കൊച്ചി: നെടുമ്പാശേരിയില്‍ ഐവിന്‍ ജിജോയെന്ന യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ഇരുവരുടെയും അറസ്റ്റ് കഴിഞ്ഞദിവസം നെടുമ്പാശ്ശേരി പൊലീസ് രേഖപ്പെടുത്തിയിരുന്നു.
സിഐഎസ്എഫ് സബ് ഇൻസ്പെക്ടർ വിനയ് കുമാർ ദാസ്, കോൺസ്റ്റബിൾ മോഹൻ എന്നിവരാണ് അറസ്റ്റിലായത്. കാറിൽ വിശദമായ ശാസ്ത്രീയ പരിശോധന നടത്താൻ ഒരുങ്ങുകയാണ് പൊലീസ്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം തെളിവെടുപ്പ് നടത്തും.
കേസിലെ രണ്ടാം പ്രതിയായ മോഹനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഒന്നാംപ്രതി വിനയ് കുമാര്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കേസന്വേഷണം ശരിയായ ദിശയില്‍ അല്ലെങ്കില്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കുമെന്ന് തുറവൂര്‍ പഞ്ചായത്ത് മെമ്പര്‍ എംപി മാര്‍ട്ടിന്‍ പറഞ്ഞു.
ചൊവ്വാഴ്ച രാത്രിയാണ് കാറ് തട്ടിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനെ തുടര്‍ന്ന് ഐവിന്‍ ജിജോയെ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കാര്‍ ഇടിച്ച് കൊലപ്പെടുത്തിയത്.
ഐവിന്‍ ജിജോയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. ഉച്ചയ്ക്ക് രണ്ടരക്ക് തുറവൂര്‍ സെന്റ് അഗസ്റ്റിന്‍ പള്ളിയിലാണ് സംസ്‌കാരം. തലക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണമെന്ന് പോസ്റ്റ് മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. ശരീരത്തിൽ നിന്ന് രക്തം വാർന്നതും മരണകാരണമായി. സംഭവത്തിൽ രണ്ട് ജവാൻമാരെയും സസ്പെൻഡ് ചെയ്ത സിഐഎസ്എഫ് വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.