കാളികാവ് അടയ്ക്കാകുണ്ടില്‍ യുവാവിനെ കൊലപ്പെടുത്തിയ കടുവയെ പിടികൂടാനുള്ള നടപടികള്‍ തുടങ്ങി. വനംവകുപ്പ് ചീഫ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള 25 അംഗ സംഘമാണ് കടുവയെ പിടികൂടാനുള്ള ദൗത്യ സംഘത്തിലുള്ളത്. കടുവയെ മയക്കുവെടിവെച്ച് പിടികൂടാനാണ് വനംവകുപ്പിന്റെ തീരുമാനം. 50 പേരടങ്ങുന്ന ആര്‍ആര്‍ടി സംഘവും ദൗത്യത്തിന്റെ ഭാഗമാകും.
കുങ്കി ആനകളെ ഉള്‍പ്പെടെ ഉപയോഗിച്ച് തിരച്ചില്‍ നടത്താനാണ് നിലവിലെ തീരുമാനം. ഇതിനായി കുഞ്ചു എന്ന ആനയെ വ്യാഴാഴ്ച തന്നെ പ്രദേശത്ത് എത്തിച്ചു. പ്രമുഖ എന്ന ആന വെള്ളിയാഴ്ച എത്തും. മൂന്ന് കൂടുകളും കടുവയെ പിടികൂടുന്നതിനായി സ്ഥാപിക്കും. നിലവില്‍ ലഭിച്ച കാല്‍പാടുകള്‍ ഉള്‍പ്പെടെയുള്ള സൂചനകള്‍ അനുസരിച്ച കടുവ പൂര്‍ണ ആരോഗ്യവാനാണെന്നാണ് പ്രാഥമിക നിഗമനം. പ്രായപൂര്‍ത്തിയായ കടുവയാണ് എന്നും വിലയിരുത്തുന്നു. നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. 50 കാമറ ട്രാപ്പുകളാണ് സ്ഥാപിക്കുന്നത്.
ടാപ്പിങ് തൊഴിലാളിയായ ഗഫൂറിനെ വ്യാഴാഴ്ച്ച രാവിലെ 7 മണിയോടെ കാളികാവ് അടക്കാകുണ്ടിലെ റബ്ബര്‍ തോട്ടത്തില്‍വെച്ചാണ് കടുവ ആക്രമിച്ചു കൊലപ്പെടുത്തിയത്. വനത്തോടു ചേര്‍ന്നുള്ള തോട്ടത്തില്‍ ടാപ്പിങ് നടത്തുന്നതിനിടെ കടുവ ഗഫൂറിന്റെ ആക്രമിച്ച് കഴുത്തില്‍ കടിച്ച് ഉള്‍ക്കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോകുകയായിരുന്നു. മറ്റു ടാപ്പിങ് തൊഴിലാളികളാണ് കടുവയുടെ ആക്രമണത്തെ കുറിച്ചുള്ള വിവരം നാട്ടുകാരെയും അധികതരെയും അറിയിച്ചത്. പൊലീസും നാട്ടുകാരും ചേര്‍ന്ന് ഒന്നരമണിക്കൂറോളം നേരം തിരഞ്ഞ ശേഷമാണ് ഗഫൂറിന്റെ മൃതദേഹം കണ്ടെത്തിയത്.
കടുവയുടെ ആക്രമണത്തില്‍ കഴുത്തിലെ ഞെരമ്പ് മുറിഞ്ഞതാണ് ഗഫൂറിന്റെ മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കടിയേറ്റ് പിന്‍കഴുത്തില്‍ ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. ശരീരം മുഴുവന്‍ നഖമേറ്റ് മുറിഞ്ഞു. രക്തം വാര്‍ന്നു പോയി. ഗഫൂറിന്റെ മൃതദേഹം കടുവ വലിഴച്ചതായും വലത്തേ നിതമ്പം പകുതി ഭക്ഷിച്ചതായും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ആന്തരാവയവങ്ങള്‍ പുറത്തുവന്ന നിലയില്‍ ആയിരുന്നു മൃതദേഹം. വൈകീട്ട് 4.30തോടെ തുടങ്ങിയ പോസ്റ്റുമോര്‍ട്ടം രാത്രി 7.45ഓടെയാണ് അവസാനിച്ചത്. നടപടികള്‍ പൂര്‍ത്തിയാക്കി രാത്രിതന്നെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.
STORY HIGHLIGHTS : man-eating-tiger-hunt-underway-in-kalikavu-malappuram