തിരുവനന്തപുരം വഞ്ചിയൂരില്‍ യുവ അഭിഭാഷകയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിയായ സീനിയര്‍ അഭിഭാഷകന്‍ ബെയലിന്‍ ദാസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഒളിവിലായിരുന്ന ബെയ്‌ലിന്‍ ദാസിനെ വ്യാഴാഴ്ച തിരുവനന്തപുരം സ്റ്റേഷന്‍ കടവില്‍ വെച്ചാണ് തുമ്പ പൊലീസ് പിടികൂടിയത്. ബെയ്‌ലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയും തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. അതേസമയം തനിക്ക് ഉണ്ടായ അനുഭവം ഇനി മറ്റൊരാള്‍ക്ക് ഉണ്ടാകരുതെന്നും, തന്നെ പിന്തുണച്ച എല്ലാവരോടും നന്ദിയുണ്ടെന്നും അഡ്വ. ശ്യാമിലി ജസ്റ്റിന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ശ്യാമിലിയുടെ വാക്കുകള്‍…
”എല്ലാവരോടും നന്ദിയുണ്ട്. പ്രത്യേകിച്ച് കേരള പൊലീസിനോട് അവരുടെ ഊര്‍ജിതമായ അന്വേഷണം കൊണ്ടാണ് പ്രതിയെ കസ്റ്റഡിയില്‍ എടുക്കാന്‍ കഴിഞ്ഞത്. എസ്‌ഐ മഞ്ജു മാഡം, സിഐ സാര്‍, ബാര്‍ അസോസിയേഷന്‍, ബാര്‍ കൗണ്‍സില്‍, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എല്ലാവരോടും നന്ദി പറയുന്നു. എന്റെ വാര്‍ത്തയ്ക്ക് പ്രാധാന്യം നല്‍കിയ മീഡിയ്ക്കും നന്ദിയുണ്ട്. എല്ലാ രാഷ്ട്രീയ പാര്‍ട്ടിയില്‍ നേതാക്കളില്‍ നിന്നും സിനിമ രംഗത്ത് നിന്നുളള പ്രമുഖരില്‍ നിന്നുമൊക്കെ എനിക്ക് വലിയ പിന്തുണയാണ് ലഭിച്ചത്. എല്ലാ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകരും എന്നെ വീട്ടില്‍ വന്ന് കണ്ട് പിന്തുണ അറിയിച്ചു. പബ്ലിക് പ്രൊസിക്യൂട്ടര്‍ ഗീന മാമിനും നന്ദിയുണ്ട്. എന്നെ ആശുപത്രിയില്‍ കൊണ്ട് പോകുന്നതിനെല്ലാം കൂടെയുണ്ടായിരുന്നത് മാഡമായിരുന്നു. മന്ത്രിമാര്‍, എംഎല്‍എ ജോയ് സാര്‍, എന്റെ സഹപ്രവര്‍ത്തകര്‍ എല്ലാരോടും നന്ദിയുണ്ട്. ബെയ്‌ലിന്‍ ദാസിനെ അറസ്റ്റ് ചെയ്തതോടെ തനിക്ക് നീതി ലഭിച്ചു. തന്നെ അടിച്ചെന്ന് ബെയ്‌ലിന്‍ സമ്മതിച്ചു. കൈ കൊണ്ടാണ് തല്ലിയത്. ഓഫീസില്‍ തന്നെ മര്‍ദിച്ചതിന് സാക്ഷികളുണ്ട്. ഇനി ഇത്തരത്തില്‍ ഒരാള്‍ക്ക് പോലും അനുഭവമുണ്ടാകരുത്. ആര്‍ക്കും ആരെയും കൈനീട്ടി അടിക്കാനോ ഉപദ്രവിക്കനോ അവകാശമില്ല”.
ഇന്നലെ രാത്രി 7 മണിയോടെ സഹോദരന്റെ ഓള്‍ട്ടോ കാറില്‍ സഞ്ചരിക്കുന്നതിനിടെയാണ് ഡാന്‍സാഫ് സംഘവും തുമ്പ പൊലീസും ചേര്‍ന്ന് ബെയ്‌ലിനെ പിടിക്കുന്നത്. സംഭവത്തില്‍ ഒളിവില്‍ പോയ പ്രതിക്കായ ഊര്‍ജിതമായ അന്വേഷണം പൊലീസ് നടത്തുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്. പെട്രോളിങിനിടെ ഡാന്‍സാഫ് സംഘത്തിന് മുന്നിലൂടെ പ്രതിയും സുഹൃത്തും കാറില്‍ പോയി. ഡാന്‍സാഫ് സംഘം കാറിനെ ബൈക്കില്‍ പിന്തുടര്‍ന്നു. ഉടന്‍ തന്നെ തുമ്പ പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു. വേളിയില്‍ നിന്നാണ് കാര്‍ ഡാന്‍സാഫ് സംഘം കാര്‍ കണ്ടെത്തിയത്. പിന്തുടര്‍ന്ന് സറ്റേഷന്‍ കടവില്‍ എത്തിയപ്പോഴേക്കും തുമ്പ പൊലീസ് ഇവിടെ എത്തി ബെയ്‌ലിനെ കസ്റ്റഡിയിലെടുത്തു.