Health

ആയുർവേദത്തിലൂടെ കാഴ്ചശക്തി എങ്ങനെ മെച്ചപ്പെടുത്താം?

കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിനുള്ള ഏറ്റവും ലളിതവും പ്രകൃതിദത്തവുമായ മാർഗ്ഗമാണ് ആയുർവേദം. കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിന് ആയുർവേദത്തിൽ പറയുന്ന കാര്യങ്ങൾ എന്തൊക്കെയെന്ന് അറിയാം.

കടുക്ക, നെല്ലിക്ക, താന്നിക്ക എന്നീ മൂന്ന് ഔഷധസസ്യങ്ങൾ ചേരുന്നതിനെയാണ് ത്രിഫല എന്നു പറയുന്നത്. കണ്ണിന്റെ ആരോഗ്യത്തിന് മികച്ച ഔഷധമാണിത്. ആന്റിഓക്സിഡന്റുകളും വൈറ്റമിൻ സി യും ധാരാളം അടങ്ങിയ ത്രിഫല കണ്ണുകൾക്കുണ്ടാകുന്ന ആയാസം കുറയ്ക്കുകയും കാഴ്ചശക്തി മെച്ചപ്പെടുത്തുകയും ചെയ്യും.

ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു ടീസ്പൂൺ ത്രിഫലപ്പൊടി ഇട്ടു വയ്ക്കുക. ഒരു രാത്രി മുഴുവൻ വച്ചശേഷം പിറ്റേന്ന് രാവിലെ അരിച്ചശേഷം ഈ വെള്ളത്തിൽ കണ്ണുകൾ കഴുകുക. പതിവായി ത്രിഫലവെള്ളം കുടിക്കുന്നത് ശരീരത്തിലെ വിഷാംശങ്ങളെ നീക്കുകയും കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.

തണുപ്പു നൽകാൻ കറ്റാർവാഴ നല്ലതാണ്. തേൻ മുറിവുകളെ സുഖപ്പെടുത്തുകയും ചെയ്യും. ഇവ രണ്ടും കൂടി ചേർന്നാൽ അത് ഏറെ ഗുണകരമാണ്. അമിതമായ സ്ക്രീൻടൈം മൂലം കണ്ണുകൾക്ക് ഉണ്ടാകുന്ന അസ്വസ്ഥതകളും വരൾച്ച (dryness) യും മാറാൻ ഇത് സഹായിക്കും.

കറ്റാർവാഴയുടെ പൾപ്പ് എടുത്ത അത് തേനിൽ ചാലിക്കുക. ഈ മിശ്രിതം കണ്ണുകൾക്ക് ചുറ്റും തേച്ചു പിടിപ്പിക്കുക. പത്തു പതിനഞ്ചു മിനിറ്റുകൾക്ക് ശേഷം തണുത്തവെള്ളത്തിൽ കഴുകാം.

വൈറ്റമിൻ എ യുടെ ഉറവിടമായ ശുദ്ധമായ പശുവിന്‍നെയ്യ്, കണ്ണുകളുടെ ആരോഗ്യത്തിനു നല്ലതാണ്. ചൂടാക്കിയ നെയ്യ് കണ്ണിനു ചുറ്റും പുരട്ടി തടവുക. ഇത് രക്തചംക്രമണം മെച്ചപ്പെടുത്തുകയും കണ്ണിന്റെ ആയാസം കുറയ്ക്കുകയും ചെയ്യും.

ഉറങ്ങാൻ കിടക്കുംമുൻപ് ചെറുതായി ചൂടാക്കിയ ഒരു തുള്ളി പശുവിൻനെയ്യ് കണ്ണുകൾക്ക് ചുറ്റും പുരട്ടിത്തടവുക. നെയ്യ് ഒപ്പം ഇളംചൂട് പാലും ചേർത്തു പുരട്ടിത്തടവാം. ഇത് നാഡികൾക്ക് നല്ലതാണ്.