എറണാകുളം നെടുമ്പാശ്ശേരിയിൽ യുവാവിനെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ കാറിടിച്ചു കൊന്ന കേസിൽ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ഐവിന്റെ മരണകാരണം തലക്കേറ്റ പരുക്ക്. തല മതിലിലോ മറ്റോ ഇടിച്ചതായി സംശയം. ശരീരത്തിൽ മറ്റു പരുക്കുകൾ ഉണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. വാഹനം തട്ടിയതുമായി ബന്ധപ്പെട്ട തർക്കമാണ് ക്രൂര കൊലപാതകത്തിൽ കലാശിച്ചത്. കൊലപ്പെടുത്തിയ സിഐഎസ്എഫ് ഉദ്യോഗസ്ഥരായ എസ് ഐ വിനയ്കുമാർ, കോൺസ്റ്റബിൾ മോഹൻ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഐവിൻ ജിജോയെ കാറിന്റെ ബോണറ്റിൽ ഇടിച്ചിട്ട് പ്രതികൾ യാത്ര ചെയ്തത് ഒരു കിലോമീറ്ററോളം.
രാത്രി 11 മണിയോടെ കാലടി തോബ്ര റോഡിലാണ് ഹോട്ടൽ ഷെഫായ ഐവിൻ ജിജോയും- CISF ഉദ്യോഗസ്ഥരും തമ്മിൽ തർക്കം ഉണ്ടാകുന്നത്. ഇതിനിടയിലാണ് ഉദ്യോഗസ്ഥർ ഐവിനെ കാർ ഇടിപ്പിച്ചത്. ഇടിയുടെ ആഘാതത്തിൽ യുവാവ് CISF ഉദ്യോഗസ്ഥരുടെ കാറിന്റെ ബോണറ്റിൽ അകപ്പെട്ടു. വാഹനം നിർത്താത്തെ ഐവിനുമായി CISF ഉദ്യോഗസ്ഥർ ഒരു കിലോമീറ്റർ സഞ്ചരിച്ചു. ഒടുവിൽ നായത്തോടുള്ള ഇടവഴിയിൽ ഉപേക്ഷിച്ച് കടന്ന് കളയാൻ ശ്രമിച്ചു. നാട്ടുകാർ ഇടപെട്ടാണ് പ്രതികളിൽ ഒരാളെ പിടിച്ചത്.
ഐവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതികളുമായി തർക്കിക്കുന്ന വീഡിയോ ഐവിൻ സ്വന്തം മൊബൈലിൽ പകർത്തിയിരുന്നതായി പൊലീസ് വ്യക്തമാക്കി. പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമതിയാണ് കേസ് എടുത്തിരിക്കുന്നത്. കൊടും ക്രൂരകൃത്യം നടത്തിയ CISF ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു.
STORY HIGHLIGHTS : Nedumbassery Murder Ivin Jijo death was caused by head injuries Postmortem report