പാലക്കാട് മലമ്പുഴ എലിവാലില്‍ വീട്ടിനകത്ത് പുലി കയറിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വീട്ടുകാര്‍. മലമ്പുഴ എലിവാല്‍ സ്വദേശികളായ കൃഷ്ണന്റെയും ലതയുടെയും വീടിന് അകത്താണ് പുലി കയറിയത്. വീട്ടില്‍ കയറിയ പുലി വളര്‍ത്ത് നായയെ കടിച്ചു വലിച്ച് കൊണ്ടുപോയതായും വീട്ടുകാര്‍ പറയുന്നു. വീടിന്റെ പുറക് വശത്തെ വാതിലിലൂടെയാണ് പുലി വീടിനകത്തേക്ക് കയറിയത് . ബുധനാഴ്ചയായിരുന്നു വീട്ടുകാരെ ഭീതിയിലാക്കിയ ഈ സംഭവം ഉണ്ടായത്.
വീട്ടികാരുടെ പ്രതികരണം ഇങ്ങനെ….
”ബുധനാഴ്ച രാത്രിയായിരുന്നു സംഭവം ഉണ്ടായത് . വീട്ടില്‍ ചൂട് ആയതിനാല്‍ കുടുംബത്തോടെ പുറത്തിരിക്കുകയായിരുന്നു. വീടിനുളളില്‍ തിരിച്ച് കയറി കിടന്നതും വീട്ടില്‍ പുലി വന്നു. നായയെ വാതിലില്‍ കെട്ടിയിട്ട് , ഞങ്ങള്‍ കട്ടിലില്‍ കിടക്കുകയായിരുന്നു. കണ്ണ് തുറന്ന് നോക്കിയപ്പോഴേക്കും നായയെ പിടിച്ചു കൊണ്ടു പോയി. പുറത്ത് നായ ഇല്ലായിരുന്നെങ്കില്‍ മനുഷ്യനെ പിടിച്ചു കൊണ്ട് പോകുമായിരുന്നു. ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കിയതും നായയെയും കൊണ്ട് പുലി ഓടുന്നതാണ് കണ്ടത്. അയല്‍വാസികളും ഞങ്ങളും വടിയും ലൈറ്റുമൊക്കെ ആയി രാത്രി ഇറങ്ങിയെങ്കിലും പുലിയെ കാണാന്‍ കഴിഞ്ഞില്ല. രാവിലെ എഴുന്നേറ്റ് നോക്കിയപ്പോള്‍ അടുത്ത വീട്ടിലെ തൊഴുത്തില്‍ കയറിയതായും ജനല്‍ പൊളിച്ചിട്ടതായുമെല്ലാം കാണാന്‍ കഴിഞ്ഞു. വീട്ടില്‍ പുലി കയറി വന്ന സമയത്ത് ഞങ്ങള്‍ ഉറക്കത്തിലായിരുന്നു ശബ്ദം കേട്ടാണ് എഴുന്നേറ്റത്. കുഞ്ഞുങ്ങളും പേടിച്ച് കരയാന്‍ തുടങ്ങി. ഞാനും കട്ടിലില്‍ നിന്ന് പേടിച്ച് താഴെക്ക് വീണു. 4 ദിവസത്തിനു മുമ്പേ വേറൊരു നായയെയും പുലി പിടിച്ചു കൊണ്ട് പോയിരുന്നു. ഇവിടെ സ്ഥിരമായി പുലി വരുന്ന പ്രദേശമാണ്. അടുത്തുളള വീടുകളിലും പുലി വന്ന് നായകളെയും പശുകുട്ടിയെയും പിടിച്ചുകൊണ്ട് പോകാറുണ്ട്. എന്നാല്‍ വീടിന് അകത്ത് പുലി കയറി വരുന്നത് ആദ്യമായിട്ടാണ്. കുഞ്ഞുങ്ങള്‍ക്ക് ഭയങ്കര പേടിയാണ്. പുലി വരുന്നത് കൊണ്ട് ഇനി എന്ത് വിശ്വസിച്ച് വീട്ടില്‍ ഇവരെ ഇവിടെ കിടത്തുമെന്നറിയില്ല. 3 ദിവസം കഴിയുമ്പോള്‍ പുലി വീണ്ടും വരാന്‍ സാധ്യതയുണ്ട്.”