Travel

മാര്‍പാപ്പയുടെ ഔദ്യോഗിക വസതി: അപ്പോസ്‌തോലിക കൊട്ടാരത്തിന്റെ ചരിത്രം ഇങ്ങനെ……

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മരണത്തെത്തുടര്‍ന്ന് മാര്‍പാപ്പയുടെ കൊട്ടാരമായ അപ്പോസ്‌തോലിക കൊട്ടാരം അഥവാ പേപ്പല്‍ കൊട്ടാരം സീല്‍ ചെയ്തിരുന്നു. എന്നാലിതാ ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ തെരഞ്ഞെടുപ്പിന് ശേഷം വീണ്ടും തുറന്നിരിക്കുകയാണ്. പേപ്പല്‍ കൊട്ടാരം എന്നും അറിയപ്പെടുന്ന അപ്പോസ്‌തോലിക കൊട്ടാരം പോപ്പിന്റെ പരമ്പരാഗത വസതിയായി കണക്കാക്കപ്പെടുന്നു. പതിനഞ്ചാം നൂറ്റാണ്ടിലാണ് ഈ കൊട്ടാരം നിര്‍മ്മിച്ചത്. ഉയര്‍ന്ന നവോത്ഥാന ശൈലിയില്‍ വാസ്തുശില്‍പിയായ ഡൊണാറ്റോ ബ്രമാന്റേയാണ് ഈ കൊട്ടാരം നിര്‍മ്മിക്കുന്നത്. പതിനേഴാം നൂറ്റാണ്ടിലാണ് ഇത് പോപ്പുമാരുടെ ഔദ്യോഗിക വസതിയായി മാറുന്നത്. ദരിദ്രരുടെ പ്രതിനിധിയായി സ്വയം കല്പിച്ചിരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ പേപ്പല്‍ കൊട്ടാരത്തിലായിരുന്നില്ല കഴിഞ്ഞിരുന്നത്. കൊട്ടാരത്തിലെ സുഖസൗകര്യങ്ങള്‍ ത്യജിച്ച് വത്തിക്കാന്‍ ഗസ്റ്റ്ഹൗസില്‍ എളിമയുള്ള ജീവിതമായിരുന്നു അദ്ദേഹം നയിച്ചിരുന്നത്.

