പിരിച്ചുവിടലാണ് മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. ഏകദേശം 6,000 ജീവനക്കാരെ പിരിച്ചുവിടും. പിരിച്ചുവിടപ്പെട്ടവര്‍ മൊത്തം ജീവനക്കാരുടെ ഏകദേശം 3 ശതമാനം വരുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിര്‍മ്മിത ബുദ്ധിയിലേക്ക് (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ശക്തമായി കടന്നുവരുന്നതിനിടയില്‍, കമ്പനിയുടെ ഘടന പുനഃക്രമീകരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണ് നടപടിയെന്നാണ് മൈക്രോസോഫ്റ്റിന്റെ വിശദീകരണം.

”തീരുമാനം അറിയിച്ചശേഷം ജീവനക്കാരോട് ഉടന്‍ ജോലി നിര്‍ത്താന്‍ കമ്പനി ആവശ്യപ്പെട്ടു. എന്നാല്‍ കുറച്ചു നേരം കൂടി അവിടെ തുടരാനും മീറ്റിങ്ങുകളില്‍ പങ്കെടുക്കാനും സഹപ്രവര്‍ത്തകരോട് യാത്ര പറയാനും തീരുമാനിച്ചു. ദുഃഖമുണ്ടോ? തീര്‍ച്ചയായും . നിരവധി കഴിവുളള ആളുകളെ പുറത്താക്കുന്നത് കാണുമ്പോള്‍ ഹൃദയം തകരുന്നു. അടുത്തത് എന്താണ്? എനിക്കറിയില്ല. പറയാന്‍ സമയമായിട്ടില്ല. പക്ഷെ എന്തെങ്കിലും നല്ലത് സംഭവിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇതിന്റെ ഫലമായി കഷ്ടപ്പെടുന്നവരോട് നിങ്ങള്‍ തനിച്ചല്ല. നമ്മള്‍ കുറഞ്ഞത് 6,000 പേരുണ്ട്. സഹായഹസ്തം നീട്ടിയവര്‍ക്ക് നന്ദി” -ഗബ്രിയേല കുറിച്ചു.

ടെക്നോളജി പ്രൊഫഷണലുകള്‍ ഉള്‍പ്പെടെ നിരവധിപേര്‍ പെട്ടെന്നുള്ള പിരിച്ചുവിടലില്‍ ഞെട്ടലും ആശയക്കുഴപ്പവും പ്രകടിപ്പിച്ചു. നിര്‍മ്മിത ബുദ്ധി പുതിയ ലോകത്തെ നയിക്കുകയും നിരവധി വ്യവസായങ്ങളുടെ ഭാവി രൂപപ്പെടുത്തുകയും ചെയ്യുന്ന സമയത്ത് ഇങ്ങനെയൊരു തീരുമാനമെടുത്തതിലെ യുക്തിയെ ചോദ്യം ചെയ്തുകൊണ്ട് പലരും രംഗത്തെത്തി.