തിരുവനന്തപുരം: കൊമോറിൻ മേഖലയിലും അറബിക്കടലിലുമടക്കം കാലവർഷം വ്യാപിച്ചതിന്‍റെ പശ്ചാത്തലത്തിൽ കേരളത്തിൽ മഴ സാധ്യത ശക്തമാകുന്നു. സംസ്ഥാനത്ത് 19 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ മിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതഎന്ന കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പ്. 18ന് പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും 19ന് എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെലോ അലർട്ട് പ്രഖ്യാപിച്ചു.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്നു രാത്രി 11.30 വരെ കേരള തീരത്ത് 0.3 മുതൽ 0.7 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരവാസികളും ജാഗ്രത പുലർത്തണം. തെക്കുകിഴക്കൻ അറബിക്കടൽ, മാലദ്വീപ്, ആൻഡമാൻ, തെക്കൻ ബംഗാൾ ഉൾക്കടൽ മേഖലകളിൽ കാലവർഷം വ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.