News

ഇന്ത്യാ- തുർക്കി ബന്ധം വഷളാകുന്നു ? തുര്‍ക്കി സ്ഥാനപതിയെ അംഗീകരിക്കുന്ന ചടങ്ങ് അനിശ്ചിത കാലത്തേക്ക് മാറ്റി

ന്യൂഡല്‍ഹി: ഇന്ത്യാ- തുർക്കി ബന്ധം വഷളാകുന്നതായി സൂചന. ഇന്ത്യയിലേക്കുള്ള തുര്‍ക്കിയുടെ പുതിയ അംബാസഡറെ അംഗീകരിക്കുന്ന ചടങ്ങ് ഇന്ത്യ അനിശ്ചിത കാലത്തേക്ക് മാറ്റിവെച്ചു. അലി മുറാത് എര്‍സോയിയെ ആണ് ഇന്ത്യയിലേക്കുള്ള തുര്‍ക്കിയുടെ പുതിയ അംബാസഡറായി നിയമിതനാകേണ്ടത്.

പഹല്‍ഗാം ഭീകരാക്രമണത്തിലും തുടര്‍ന്ന് നടന്ന ഓപ്പറേഷന്‍ സിന്ദൂര്‍ നടപടിയിലും ഇന്ത്യാവിരുദ്ധ നിലപാടെടുത്ത തുര്‍ക്കിയുമായി ബന്ധം മോശമാകുന്നതായി സൂചന. അലി മുറാത് എര്‍സോയി സ്ഥാനമേല്‍ക്കുന്നതിന് മുമ്പ് ഇന്ത്യ ഇദ്ദേഹത്തെ അംഗീകരിക്കേണ്ടതുണ്ട്. രാഷ്ട്രപതിയുടെ സാന്നിധ്യത്തില്‍ നടക്കേണ്ട ചടങ്ങ് ഇന്ന് നടക്കേണ്ടതായിരുന്നു. വിഷയത്തില്‍ തുര്‍ക്കി എംബസി പ്രതികരിച്ചിട്ടില്ല. എന്ന് ചടങ്ങ് നടത്തുമെന്നോ എന്തുകൊണ്ടാണ് മാറ്റിവെച്ചതെന്നോ ഇന്ത്യ വ്യക്തമാക്കിയിട്ടുമില്ല. മാര്‍ച്ചിലാണ് അലി മുറാത് എര്‍സോയി ഇന്ത്യയിലെ അംബാസഡറായി എത്തുന്നത്. എന്നാല്‍, ഇന്ത്യ അംഗീകാരം നല്‍കാത്തിടത്തോളം കാലം ഈ നിയമനത്തിന് പ്രാബല്യമുണ്ടാകില്ല.അതേസമയം, ഇതിനൊപ്പം നടക്കേണ്ടിയിരുന്ന തായ് അംബാസഡറിന്റെയും പുതിയ ബംഗ്ലാദേശ് ഹൈക്കമ്മീഷണറിനെയും അംഗീകരിക്കുന്ന ചടങ്ങും മാറ്റിവെച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ ഗ്രൗണ്ട് ഹാന്‍ഡിലിങ് പ്രവൃത്തികള്‍ ഏറ്റെടുത്ത് നടത്തിയിരുന്ന തുര്‍ക്കി ബന്ധമുള്ള കമ്പനിയുടെ സെക്യൂരിറ്റി ക്ലിയറന്‍സ് റദ്ദാക്കിയത്. തുര്‍ക്കിയിലെ ജെലെബി ഏവിയേഷന്‍ ഹോള്‍ഡിങ്ങിന്റെ ഇന്ത്യയിലെ കമ്പനിയായ ജെലെബി എയര്‍പോര്‍ട്ട് സര്‍വീസസ് ഇന്ത്യ എന്ന കമ്പനിയുടെ സെക്യൂരിറ്റി ക്ലിയറന്‍സ് ആണ് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി റദ്ദാക്കിയത്. ദേശസുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കയുടെ പേരിലാണ് കമ്പനിക്കെതിരെ നടപടിയെടുത്തത്. ഡല്‍ഹി, മുംബൈ, ചെന്നൈ ഉള്‍പ്പെടെ ഒമ്പത് വിമാനത്താവളങ്ങളിലാണ് ജെലെബി പ്രവര്‍ത്തിച്ചിരുന്നത്.

മുംബൈ വിമാനത്താവളത്തിന്റെ 70 ശതമാനം ഗ്രൗണ്ട് ഓപ്പറേഷന്‍സും തുർക്കി കമ്പനിയാണ് കൈകാര്യം ചെയ്യുന്നത്. ജനറല്‍ ഏവിയേഷന്‍ സര്‍വീസ്, പാസഞ്ചര്‍ സര്‍വീസ്, കാര്‍ഗോ, പോസ്റ്റല്‍ സര്‍വീസ്, വെയര്‍ഹൗസ് ആന്‍ഡ് ബ്രിഡ്ജ് ഓപ്പറേഷന്‍ തുടങ്ങിയ ഗ്രൗണ്ട് ഓപ്പറേഷന്‍സുകളെല്ലാം കമ്പനി കൈകാര്യം ചെയ്യുന്നുണ്ട്. സുരക്ഷാ അനുമതി പിന്‍വലിച്ചതോടെ ഇവരുടെ പ്രവര്‍ത്തനം വിലക്കിയത് ഈ വിമാനത്താവളങ്ങളില്‍ ആശയക്കുഴപ്പത്തിന് കാരണമായിരുന്നു.

ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ പാകിസ്താന് പിന്തുണ പ്രഖ്യാപിച്ച് തുര്‍ക്കി രംഗത്ത് വന്നിരുന്നു. ഇതില്‍ ഇന്ത്യ ആശങ്ക രേഖപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നാലെയാണ് നടപടി. തുര്‍ക്കി, അസര്‍ബൈജാന്‍ എന്നീ രാജ്യങ്ങളാണ് പാകിസ്താന് പന്തുണ പ്രഖ്യാപിച്ചത്. ഈ രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ ഇന്ത്യക്കാര്‍ റദ്ദാക്കിത്തുടങ്ങിയിട്ടുണ്ട്. തുര്‍ക്കി ഉത്പന്നങ്ങള്‍ക്ക് ബഹിഷ്‌കരണ ആഹ്വാനവും രാജ്യത്ത് ഉയര്‍ന്നിട്ടുണ്ട്.