ജൈവവൈവിധ്യങ്ങളുടെ കലവറയാണ് കണ്ണൂര്‍ പഴയങ്ങാടിയിലെ മാടായിപ്പാറ. സൂഷ്മജീവികള്‍ തൊട്ട് അപൂര്‍വ്വ ചിത്രശലഭങ്ങളും ഔഷധസസ്യങ്ങളുമൊക്കെ നിറഞ്ഞ മാടായിപാറ വിനോദ സഞ്ചാരികളുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും ഇഷ്ട സങ്കേതങ്ങളിലൊന്നു കൂടിയാണ്.
വേനൽക്കാലത്ത്, ചരിവുകളിൽ സ്വർണ്ണ നിറത്തിലുളള പുല്ല് പുതക്കുന്ന, മഴക്കാലത്ത് പച്ച കോടിയെടുക്കുന്ന, അതേസമയം വസന്തത്തിൽ നീല കാട്ടുപൂക്കളണിയുന്ന അതിമനോഹരിയായ മാടപ്പാറ പ്രക്യതിയുടെ വിസ്മയമായി നിലക്കൊളളുന്നു.
ഇതിനോടൊപ്പം നിരവധി അത്ഭുതങ്ങളും മാടായിപ്പാറ ഒളിപ്പിച്ചിട്ടുണ്ട്. അതിലൊന്നാണ് മാടായിപ്പാറയിലെ ജൂതക്കുളം. പുരാതന കാലത്ത് ജൂതന്മാര്‍ നിര്‍മിച്ചതിനാലാണ് ഈ കുളത്തിന് ജൂതക്കുളമെന്നു പേരുവന്നത്. മാടായിപ്പാറയിലെ ചെങ്കല്ല് തുരന്നെടുത്താണ് ജൂതക്കുളം നിര്‍മിച്ചത്. ഒരിക്കലും വറ്റാത്ത നീരുറവയാണിത്. അറുപതടി നീളവും നാല്‍പത്തിയഞ്ചടി വീതിയുമുണ്ട് ഈ നിര്‍മിതിക്ക്.
പലനൂറ്റാണ്ടു മുന്‍പ് പാലായനം ചെയ്ത് ജൂതന്മാര്‍ ഇന്ത്യയിലുമെത്തിയെന്നാണ് ചരിത്രം പറയുന്നത്. ഇതിന്‍റെ ഭാഗമായി ഏഴിമലയിലെത്തിയ ജൂതസംഘത്തിന് മൂഷക രാജവംശം മാടായിയില്‍ അഭയം നല്‍കിയെന്നാണ് ഐതിഹ്യം. മാടായിപ്പാറയുടെ നെറുകെയില്‍ ദീര്‍ഘചതുരാകൃതിയില്‍ ഒരു വാലോടെ കൊത്തിയെടുത്തതാണ് ഇന്ന് ജൂതക്കുളമെന്ന് അറിയപ്പെടുന്നത്.
ഈ പ്രദേശത്ത് പുരാതന ജൂത വാസത്തെക്കുറിച്ചു സൂചന നൽകുന്ന, വാൽ കണ്ണാടിയുടെ ആകൃതിയിലുള്ള ജൂതക്കുളവും, വാച്ച് ടവറുകളുടെ അവശിഷ്ടങ്ങളും കാണാം. ഈ ചരിത്ര സമ്പന്നത മാടായിപ്പാറയുടെ പ്രകൃതി സൗന്ദര്യത്തിന് ആഴം കൂട്ടുന്നു.
തൊട്ടടുത്തായി പുരാതനമായ മാടായികാവ്, വടക്കുന്ന് ക്ഷേത്രം, പന്ത്രണ്ടാം നൂറ്റാണ്ടിൽ മാലിക് ബിൻ ദിനാർ പണികഴിപ്പിച്ച പള്ളിയും ജൂതക്കുളവുമെല്ലാം കാലാകാലങ്ങളായി പകർന്നു വരുന്ന സാംസ്കാരിക വൈവിധ്യങ്ങളെ സൂചിപ്പിക്കുന്നു.
നിങ്ങൾ പ്രകൃതിസ്‌നേഹിയോ ചരിത്രസ്‌നേഹിയോ ആത്മീയ അന്വേഷകനോ ആകട്ടെ, വൈവിധ്യമാർന്ന താൽപ്പര്യങ്ങൾ നിറവേറ്റുന്ന ലക്ഷ്യസ്ഥാനമാണ് മാടായിപ്പാറ. അതിൻ്റെ ഭൂപ്രകൃതി ആകർഷണീയവും അമൂല്യവുമാണ്.