മാതൃത്വത്താൽ അനുഗ്രഹിക്കപ്പെടുക എന്നത് ഒരു സ്ത്രീക്ക് പ്രകൃതി നൽകിയ ഏറ്റവും വിലപ്പെട്ട സമ്മാനങ്ങളിൽ ഒന്നാണ്. ഗർഭിണിയാകുന്നതിന് മുൻപ് അതുമായി ബന്ധപ്പെട്ട് ഒരുപാട് കാര്യങ്ങൾ അറിയേണ്ടതായുണ്ട്.
അതിൽ സ്‌ത്രീകള്‍ക്ക് ഗര്‍ഭം ധരിക്കാന്‍ പറ്റിയ പ്രായം ഏതാണെന്ന ചോദ്യത്തിന് വ്യത്യസ്‌തങ്ങളായ അഭിപ്രായങ്ങള്‍ പല കോണുകളില്‍ നിന്നും ഉയര്‍ന്ന് വരാറുണ്ട്. ശാസ്‌ത്രീയമായ പഠനങ്ങളുടെയും സ്‌ത്രീകളുടെ ശരീരത്തിന്റെ പ്രത്യേകതകളുടെയും അടിസ്ഥാനത്തില്‍ ഒരു സ്‌ത്രീക്ക് ഗര്‍ഭിണിയാകാന്‍ പറ്റിയ ഏറ്റവും നല്ല സമയം 28 വയസ്സാണെന്ന് ഗൈനക്കോളജിസ്‌റ്റും വന്ധ്യത ചികിത്സ വിദഗ്‌ധയുമായ ഡോ. നന്ദിത പള്‍ഷേട്‌കര്‍ പറയുന്നു.
എന്നാല്‍ ഇന്നത്തെ ജീവിതസാഹചര്യങ്ങളില്‍ ഇത് പലപ്പോഴും പ്രായോഗികമാകാറില്ല എന്നതിനാല്‍ ആദ്യത്തെ കുഞ്ഞ് 30 മുതല്‍ 35 വയസ്സിനിടെ ആകുന്നത് അനുയോജ്യമാണെന്ന് തന്റെ ഏറ്റവും പുതിയ പോഡ്‌കാസ്‌റ്റില്‍ ഡോ. നന്ദിത അഭിപ്രായപ്പെടുന്നു.
ഒരു സ്‌ത്രീ ശാരീരികമായും വൈകാരികമായും സാമ്പത്തികമായും തയ്യാറാകുമ്പോഴാണ് അവള്‍ ഗര്‍ഭിണിയാകേണ്ടതെന്നും ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്നു.
2022ല്‍ പുറത്ത് വന്ന ഒരു പഠനം ആദ്യ പ്രസവത്തിനുള്ള അനുയോജ്യ പ്രായം 30.5 ആണെന്ന് പറയുന്നു. അതേ സമയം അമേരിക്കയിലെ സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ പഠനം അനുസരിച്ച് അവിടുത്തെ അമ്മമാരുടെ ആദ്യ പ്രസവത്തിന്റെ ശരാശരി പ്രായം 27 വയസ്സാണ്.
അമ്മ യൗവനത്തില്‍ ആരോഗ്യത്തോടെ ഇരിക്കുമ്പോള്‍ പ്രസവം നടത്തുന്നത് കുഞ്ഞിന്റെ ആരോഗ്യത്തിനും നല്ലതാണെന്ന് ചില പഠനങ്ങള്‍ പറയുന്നു. ഇരുപതുകളുടെ അവസാനത്തിലും മുപ്പതുകളുടെ ആരംഭത്തിലും ഗര്‍ഭം ധരിക്കാനുള്ള സാധ്യത അധികമാണെന്ന് അമേരിക്കന്‍ കോളജ് ഓഫ് ഒബ്‌സ്റ്റട്രീഷ്യന്‍സ് ആന്‍ഡ് ഗൈനക്കോളജിസ്‌റ്റ്‌സ് 2008ല്‍ പുറത്ത് വിട്ട പഠനവും അടിവരയിടുന്നു. ഈ പ്രായത്തില്‍ ഗര്‍ഭിണിയാകുന്നത് ഗര്‍ഭാവസ്ഥയുമായി ബന്ധപ്പെട്ട സങ്കീര്‍ണ്ണതകളും ഒഴിവാക്കാന്‍ സഹായിക്കും.