Travel

പാക്കിസ്ഥാനെ പിന്തുണച്ച തുർക്കിയിലേക്കും അസർബായിജാനിലേക്കും ഞങ്ങളില്ല: ഉപരോധിച്ച് ഇന്ത്യക്കാർ!!

തുർക്കിയും അസർബൈജാനും പാകിസ്ഥാനെ പിന്തുണച്ചതോടെ ഇന്ത്യയിൽ ബഹിഷ്‌കരണ ആഹ്വാനവുമായി നിരവധിപേർ എത്തിയിരുന്നു.ഇപ്പോഴിതാ മെയ്ക്ക് മൈ ട്രിപ്പ്, ഇക്സിഗോ പോലുള്ള യാത്രാ സൈറ്റുകൾ ഈ സ്ഥലങ്ങളിലേക്കുള്ള ബുക്കിംഗുകൾ റദ്ദാക്കുകയും താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നു. ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ പാകിസ്ഥാന് പിന്തുണ നൽകിയതിൽ പൊതുജന രോഷം വർദ്ധിച്ചതിനെ തുടർന്നാണ് ഇത്.

തുർക്കി, അസർബൈജാൻ എന്നിവിടങ്ങളിലേക്കുള്ള ബുക്കിംഗുകൾ 60% കുറഞ്ഞുവെന്നും കഴിഞ്ഞ ആഴ്ചയിൽ റദ്ദാക്കലുകൾ 250% വർദ്ധിച്ചുവെന്നും മേക്ക്‌മൈട്രിപ്പ് പറഞ്ഞു. റദ്ദാക്കലുകളിൽ 260% വർധനവ് ക്ലിയർട്രിപ്പ് റിപ്പോർട്ട് ചെയ്തതായി ഒരു പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

“നമ്മുടെ രാജ്യത്തോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട്, അസർബൈജാൻ, തുർക്കി എന്നിവിടങ്ങളിലേക്കുള്ള എല്ലാ പ്രമോഷനുകളും ഓഫറുകളും ഞങ്ങൾ നിർത്തലാക്കിയിരിക്കുന്നു” എന്ന് മെയ്ക്ക് മൈട്രിപ്പിന്റെ വെബ്‌സൈറ്റ് പരാമർശിച്ചു.

പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ ആരംഭിച്ച ഓപ്പറേഷൻ സിന്ദൂരിന് മറുപടിയായി തുർക്കിയും അസർബൈജാനും പാകിസ്ഥാനെ പിന്തുണച്ചതിനെത്തുടർന്ന് മെയ് 8 മുതൽ സോഷ്യൽ മീഡിയ ബഹിഷ്‌കരണ സന്ദേശങ്ങളാൽ നിറയുകയാണ്.

ഇന്ത്യൻ സഞ്ചാരികളോട് ഈ സ്ഥലങ്ങൾ സന്ദർശിക്കുന്നത് തൽക്കാലം നിർത്തിവയ്ക്കണമെന്ന്ക്ലിയർട്രിപ്പ് അഭ്യർത്ഥിച്ചു. തുർക്കി, അസർബൈജാൻ എന്നിവിടങ്ങളിലേക്കുള്ള ബുക്കിംഗുകൾ മാത്രമല്ല, ചൈനയിലേക്കുമുള്ള എല്ലാ ബുക്കിംഗുകളും ixigo നിർത്തിവച്ചു.

“നമ്മുടെ രാജ്യത്തോടുള്ള ഐക്യദാർഢ്യത്തിന്റെ ഭാഗമായി, തുർക്കി, അസർബൈജാൻ, ചൈന എന്നിവിടങ്ങളിലേക്കുള്ള വിമാന, ഹോട്ടൽ ബുക്കിംഗുകൾ ഇക്സിഗോ താൽക്കാലികമായി നിർത്തിവയ്ക്കുന്നു. കാരണം ഭാരതത്തിന്റെ കാര്യം വരുമ്പോൾ ഞങ്ങൾ രണ്ടാമതൊന്ന് ആലോചിക്കുന്നില്ല. ജയ് ഹിന്ദ്” എന്ന് ixigo X-ൽ പോസ്റ്റ് ചെയ്തു.