അപ്പോസ്‌തോലിക കൊട്ടാരം അഥവാ പേപ്പല്‍ കൊട്ടാരം ചരിത്രം അറിയാം……

അഞ്ചാം നൂറ്റാണ്ടില്‍ സിമ്മച്ചസ് മാര്‍പ്പാപ്പ പഴയ സെന്റ് പീറ്റേഴ്സ് ബസിലിക്കയ്ക്ക് സമീപം ഒരു കൊട്ടാരം പണിതു. ഇത് ലാറ്ററന്‍ കൊട്ടാരത്തിന് പകരമായി ഉപയോഗിച്ചു. യൂജിന്‍ മൂന്നാമന്‍ മാര്‍പ്പാപ്പയുടെ കാലത്തു രണ്ടാമത്തെ കൊട്ടാരം നിര്‍മിച്ചു.പന്ത്രണ്ടാം നൂറ്റാണ്ടില്‍ ഇന്നസെന്റ് മൂന്നാമന്‍ മാര്‍പ്പാപ്പയുടെ കീഴില്‍ അത് വിപുലമായി പരിഷ്‌കരിച്ചു. 1377-ല്‍ അവിഗണ്ണില്‍ നിന്നും തിരിച്ചെത്തിയ മാര്‍പാപ്പ ആദ്യം ട്രസ്റ്റെവറിലെ ഡി സാന്താ മരിയ ബസിലിക്കയിലും പിന്നീട് ബസിലിക്ക ഡി സാന്താ മരിയ മാഗിയോറിലും താമസിക്കാന്‍ തീരുമാനിച്ചു. അപ്പോഴേക്കും വത്തിക്കാന്‍ കൊട്ടാരം നശിച്ചു തുടങ്ങി. 1307 ലും 1361 ലും ലാറ്ററന്‍ പാലസ് രണ്ട് വിനാശകരമായ തീപിടുത്തങ്ങള്‍ക്ക് വിധേയമായി. തുടര്‍ന്ന് 1447-ല്‍, നിക്കോളാസ് അഞ്ചാമന്‍ മാര്‍പ്പാപ്പ യൂജിന്‍ മൂന്നാമന്റെ പുരാതന കൊട്ടാരം തകര്‍ത്ത്, നിലവിലെ അപ്പസ്‌തോലിക കൊട്ടാരം എന്ന പുതിയ കെട്ടിടം പണിതു. പിന്‍ഗാമികളായ അര്‍ബന്‍ ഏഴാമന്‍, പതിനൊന്നാം ഇന്നസെന്റ് മാര്‍പാപ്പ, പോപ്പ് ക്ലെമന്റ് എട്ടാമന്‍ എന്നിവര്‍ ചേര്‍ന്ന് കൊട്ടാരത്തിന്റെ കൂടുതല്‍ നിര്‍മാണം പൂര്‍ത്തിയാക്കി. ഇരുപതാം നൂറ്റാണ്ടില്‍ പയസ് പതിനൊന്നാമന്‍ മാര്‍പ്പാപ്പ ഒരു സ്മാരക ആര്‍ട്ട് ഗാലറിയും മ്യൂസിയം പ്രവേശന കവാടവും നിര്‍മ്മിച്ചു. പാപ്പല്‍ കൊട്ടാരത്തിന്റെ നിര്‍മ്മാണം പ്രധാനമായും 1471 നും 1605 നും ഇടയിലാണ് നടന്നത്.ഇതിനു 162,000 ചതുരശ്ര മീറ്റര്‍ (1,743,753 ചതുരശ്ര അടി) വിസ്തൃതിയുണ്ട്.

കൊട്ടാരത്തിലെ കാഴ്ചകള്‍

കൊട്ടാരത്തില്‍ പോപ്പിന്റെ നിരവധി ഓഫീസുകള്‍, മ്യൂസിയങ്ങള്‍, വത്തിക്കാന്‍ ലൈബ്രറി, പ്രശസ്തമായ സിസ്റ്റെന്‍ ചാപ്പല്‍ ഉള്‍പ്പടെയുള്ളവയുണ്ട്. സെന്റ് പീറ്റേഴ്സ് സ്‌ക്വയറിന്റെ കൊളോണേഡിന് തൊട്ടുമുകളിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. മാലാഖമാര്‍ വരുന്നുവെന്ന് കരുതുന്ന പരമ്പരാഗതമായ ഒരു ജനാലയും അവിടെയുണ്ട്. കൊട്ടാരത്തില്‍ ഒരു സിറ്റിംഗ് റൂം, ഒരു പഠനമുറി, ഒരു കിടപ്പുമുറി, ഒരു മെഡിക്കല്‍ ക്ലിനിക്ക് എന്നിവയുള്‍പ്പെടെ നിരവധി മുറികളാണുള്ളത്. പോപ്പ് ലിയോയുടെ തിരഞ്ഞെടുപ്പോടുകൂടി അടഞ്ഞു കിടന്ന കൊട്ടാരം വീണ്ടും തുറന്നപ്പോള്‍ പുതിയതായി പുറത്തുവന്ന ഫോട്ടോകളിലൂടെ തേര്‍ഡ് ലോഗ്ഗിയ എന്ന് അറിയപ്പെടുന്ന മൂന്നാം നില, പോപ്പിന്റെ ഭാവി താമസ സ്ഥലം, ലൈബ്രറി, അപ്പാര്‍ട്ട്മെന്റുകളിലെ സ്വകാര്യ ചാപ്പലുകള്‍ എന്നിവയൊക്കെ ആളുകള്‍ക്ക് കാണാന്‍ കഴിഞ്ഞു.