അഹമ്മദാബാദ്: ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. പാക്ക് ഭീകരവാദത്തെ തുടച്ചു നീക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തേത് ‘ട്രെയിലർ’ മാത്രമാണെന്നും ശരിയായ സമയം വരുമ്പോൾ ‘മുഴുവൻ സിനിമയും’ ലോകത്തിനു മുന്നിൽ കാണിക്കുമെന്നും രാജ്നാഥ് സിങ് പറഞ്ഞു. ഗുജറാത്തിലെ ഭുജിൽ സൈനിക താവളം സന്ദർശിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
23 മിനിറ്റിനുള്ളിൽ പാക്ക് താവളങ്ങളെ നശിപ്പിച്ച വ്യോമസേനയെ രാജ്‍നാഥ് സിങ് അഭിനന്ദിച്ചു. വ്യോമസേന നൽകിയ തിരിച്ചടി ലോകം മുഴുവൻ അറിഞ്ഞതായി അദ്ദേഹം പറഞ്ഞു. ഭീകര ക്യാംപുകൾ ആക്രമിക്കുക മാത്രമല്ല വ്യോമസേന ചെയ്തത്. ഭീകരവാദം ഇന്ത്യ ഒരുതരത്തിലും വച്ചുപൊറുപ്പിക്കില്ലെന്നും ശക്തമായ തിരിച്ചടി നൽകുമെന്നുമുള്ള വ്യക്തമായ സന്ദേശമാണ് വ്യോമസേന നൽകിയത്. പാക്കിസ്ഥാന്റെ മണ്ണിലെ 9 ഭീകരത്താവളങ്ങൾ നമ്മുടെ സൈന്യം എങ്ങനെ നശിപ്പിച്ചുവെന്ന് ലോകം മുഴുവൻ കണ്ടതാണെന്നും പാക്കിസ്ഥാന്റെ അടിസ്ഥാന സൗകര്യങ്ങൾക്കു കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
‘‘പാക്കിസ്ഥാന്റെ നിരവധി വ്യോമതാവളങ്ങൾ നശിപ്പിക്കപ്പെട്ടു. ബ്രഹ്മോസ് മിസൈലിന്റെ ശക്തി പാക്കിസ്ഥാൻ തന്നെ അംഗീകരിച്ചിട്ടുണ്ട്. നമ്മുടെ വ്യോമസേനയ്ക്ക് പാക്കിസ്ഥാന്റെ എല്ലാ കോണുകളിലും എത്താൻ കഴിയുമെന്ന് ഓപ്പറേഷൻ സിന്ദൂറിൽ തെളിയിക്കപ്പെട്ടു’’–രാജ്നാഥ് സിങ് പറഞ്ഞു.
രാജ്യാന്തര നാണയ നിധിയിൽ (ഐഎംഎഫ്) നിന്ന് പാക്കിസ്ഥാന് സാമ്പത്തിക സഹായം നൽകുന്നതിനെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് വിമർശിച്ചു. ഐഎംഎഫ് ഫണ്ട് തീവ്രവാദ സംഘടനകൾക്കു ധനസഹായം നൽകുന്നതിനായി പാക്കിസ്ഥാൻ ഉപയോഗിക്കും. പാക്കിസ്ഥാന് ഒരു സാമ്പത്തിക സഹായവും നൽകരുത്. ഐഎംഎഫ് ഇക്കാര്യത്തിൽ പുനരാലോചന നടത്തണമെന്നും രാജ്നാഥ് സിങ് പറഞ്ഞു.