പക്ഷികളെ പൊതുവേ സമാധാന ദൂതന്മാരായും പാവമായിമാണും നമ്മൾ പലരും കാണുന്നത്. കൂട്ടിലിട്ട് വളർത്തുന്ന കിളികളേയും നമ്മൾ കണ്ടിട്ടുണ്ട്.എന്നാൽ നമ്മൾ ഇന്ന് സംസാരിക്കുന്നത് കൊലയാളി പക്ഷികളെ കുറിച്ചാണ്. മനുഷ്യരെ പോലും ആക്രമിച്ച് കൊല്ലാൻ ഇവർക്ക് കഴിയും.
ഇരകളെ വേട്ടയാടി പിടിച്ച് കഴിക്കുന്നതിന് പകരം വലിച്ചെറിയപ്പെട്ട മാലിന്യത്തിൽ നിന്ന് ഇവ ഭക്ഷിക്കുന്നു. കഴുകന്മാരും കോണ്ടറുകളും ബുദ്ധിശക്തിയുള്ള കാക്കകളും പോലും മനുഷ്യമാംസം ഭക്ഷിക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.ഇത്തരം അപൂർ ഇനത്തിൽപെട്ട പക്ഷികൾ ഏതെന്ന് നോക്കാം.
ലാമർഗീയർ : മറ്റ് കഴുകന്മാരിൽ നിന്നും തീർത്തും വ്യത്യസ്തരാണ് ലാമർഗീയർ. തെക്കൻ യൂറോപ്പ്, കിഴക്കൻ ആഫ്രിക്ക, ഇന്ത്യൻ ഉപഭൂഖണ്ഡം, ടിബറ്റ് എന്നിവിടങ്ങളിലെ ഉയർന്ന മലനിരകളിലാണ് ഇവയെ പൊതുവെ കാണപ്പെടുന്നത്. ഭംഗി കൊണ്ടും ഭക്ഷണ രീതികൊണ്ടും വ്യത്യസ്‍തരാണ് ഇവ. അസ്ഥികളാണ് ഇവയ്ക്ക് കഴിക്കാൻ ഇഷ്ടം. എല്ലുകൾ എത്ര കഷ്ടപ്പെട്ടും ചെറിയ കഷ്ണങ്ങളാക്കി വിഴുങ്ങുകയാണ് ഇവയുടെ രീതി. വലിയ അസ്ഥികൾ ഉയരങ്ങളിൽ നിന്നും താഴേയ്‌ക്ക് ഇട്ട് പൊട്ടിച്ച് കഴിക്കാനും ഇവർ തയ്യാറാകും. പ്രധാന ഭക്ഷണം അസ്ഥികളാണെങ്കിലും ചെറിയ പല്ലികളെയും ആമകളെയും ഇവ കഴിക്കും.
കാസോവറി: മനുഷ്യനെ ആക്രമിക്കാൻ അറിയാവുന്ന പക്ഷികളാണ് കാസോവറി. ഇവയ്ക്ക് മണിക്കൂറിൽ 50 കി.മീ (31 മൈൽ) വേഗത്തിൽ കുതിക്കാൻ കഴിയും. പറക്കാനാവാത്തതിനാൽ അവർ വികസിപ്പിച്ചെടുത്ത കഴിവാണ് ഇത്. ഇരയുടെ ആന്തരികാവയവങ്ങളെ മുറിവേൽപ്പിക്കാൻ തക്ക മാരകമായ, നഖങ്ങളുളള കാൽ വിരലുകളാണ് ഇവയ്ക്ക് ഉള്ളത്.
ഹാർപ്പി ഈഗിൾ : ലോകത്തിലെ ഏറ്റവും വലുതും ശക്തവുമായ കഴുകന്മാരിൽ ഒന്നാണ് ഹാർപ്പി കഴുകന്മാർ. മധ്യ, തെക്കേ അമേരിക്കയിലെ ഉഷ്ണമേഖലാ മഴക്കാടുകളിൽ നിന്നുള്ളതാണ് ഇവ. ഇവയുടെ നഖങ്ങൾക്ക് 5 ഇഞ്ച് വരെ നീളമുണ്ടാകും. ഇവ കുരങ്ങുകളെയും സ്ലോത്തുകളെയും പോലെ വലിപ്പമുള്ള ഇരയെ പിടിക്കാൻ അവയെ പ്രാപ്തമാക്കുന്നു. മനുഷ്യനെ ആക്രമിക്കാൻ ഇവയ്ക്ക് സാധിക്കുമെങ്കിലും മനുഷ്യവാസ കേന്ദ്രങ്ങളിൽ നിന്ന് അകന്നു നിൽക്കാൻ ഇഷ്ടപ്പെടുന്നവയാണ് ഹാർപ്പി ഈഗിൾസ്. എന്നിരുന്നാലും, അവസരം ലഭിച്ചാൽ ഒരു കൊച്ചുകുട്ടിയെ ഇവ ആക്രമിക്കാൻ നോക്കും.
