ആലപ്പുഴ: തപാൽ വോട്ടുകൾ പൊട്ടിച്ചു തിരുത്തിയിട്ടുണ്ടെന്ന മുൻമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി.സുധാകരന്റെ പരാമര്‍ശത്തില്‍ ബൂത്തുപിടുത്തം ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ ചുമത്തി കേസെടുക്കാൻ തിരഞ്ഞെടുപ്പു കമ്മിഷൻ നടപടി തുടങ്ങി. ജനപ്രാതിനിധ്യ നിയമത്തിലെ നാല് വകുപ്പുകള്‍ പ്രകാരം കേസ് എടുക്കാമെന്നാണ് വിലയിരുത്തല്‍. കേസെടുക്കുന്നതിലുള്ള നിയമപോദേശം ആലപ്പുഴ സൗത്ത് പൊലീസിന് ഇന്ന് ലഭിക്കും. ആലപ്പുഴ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ അഡ്വ ബിജി ആണ് നിയമോപദേശം നല്‍കുക. സംഭവത്തില്‍ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് വരണാധികാരികൂടിയായ ജില്ലാകളക്ടര്‍ സൗത്ത് പൊലീസ് എസ്എച്ച്ഒ യ്ക്ക് കത്ത് നല്‍കിയിരുന്നു.
വിഷയം ഇന്ന് ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിലും ചര്‍ച്ചയാകും. ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാന്‍ സിപിഐഎം കൂട്ടുനിന്നു എന്ന വിമര്‍ശനമാണ് ഉയരുന്നത്. അതുകൊണ്ടുതന്നെ ഈ വിഷയത്തെ അഭിസംബോധന ചെയ്യാതിരിക്കാന്‍ സിപിഐഎമ്മിന് സാധിക്കില്ലെന്നാണ് വിവരം.
കേസ് നടപടികൾ പുരോഗമിക്കുന്നതിനിടെ, ഇന്നലെ വൈകിട്ടു സുധാകരൻ വെളിപ്പെടുത്തൽ അപ്പാടെ നിഷേധിച്ചു. അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നും താൻ തപാൽ ബാലറ്റ് തുറന്നു നോക്കിയിട്ടില്ലെന്നും ചേർത്തല കടക്കരപ്പള്ളിയിൽ സിപിഐ സംഘടിപ്പിച്ച പരിപാടിയിൽ അദ്ദേഹം പറഞ്ഞു. ലേശം ഭാവന കലർത്തി പറഞ്ഞതു മാധ്യമങ്ങൾ വലിയ വാർത്തയാക്കിയതാണെന്നും പറഞ്ഞു. 1989 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിലെ സിപിഎം സ്ഥാനാർഥിക്കു വേണ്ടി തപാൽ തപാൽ വോട്ടുകൾ പൊട്ടിച്ചു തിരുത്തിയെന്നായിരുന്നു ബുധനാഴ്ച സുധാകരൻ പ്രസംഗിച്ചത്.