വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി അഫ്ഗാൻ വിദേശകാര്യ മന്ത്രി മൗലവി അമീർഖാൻ മുത്തഖി. അടിസ്ഥാനരഹിതമായ പ്രചാരണം വഴി ഇരു രാജ്യങ്ങൾക്ക് ഇടയിൽ ഭിന്നത സൃഷ്ട്ടിക്കാനുള്ള ശ്രമങ്ങളെ അദ്ദേഹം അപലപിച്ചു. അഫ്ഗാൻ ജനതയുടെ വികസന ആവശ്യങ്ങൾക്കുള്ള പിന്തുണ ഇന്ത്യ വാഗ്ദാനം ചെയ്തു. കൂടിക്കാഴ്ചയിൽ സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള മാർഗങ്ങളും ചർച്ചയായി. ദുബായിലും കാബൂളിലും ഉൾപ്പെടെ – ഇന്ത്യൻ നയതന്ത്രജ്ഞർ മുമ്പ് താലിബാൻ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെങ്കിലും – ഇന്ത്യയുടെ വിദേശകാര്യ മന്ത്രിയുടെ തലത്തിലുള്ള ആദ്യ കൂടിക്കാഴ്ചയാണിത്.
2021 ഓഗസ്റ്റിൽ കാബൂളിൽ അധികാരം പിടിച്ചെടുത്ത പുതിയ താലിബാൻ ഭരണകൂടത്തെ ഇന്ത്യ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലാത്തതിനാൽ, വിദേശകാര്യ മന്ത്രി ജയശങ്കറും അഫ്ഗാൻ വിദേശകാര്യ മന്ത്രിയും തമ്മിലുള്ള ചർച്ചകൾക്ക് പ്രാധാന്യമുണ്ട്.“അഫ്ഗാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖിയുമായി ഇന്ന് വൈകുന്നേരം നല്ല സംഭാഷണം നടന്നു. പഹൽഗാം ഭീകരാക്രമണത്തെ അദ്ദേഹം അപലപിച്ചതിന് ആഴത്തിൽ നന്ദി പറയുന്നു,” വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു. ഇന്ത്യയ്ക്കും അഫ്ഗാനിസ്ഥാനും ഇടയിൽ അവിശ്വാസം സൃഷ്ടിക്കാനുള്ള സമീപകാല ശ്രമങ്ങളെ അഫ്ഗാൻ മന്ത്രി ശക്തമായി നിരാകരിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “തെറ്റായതും അടിസ്ഥാനരഹിതവുമായ റിപ്പോർട്ടുകൾ വഴി ഇന്ത്യയ്ക്കും അഫ്ഗാനിസ്ഥാനും ഇടയിൽ അവിശ്വാസം സൃഷ്ടിക്കാനുള്ള സമീപകാല ശ്രമങ്ങളെ അദ്ദേഹം ശക്തമായി നിരസിച്ചതിനെ സ്വാഗതം ചെയ്യുന്നു,” വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
അഫ്ഗാനിസ്ഥാന്റെ വികസന ആവശ്യങ്ങൾക്കുള്ള ഇന്ത്യയുടെ പിന്തുണ തുടരുമെന്ന് എസ് ജയ്ശങ്കർ ഉറപ്പ് നൽകി. ജനുവരിയിൽ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്‌രി മുത്തഖിയുമായി ദുബായിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. അഫ്ഗാൻ ജനതയ്ക്ക് മാനുഷികവും വികസനപരവുമായ സഹായം നൽകുന്നത് തുടരുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത വിദേശകാര്യ സെക്രട്ടറി ആവർത്തിച്ചു.
STORY HIGHLIGHTS : EAM S Jaishankar spoke with Afghanistan Foreign Minister Mawlawi Amir Khan Muttaqi