തിരുവനന്തപുരം വഞ്ചിയൂരില്‍ ജൂനിയര്‍ അഭിഭാഷകയ്ക്ക് ക്രൂരമായ മര്‍ദ്ദനമേറ്റ സംഭവത്തില്‍ പ്രതിയായ സീനിയര്‍ അഡ്വ. ബെയ്‌ലിന്‍ ദാസിന് ജാമ്യമില്ല. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു. പരാതിക്കാരിയായ ജൂനിയര്‍ അഡ്വ. ശ്യാമിലി മര്‍ദ്ദിച്ചുവെന്ന് പ്രിഭാഗം കോടതിയില്‍ വാദിച്ചെങ്കിലും കോടതി അത് പരിഗണിച്ചില്ല. അതേസമയം വിധി കേട്ട് കണ്ണുനിറഞ്ഞെന്ന് അഡ്വ.ശ്യാമിലി പറഞ്ഞു. കോടതിയുടെ തീരുമാനം എന്തായാലും അംഗീകരിക്കുമെന്നും ശ്യാമിലി അറിയിച്ചു.
ശ്യാമിലിയുടെ പ്രതികരണം….
”എനിക്ക് എന്താണ് സംഭവിച്ചതെന്ന് ഞാന്‍ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനുളള നടപടി എടുക്കണം. എന്നെ തല്ലിയതിനുളള ശിക്ഷ ലഭിച്ചാല്‍ മതി. കളളത്തരത്തിലൂടെ എനിക്കൊന്നും നേടാനില്ല. എതൊക്കെ രീതിയില്‍ ഡിഫന്‍സ് വരുമെന്ന് എനിക്ക് നല്ല ബോധ്യമുണ്ട്. പൊതുസമൂഹത്തിന്റെ മുന്നില്‍ അതേ കുറിച്ച് സംസാരിക്കേണ്ട കാര്യമില്ല. അതൊക്കെ കോടതി തീരുമാനിക്കട്ടെ. എനിക്ക് വേണ്ടി നല്ല രീതിയില്‍ പ്രൊസിക്യൂഷന്‍ വാദം നടന്നുവെന്ന് അറിഞ്ഞതില്‍ സന്തോഷം. റിമാന്‍ഡ് ചെയ്തതിലും സന്തോഷം. റിമാന്‍ഡ് ചെയ്തില്ലെങ്കിലും ഞാന്‍ കോടതിയെ കുറ്റം പറയില്ലായിരുന്നു. കോടതിയുടെ തീരുമാനം എന്തായാലും ഞാന്‍ അത് അംഗീകരിക്കും. ഞാന്‍ പറയാതെ നിങ്ങളക്ക് അറിയാം ബെയ്‌ലിന്‍ ക്രിമിനല്‍ ലോയര്‍ ആണ്. എന്റെ പരിക്കുകളെ ഞാന്‍ സ്വയം വരുത്തി തീര്‍ത്തതാണെന്ന് പറഞ്ഞെന്ന് വരാം. പക്ഷേ എന്റെ പരിക്കുകള്‍ കാണുമ്പോള്‍ തന്നെ നിങ്ങള്‍ക്ക് മനസ്സിലാകും. ഇങ്ങനെയൊരു പരിക്ക് ഉണ്ടാക്കുക എന്ന് പറയുന്നത് യുക്തിക്ക് പോലും നിരകാത്തതാണ്. എനിക്ക് കളളത്തരം ഒന്നും പറയേണ്ട ആവശ്യമില്ല, അവിടെ എന്താണോ നടന്നത് അത് ഞാന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. കോടതിയുടെ തീരുമാനം എന്തായാലും അംഗീകരിക്കുമെന്നും ശ്യാമിലി പറഞ്ഞു”.
പ്രതിക്ക് കുടുംബമുണ്ടെന്നും മൂന്ന് കുട്ടികളുണ്ടെന്നും സമൂഹത്തില്‍ മാന്യതയുളള വ്യക്തിയാണെന്നും പ്രതിഭാഗം വാദിച്ചു. എന്നാല്‍ പ്രതി നിയമപരിജ്ഞാനം ഉളളയാളാണെന്നും തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. സാക്ഷികളെയും ഇരയെയും സ്വാധീനിക്കാന്‍ സാധ്യതയുളളതിനാല്‍ ജാമ്യം അനുവദിക്കരുതെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം.