രാവിലെ എഴുന്നേറ്റാൽ പല്ലുതേക്കണമെന്ന് എല്ലാവർക്കുമറിയാം. അതുപോലെതന്നെ രാത്രിയിലും പല്ല് തേക്കണമെന്ന് എല്ലാവർക്കും അറിയാമെങ്കിലും പലരും അക്കാര്യം മനപ്പൂർവം മറന്നുകളയാറാണ് പതിവ്. രാത്രിയിൽ പല്ല് തേക്കാതിരിക്കുന്നത് വായിലെ പലതരത്തിലുള്ള ആരോഗ്യപ്രശ്‌ങ്ങൾക്ക് ഇടയാക്കും.
പലപ്പോഴും മടിയും അറിവില്ലായ്‌മയുമാണ് ഇന്ത്യക്കാരെ രാത്രിയിലെ പല്ല് തേപ്പിൽ നിന്ന് പിന്തിപ്പിക്കുന്നത്. രാത്രിയിൽ പല്ല് തേക്കാതിരിക്കുന്നത് പല്ലിൻറെ ആരോഗ്യത്തിന് ഹാനീകരമാണ്.
പകൽ മുഴുവൻ പല്ലിൽ അടിഞ്ഞു കൂടുന്ന ഭക്ഷണവിഭവങ്ങളും ബാക്ടീരിയയും പുറത്ത് വിടുന്ന ആസിഡ് പല്ലിലെ ഇനാമലിനെ വിഘടിപ്പിക്കും.ഉറങ്ങുമ്പോൾ ഉമിനീരിൻ്റെ ഉത്പാദനം കുറയുന്നത് മൂലം ബാക്ടീരിയ കൂടുതൽ വളരും.
ഇത് പല്ല് തേയ്ക്കാതെ കിടക്കുന്നവരിൽ വായ്‌നാറ്റം ഉണ്ടാകാം. പല്ലിൽ അടിഞ്ഞു കൂടുന്ന അഴുക്ക് മോണ രോഗങ്ങളിലേക്കും നയിക്കാം. ഇത് നീർക്കെട്ട്, അണുബാധ, ജിൻജിവിറ്റിസ് പോലുള്ള പ്രശ്‌നങ്ങൾക്കും കാരണമാകാം. ദന്തരോഗങ്ങൾ മാത്രമല്ല മറ്റ് ശാരീരിക പ്രശ്‌നങ്ങളും രണ്ടു നേരം പല്ല് തേയ്ക്കാത്തവർക്ക് ഉണ്ടാകാം.
ദന്തശുചിത്വത്തിൽ രാത്രികാല പല്ലുതേക്കലിന് വലിയ പങ്കാണെന്ന് ആരോഗ്യപ്രവർത്തകർ തന്നെ പറയുന്നു. കൂടുതല്‍ പേരിലും കണ്ടുവരുന്ന പ്രധാനപ്പെട്ട അസുഖമാണ് ദന്തക്ഷയം. പകൽ മുഴുവനും പല്ലിൽ ഭക്ഷണാവശിഷ്ടങ്ങളും ബാക്ടീരിയകളും അടിഞ്ഞുകൂടുമ്പോൾ, അവ പല്ലിന്റെ ഇനാമലിനെ തകർക്കുന്ന ആസിഡുകൾ ഉത്പാദിപ്പിക്കുന്നു. ഇതിന്റെ ഫലമായി പല്ലുകളിൽ കേടുപാടുകളും പല്ലിന് ക്ഷയവും സംഭവിക്കുന്നു.
ദന്ത ശുചിത്വം കുറയുന്നത് മൂലം ഹൃദ്രോഗ സാധ്യത വർധിക്കുന്നതായി സമീപകാല പഠനങ്ങൾ സൂചിപ്പിക്കുന്നു. പ്രമേഹരോഗികൾ ദന്താരോഗ്യം നിലനിർത്തേണ്ടത് അത്യാവശ്യമാണ്.
ചെറുപ്പം മുതലേ ദിവസേന രണ്ടുതവണ ബ്രഷ് ചെയ്യുന്നതിന്റെ പ്രാധാന്യം കുട്ടികളെ സ്കൂളില്‍നിന്നും പഠിപ്പിക്കണമെന്നും ദന്താരോഗ്യത്തെക്കുറിച്ച് ജനങ്ങള്‍ക്ക് ബോധവത്കരണം നടത്തേണ്ടത് അത്യാവശ്യമാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു.