News

‘സുധാകരന്റെ പ്രസംഗം കേട്ടത് അത്ഭുതത്തോടെ, ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ല’; 1989ലെ സിപിഎം സ്ഥാനാര്‍ത്ഥി കെ.വി.ദേവദാസ്

1989 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ടില്‍ കൃത്രിമം നടത്തിയെന്ന സിപിഐഎം നേതാവ് ജി.സുധാകരന്റെ പരാമര്‍ശം വിവാദമായിരുന്നു. പരാമര്‍ശം വിവാദമായത്തോടെ പ്രസ്താവന തിരുത്തി ജി. സുധാകരന്‍ രംഗത്തെത്തി. താന്‍ കളളവോട്ട് ചെയ്തിട്ടല്ലെന്നും പറഞ്ഞത്തില്‍ അല്‍പം ഭാവന കലര്‍ത്തിയെന്നുമായിരുന്നു സുധാകരന്റെ തിരുത്തല്‍. ഇപ്പോഴിതാ വിഷയത്തില്‍ 1989ലെ സിപിഎം സ്ഥാനാര്‍ത്ഥി കെ.വി.ദേവദാസ് പ്രതികരിച്ചിരിക്കുകയാണ്. ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നും സുധാകരന്റെ പ്രസംഗം കേട്ടത് അത്ഭുതത്തോടെയെന്നും വാര്‍ത്തകേട്ട് ഞെട്ടിയെന്നുമാണ് കെ.വി.ദേവദാസിന്റെ പ്രതികരണം.

കെ.വി.ദേവദാസ് പറഞ്ഞത് ഇങ്ങനെ….

”ടിവിയിലൂടെ സുധാകരന്റെ പ്രസംഗം കേട്ട് ഞാന്‍ ഞെട്ടിപോയി. സുധാകരന്‍ പറയുന്നത് കേട്ടപ്പോള്‍ എനിക്ക് അത്ഭുതമാണ് തോന്നിയത്. ഇങ്ങനെയൊരു ക്രമകേട് നടന്നിട്ടുണ്ടെങ്കില്‍ സ്ഥാനാര്‍തഥിയെന്ന നിലയ്ക്ക് എന്റെ ശ്രദ്ധയില്‍ പെടെണ്ടതാണ്. ആരും ഇതെ കുറിച്ച് എന്നോട് പറഞ്ഞതുമില്ല. 36 വര്‍ഷം കഴിഞ്ഞു ഒരാള്‍ പോലും ഇങ്ങനെയൊരു സംഭവം നടന്നതായി എന്നോട് പറഞ്ഞിട്ടില്ല. സുധാകരന്‍ നല്ലൊരു സംഘാടകനും പ്രവര്‍ത്തകനുമായിരുന്നു. എല്‍ഡിഎഫ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സെക്രട്ടറിയായിരുന്നു സുധാകരന്‍ അങ്ങനെ ഒരു പ്രവര്‍ത്തിക്ക് കൂട്ട് നില്‍ക്കുമെന്ന് തോന്നുന്നില്ല. തനിക്കെതിരായി സര്‍വീസ് സംഘടനകള്‍ വോട്ട് ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല. എന്‍ജിഒ യൂണിയനിലെ എല്ലാവരും തനിക്ക് വൊട്ട് ചെയ്തിരുന്നില്ലെന്ന ജി.സുധാകരന്റെ പരാമര്‍ശം വാസ്തവമല്ല. തപാല്‍ വോട്ടുകളുടെ കവര്‍ പൊട്ടിച്ചുനോക്കുന്നത് നിയമവിരുദ്ധമാണ്. എന്തുകൊണ്ടാണ് സുധാകരന്‍ ഇങ്ങനെയൊരു പരാമര്‍ശം നടത്തിയതെന്ന് എനിക്ക് ഊഹിക്കാന്‍ പോലും പറ്റുന്നില്ല. ജി.സുധാകരന്റെ പരാമര്‍ശം കേട്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി”.

1989 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിക്ക് വേണ്ടിയാണ് തിരുത്തിയതെന്നായിരുന്നു ജി.സുധാകരന്റെ പരാമര്‍ശം. കെ.വി.ദേവദാസ് ആലപ്പുഴയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചപ്പോള്‍ ഇലക്ഷന്‍ കമ്മിറ്റി സെക്രട്ടറിയായിരുന്ന ഞാന്‍. പോസ്റ്റല്‍ ബാലറ്റ് ശേഖരിച്ച് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ കൊണ്ടുവന്നു. അവിടെ വെച്ചു ഞാനുള്‍പ്പടെയുളളവര്‍ പോസ്റ്റല്‍ വോട്ടുകള്‍ പൊട്ടിച്ചു തിരുത്തിയിട്ടുണ്ട്. ഇതായിരുന്നു സുധാകരന്റെ വിവാദ പ്രസംഗം.

വക്കം പുരുഷോത്തമന്‍ എതിരെയാണ് അന്ന് ദേവദാസ് മത്സരിച്ചത്. മികച്ച ഭൂരിപക്ഷത്തിലാണ് വക്കം പുരുഷോത്തമന്‍ ജയിച്ചത്. ജി. സുധാകരന്റെ വെളിപ്പെടുത്തലില്‍ കേസെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.