Kerala

തപാൽ വോട്ട് തിരുത്തിയെന്ന പരാമർശം; ജി.സുധാകരനെതിരെ കേസെടുക്കുന്നതിൽ പൊലീസിന് ഇന്ന് നിയമോപദേശം ലഭിക്കും

ആലപ്പുഴ: തപാൽ വോട്ട് തിരുത്തിയെന്ന സിപിഐഎം നേതാവ് ജി സുധാകരന്റെ വിവാദ പരാമർശത്തിൽ കേസെടുക്കുന്നതിലുള്ള നിയമപോദേശം ആലപ്പുഴ സൗത്ത് പൊലീസിന് ഇന്ന് ലഭിക്കും. ആലപ്പുഴ ഡെപ്യുട്ടി ഡയറക്ടർ ഓഫ് പ്രോസിക്യുഷൻ അഡ്വ.ബിജി ആണ് നിയമോപദേശം നൽകുക. ജി.സുധാകരനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാകലക്ടർ സൗത്ത് പൊലീസ് എസ്എച്ച്ഒയ്ക്ക് കത്ത് നൽകിയിരുന്നു.

എന്‍ജിഒ യൂണിയൻ പരിപാടിയിൽ നടത്തിയ വിവാദ പ്രസംഗത്തിന് ശേഷം താൻ ഭാവനാത്മകമായി പറഞ്ഞ കാര്യങ്ങളെ മാധ്യമങ്ങൾ വളച്ചൊടിച്ചതാണെന്നാണ് ജി.സുധാകരന്റെ വാദം. തെരഞ്ഞെടുപ്പിൽ ഇതുവരെ കൃത്രിമം കാണിച്ചിട്ടില്ലെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിക്ക് ശേഷം പറഞ്ഞത്.

ആലപ്പുഴയില്‍ എന്‍ ജി ഒ യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായുള്ള പൊതു സമ്മേളനത്തിലായിരുന്നു ജി സുധാകരന്‍റെ വിവാദ പരാമര്‍ശം. 36 വര്‍ഷം മുന്‍പുള്ള 1989 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സി പി എമ്മിന്‍റെ സര്‍വീസ് സംഘടനയായ കെ എസ് ടി എ യുടെ നേതാവായിരുന്ന കെ വി ദേവദാസ് സ്ഥാനാര്‍ഥിയായിരിക്കെ താനുള്‍പ്പെടെയുള്ളവര്‍ ജില്ല കമ്മിറ്റി ഓഫീസില്‍ തപാല്‍ വോട്ടുകള്‍ തിരുത്തിയെന്നും സര്‍വീസ് സംഘടനകളിലെ വോട്ടില്‍ 15 ശതമാനം ദേവദാസിന് എതിരായിരുന്നുവെന്നും സുധാകരന്‍ വെളിപ്പെടുത്തിയിരുന്നു.

തെരഞ്ഞെടുപ്പിലെ പോസ്റ്റല്‍ ബാലറ്റ് ഒട്ടിച്ചു തന്നാല്‍ അറിയില്ലെന്ന് കരുതേണ്ട. ഞങ്ങള്‍ അതു പൊട്ടിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ എനിക്കെതിരെ കേസെടുത്താലും കുഴപ്പമില്ലെന്നും അദ്ദേഹം ആലപ്പുഴയിലെ പൊതുസമ്മേളനത്തില്‍ പറഞ്ഞിരുന്നു.