ആഫ്രിക്കൻ ക്രോൺഡ് ഈഗിൾ : ആഫ്രിക്കയിലെ ഏറ്റവും ശക്തമായ കഴുകന്മാരാണ് ആഫ്രിക്കൻ ക്രോൺഡ് ഈഗിൾസ്. 19 കിലോഗ്രാം വരെ ഭാരമുള്ള മൃഗങ്ങളെ കൊല്ലാൻ ഇവയ്ക്ക് സാധിക്കും. ഇരയുടെ തലയോട്ടി ചതയ്ക്കാൻ ഇവർ നഖങ്ങളോട് കൂടിയ കാലുകളും നട്ടെല്ല് തകർക്കാൻ നീളമുള്ള പിൻ വിരലുകളും ഉപയോഗിക്കുന്നു. ഈ പക്ഷി മനുഷ്യനെ ആക്രമിക്കുന്നതായി നിരവധി റിപ്പോർട്ടുകൾ വന്നിട്ടുണ്ട്.
ഓസ്ട്രേലിയൻ മാഗ്‌പൈ : തക്കം കിട്ടിയാൽ മനുഷ്യന്റെ കണ്ണ് വരെ ചൂഴ്ന്നെടുക്കുന്ന ലോകത്തിലെ ഏറ്റവും ബുദ്ധിയുള്ള പക്ഷിയാണ് മാഗ്‌പൈ. സാധാരണ പക്ഷികളേക്കാൾ ബുദ്ധിയിലും മറ്റും വേറിട്ട് നിൽക്കുന്ന മാഗ്‌പൈ പക്ഷികൾ മനുഷ്യരോട് അത്ര അടുപ്പം കാണിക്കാറില്ല. മാത്രമല്ല, അക്രമണകാരികളുമാണ്. പ്രജനനകാലത്താണ് ഇവ കൂടുതലായും മനുഷ്യരെ ആക്രമിക്കുക. അതും കൃഷ്ണമണി ലക്ഷ്യംവച്ചുകൊണ്ടാണ് ഇവയുടെ ആക്രമണം.
ഗ്രേറ്റ് ഹോൺഡ് മൂങ്ങ : മൂർച്ചയുള്ള വിരലുകളും ഗുരുതരമായ പരിക്കുകൾ ഉണ്ടാക്കാൻ സാധിക്കുന്ന കൊക്കുകളും ഉള്ള വേട്ടക്കാരാണ് ഗ്രേറ്റ് ഹോൺഡ് മൂങ്ങകൾ. നട്ടെല്ലിൻ്റെ ഇരുവശത്തും ഞെക്കിപ്പിടിച്ചുകൊണ്ട് സസ്തനികളെ കൊന്നതായി റിപ്പോർട്ടുണ്ട്. ഈ മൂങ്ങകൾ ആളുകളെ ആക്രമിക്കുന്നതായും നിരവധി റിപ്പോർട്ടുകൾ ഉണ്ട്.
ബാർഡ് മൂങ്ങ : കിഴക്കൻ യുണൈറ്റഡ് സ്റ്റേറ്റ്സിലും തെക്കുകിഴക്കൻ കാനഡയിലും ഉള്ള ഒരു വടക്കേ അമേരിക്കൻ ഇനമാണ് ബാർഡ് മൂങ്ങകൾ. അവ പൊതുവെ മനുഷ്യർക്ക് അപകടകരമല്ല. പക്ഷേ അവയുടെ കൂടുകൾ നശിപ്പിക്കാൻ നോക്കുമ്പോൾ ഇവ അക്രമണകാരികളാകും.ടെക്സാസിലെ കാൽനടയാത്രക്കാരെ ഇവ ആക്രമിച്ചതായി റിപ്പോർട്ടുണ്ട്. എന്നിരുന്നാലും അവർ മനുഷ്യരെ ഉപദ്രവിക്കാറില്ല.