ന്യൂഡൽഹി: പ്രതിരോധ മേഖല കൂടുതൽ ശക്തിപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ. ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പ്രതിരോധ ബജറ്റിന് നിലവിൽ അനുവദിച്ചിരുന്ന തുകയ്ക്ക് പുറമെ അധികമായി 50,000 കോടി രൂപ കൂടി അനുവദിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം.
നിലവിൽ 6.81 ലക്ഷം കോടി രൂപയാണ് നീക്കിയിരിപ്പ്. കൂടുതൽ തുക കൂടി വകയിരുത്തുന്നതോടെ ബജറ്റ് വിഹിതം 7 ലക്ഷം കോടി രൂപ കടക്കും. കൂടുതൽ ആയുധങ്ങൾ വാങ്ങാനും, പ്രതിരോധ മേഖലയിലെ ഗവേഷണങ്ങളും മറ്റും മുന്നോട്ടുകൊണ്ടുപോകാനുമാണ് കൂടുതൽ തുക. നിലവിൽ ഇതിനുള്ള നിർദേശം മാത്രമാണ് മുന്നോട്ടുവെച്ചിട്ടുള്ളത്. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അനുമതി നേടിയെടുക്കാനാണ് പദ്ധതി.
2014 -15 കാലയളവിൽ 2.29 ലക്ഷം കോടി രൂപയാണ് പ്രതിരോധ വകുപ്പിന് വേണ്ടി വകയിരുത്തിയത്. പിന്നീടുള്ള വർഷങ്ങളിൽ ഇത് കൂടിവന്നു. നിലവിൽ മൊത്തം ബജറ്റിന്റെ 13 ശതമാനമാണ് പ്രതിരോധത്തിനായി നീക്കിവെച്ചിരിക്കുന്നത്.
പാകിസ്താനെതിരെ വലിയ വിജയമാണ് ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ നേടിയത്. ഒമ്പത് ഭീകര കേന്ദ്രങ്ങള്‍ തകര്‍ക്കുകയും 100 തീവ്രവാദികള്‍ കൊല്ലപ്പെടുകയും ചെയ്തു. യൂസഫ് അസര്‍, അബ്ദുള്‍ മാലിക് റൗഫ്, മുദാസീര്‍ അഹമ്മദ് എന്നിങ്ങനെയുള്ള കൊടുംഭീകരർ കൊല്ലപ്പെട്ടിരുന്നു.
ആക്രമണം നടത്തിയ ദൃശ്യങ്ങളും സൈന്യം പുറത്തുവിട്ടിട്ടിരുന്നു ഡ്രോണുകൾ ഉപയോഗിച്ചും മിസൈലുകള്‍ ഉപയോഗിച്ചുമാണ് ഇന്ത്യന്‍ മിലിട്ടറി താവളങ്ങളെ പാകിസ്താന്‍ ആക്രമിക്കാന്‍ ശ്രമിച്ചത്. പാകിസ്താന്റെ ആക്രമണങ്ങളെയെല്ലാം പ്രതിരോധിച്ചു.
എട്ടാം തിയതി രാത്രി ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ താവളങ്ങള്‍ കേന്ദ്രീകരിച്ചും പാക് സൈന്യത്തിന്റെ ആക്രമണമുണ്ടായി. എന്നാല്‍ ഒരു തരത്തിലുളള നാശനഷ്ടവുമുണ്ടാക്കാന്‍ പാകിസ്താന് സാധിച്ചില്ല. ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന്റെ 30-40 സൈനിക വരെ കൊല്ലപ്പെട്ടിരുന്നു. പാകിസ്താനിലെ ജക്കോബാബാദ്, ബൊലാറി, സര്‍ഗോദ, റഹീം യാര്‍നല്‍, ചക്കാല നൂര്‍ ഖാന്‍ വ്യോമ താവളങ്ങള്‍ ഇന്ത്യ തകർക്കുകയും ചെയ്തു.