ആലപ്പുഴ: തപാൽ വോട്ട് പൊട്ടിച്ച് തിരുത്തിയെന്ന സിപിഎം നേതാവ് ജി. സുധാകരന്‍റെ വിവാദ പ്രസംഗത്തിൽ കേസെടുത്ത പൊലീസ് ഇന്ന് തുടർ നടപടികളിലേക്ക് കടക്കും. ഇന്ന് പൊലീസ് സുധാകരൻ്റെ മൊഴി രേഖപ്പെടുത്തിയേക്കും. ആലപ്പുഴ സൗത്ത് പൊലീസാണ് ജില്ലാ വരണാധികാരിയായ കലക്ടറുടെ പരാതിയിൽ കേസെടുത്തത്. ബൂത്ത് പിടിച്ചെടുത്തത് മുതൽ വ്യാജരേഖ ചമച്ചത് വരെയുള്ള വകുപ്പുകൾ ചുമത്തിയാണ് എഫ്ഐആർ.
1989 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥിക്ക് വേണ്ടി തപാൽ വോട്ടുകൾ പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്നായിരുന്നു സുധാകരന്റെ വെളിപ്പെടുത്തൽ. ഇതിന്‍റെ പേരിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ കേസെടുത്താൽ പ്രശ്‌നമില്ലെന്നും സുധാകരൻ പറഞ്ഞിരുന്നു. ആലപ്പുഴയിൽ എൻജിഒ യൂണിയൻ സംഘടിപ്പിച്ച പരിപാടിയിലാണ് വിവാദ പരാമർശം.
ജി സുധാകരന്റെ മൊഴി രേഖപ്പെടുത്തി 24 മണിക്കൂറിനുള്ളിലാണ് ആലപ്പുഴ സൗത്ത് പൊലീസിന്റെ നടപടി. 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ ആറു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന നാലു വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ഡെപ്യുട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യുഷന്റെ നിയമോപദേശം ലഭിച്ചശേഷമാണു പ്രാഥമിക അന്വേഷണം റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്തത്.