ന്യൂഡല്‍ഹി: ഇന്ത്യയുമായി സംയോജിത ചര്‍ച്ചയ്ക്ക് തയ്യാറെന്ന് പാക് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇസ്ഹാഖ് ദര്‍. എല്ലാ തര്‍ക്കങ്ങളും പരിഹരിക്കാന്‍ ഇന്ത്യയുമായി സംയോജിത ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പാക് പാര്‍ലമെന്റിന്റെ ഉപരിസഭയായ സെനറ്റിലാണ് അദ്ദേഹം അറിയിച്ചത്. എന്നാൽ ഭീകരത, കശ്മീര്‍ എന്നീ വിഷയങ്ങളില്‍ മാത്രമേ ചര്‍ച്ചയുള്ളൂവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പറഞ്ഞിരുന്നു.
വെടിനിര്‍ത്തല്‍ മെയ് 18 വരെ നീട്ടിയതായും അദ്ദേഹം അവകാശപ്പെട്ടു. ‘ഇന്ത്യ-പാക് സൈനിക തലത്തില്‍ നടന്ന ചര്‍ച്ചയിലാണ് വെടിനിര്‍ത്തല്‍ നീട്ടിയത്. എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് ആത്യന്തികമായി രാഷ്ട്രീയ സംഭാഷണം നടക്കേണ്ടതുണ്ട്. സംയോജിതമായി ചർച്ച നടത്തുമെന്ന് ഞങ്ങള്‍ ലോകത്തോട് പറഞ്ഞിട്ടുണ്ട്.’ ഇസ്ഹാഖ് ദര്‍ പറഞ്ഞു. പാക് ഉപപ്രധാനമന്ത്രിയുടെ പ്രസ്താവനയോട് ഇന്ത്യ പ്രതികരിച്ചിട്ടില്ല.
ഭീകരത, പാക് അധിനിവേശ കശ്മീര്‍ എന്നീ വിഷയങ്ങളില്‍ മാത്രമേ പാകിസ്താനുമായി ചര്‍ച്ചയുള്ളൂവെന്ന് നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. കശ്മീര്‍ വിഷയത്തില്‍ ഇടപെടല്‍ നടത്താമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വാഗ്ദാനം ചെയ്ത പശ്ചാത്തലത്തില്‍കൂടിയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. ഓപ്പറേഷന്‍ സിന്ദൂരിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചപ്പോഴായിരുന്നു ഇന്ത്യന്‍ നിലപാട് വ്യക്തമാക്കിയത്.
ഇതിനിടെ സിന്ധു നദീജല ഉടമ്പടി നിയമവിരുദ്ധമായി നിര്‍ത്തിവച്ചതിലൂടെ പാകിസ്താന്റെ വെള്ളം തടയാനുള്ള ഏതൊരു ശ്രമത്തെയും യുദ്ധനടപടിയായി കണക്കാക്കുമെന്നും പാക് ഉപപ്രധാനമന്ത്രി പറയുകയുണ്ടായി.
‘എന്നാല്‍ വള്ളവും രക്തവും ഒന്നിച്ചൊഴുകില്ലെന്ന് പ്രധാനമന്ത്രി നേരത്തെ ഇത് സംബന്ധിച്ച് പാകിസ്താന് മറുപടി നല്‍കിയിരുന്നു. ‘ഇത് യുദ്ധത്തിന്റെ കാലഘട്ടമല്ല. ഭീകരതയുടേതുമല്ല. ഇന്ത്യ ശക്തമാവുകയാണ്. അപ്പോള്‍ ശക്തിപ്രകടിപ്പിക്കേണ്ടതായും വരും. ഭീകരതയ്‌ക്കൊപ്പം ചര്‍ച്ചയും വ്യാപാരവും ഒന്നിച്ചുപോകില്ല. വെള്ളവും രക്തവും ഒന്നിച്ചൊഴുകില്ല.’ പ്രധാനമന്ത്രി വ്യക്തമാക്കുകയുണ്ടായി.