Kerala

കാളികാവിലെ നരഭോജി കടുവയെ പിടിക്കാനുള്ള ദൗത്യവുമായി വനം വകുപ്പ്; മൂന്ന് സംഘങ്ങളായി തിരിഞ്ഞ് തെരച്ചിൽ; കൂടുകളും ക്യാമറകളും സ്ഥാപിച്ചു

മലപ്പുറം: കാളികാവിലെ നരഭോജി കടുവയെ പിടിക്കാനുള്ള ദൗത്യം വനം വകുപ്പ് ആരംഭിച്ചു. ചീഫ് വെറ്ററിനറി സർജൻ ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള 50 അംഗ ആർ ആർടി സംഘമാണ് ദൗത്യം നയിക്കുന്നത്. കടുവയെ പിടികൂടാന്‍ വനം വകുപ്പ് കൂടുകളും ക്യാമറകളും സ്ഥാപിച്ചു. 50 ക്യാമറകളും മൂന്നു കൂടുകളുമാണ് സ്ഥാപിച്ചത്. ഡോക്ടര്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള 50 അംഗ സംഘം കാളികാവ് പാറശ്ശേരിയില്‍ ക്യാമ്പ് ചെയ്യുകയാണ്. കടുവയെ കണ്ടെത്താന്‍ ഇന്ന് ഡ്രോണുകള്‍ പറത്തും. കടുവാ ദൗത്യത്തിന് ഉള്ള രണ്ടാമത്തെ കുങ്കിയാന ഇന്ന് എത്തും.

ക്യാമറകളിലൂടെ കടുവയുടെ സാന്നിധ്യമുള്ള സ്ഥലം കണ്ടെത്താനാണ് വനം വകുപ്പ് ശ്രമിക്കുന്നത്. ഇതിനുശേഷമാകും മയക്കുവെടിവെയ്ക്കുന്നതടക്കമുള്ള നടപടികൾ ഉണ്ടാകുക. മൂന്ന് സംഘമായി തിരിഞ്ഞാണ് കടുവയ്ക്കായി നിലവിൽ തിരച്ചിൽ നടത്തുന്നത്. ഇന്നലെ രാവിലെയാണ് കാളികാവ് അടക്കാകുണ്ടിലെ റബർ എസ്റ്റേറ്റിലെ ടാപ്പിംഗ് തൊഴിലാളിയായ ഗഫൂറിനെ കടുവ ആക്രമിച്ച് കൊന്നത്. പിറകുവശത്തിലൂടെ ചാടി വീഴുകയായിരുന്നു. സമീപത്തെ വാഴത്തോട്ടത്തിലേക്ക് വലിച്ചുകൊണ്ടുപോയി. ചില ശരീരഭാഗങ്ങള്‍ ഭക്ഷിച്ച നിലയിലായിരുന്നു. കൂടെ ടാപ്പിംഗ് നടത്തിയ സമദ് വിവരം പറഞ്ഞാണ് പുറംലോകം അറിയുന്നത്.