മലപ്പുറം: മലപ്പുറം കാളികാവിൽ ടാപ്പിങ് തൊഴിലാളിയെ കൊന്നു തിന്ന കടുവയ്ക്കായി തിരച്ചിൽ ഊർജിതം. പ്രദേശത്ത് 50 ക്യാമറകൾ സ്ഥാപിച്ചു. ക്യാമറ ട്രാപ്പുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഒന്നിലും ഇന്നലെ കടുവ കുടുങ്ങിയില്ല. ഡ്രോണുകൾ ഉപയോഗിച്ചുള്ള പരിശോധനയും തുടരുകയാണ്. കടുവയെ പിടികൂടുന്നതിനായി രണ്ടുകൂടുകളും വെച്ചിട്ടുണ്ട്. 50 അംഗ ആർആർടി സംഘമാണ് തിരച്ചിൽ നടത്തുന്നത്.
ആക്രമണമുണ്ടായ പ്രദേശത്തും കടുവ വെള്ളം കുടിക്കാൻ വരാൻ സാധ്യതയുള്ള മറ്റൊരു പ്രദേശത്തുമാണ് കൂട് സ്ഥാപിച്ചത്. തിരച്ചിൽ നടത്താനായി 2 കുങ്കിയാനകളെയും സ്ഥലത്ത് എത്തിച്ചു. കടുവ സാന്നിധ്യം തിരിച്ചറിഞ്ഞാൽ മയക്കുവെടി വച്ച് പിടികൂടാൻ ചീഫ് വെറ്ററിനറി സർജൻ ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘം സജ്ജമാണ്.
ആർആർടി അംഗങ്ങൾ ഇന്നലെ രാവിലെ പത്തോടെയാണ് റാവുത്തൻകാടിന്റെ വിവിധ ഭാഗങ്ങളിൽ തിരച്ചിൽ തുടങ്ങിയത്. കടുവയുടെ മണ്ണിൽ പതിഞ്ഞ കാൽപാടുകൾ പിന്തുടർന്നാണ് പ്രധാന തിരച്ചിൽ. വൈകിട്ട് ആറോടെ ഇന്നലത്തെ ദൗത്യം അവസാനിപ്പിച്ച് മടങ്ങി. ഇന്നു രാവിലെ വീണ്ടും തിരച്ചിൽ ആരംഭിക്കും. `അതേസമയം അപകടമുണ്ടായ എസ്റ്റേറ്റിനു സമീപത്തെ മറ്റൊരു റബർ തോട്ടത്തിൽ കടുവയുടെ ശബ്ദം കേട്ടതായി നാട്ടുകാർ ഉദ്യോഗസ്ഥരെ അറിയിച്ചു.
വന്യജീവി പ്രശ്നം പരിഹരിക്കാൻ കഴിയുന്നില്ലെങ്കിൽ സർക്കാർ രാജിവെച്ച് പുറത്ത് പോവണമെന്ന് കത്തോലിക്ക കോൺഗസ്. മലമ്പുഴയിൽ ഉറങ്ങിക്കിടന്ന കുഞ്ഞുങ്ങൾക്ക് അരികിലാണ് പുലി എത്തിയത്. ഉദ്യോഗസ്ഥരുടെ അലംഭാവം വന്യജീവി പ്രശ്നത്തിന് കാരണമാണ്. സാധാരണ പൗരന്മാരുടെ ജീവന് ഭീഷണിയായ വന്യമൃഗങ്ങളെ വെടി വെച്ച് കൊല്ലണമെന്നും കത്തോലിക്ക കോൺഗ്രസ് ഡയറക്ടർ ഫാദർ ഫിലിപ്പ് കവിയിൽ പറഞ്ഞു.
നരഭോജിക്കടുവയെ പിടികൂടണമെന്നും ജനങ്ങളെ ജീവിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ്, കർഷക കോൺഗ്രസ് സംഘടനകൾ കാളികാവ് വനം ഓഫിസിലേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു.