തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂരിൽ ജൂനിയർ അഭിഭാഷകയെ മർദ്ദിച്ച സംഭവത്തിൽ പ്രതി ബെയ്‌ലിന്‍ ദാസിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യ ഹര്‍ജി പരിഗണിക്കുന്നത്. ബെയ്‌ലിന്‍ ദാസിനെ ഈ മാസം 27 വരെ റിമാന്‍ഡ് ചെയ്തിരുന്നു. ബെയ്‌ലിന്‍ ദാസിനു ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു.
അതേസമയം ജാമ്യാപേക്ഷയെ എതിർക്കാനാണ് പ്രോസിക്യൂഷൻ തീരുമാനം. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത പ്രതി പൂജപ്പുര ജയിലിലാണ്. സംഭവത്തിൽ നിയമപരമായി മുന്നോട്ടു പോകുമെന്ന് ശാമിലി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
പ്രതിക്ക് കുടുംബമുണ്ടെന്നും മൂന്ന് കുട്ടികളുണ്ടെന്നും സമൂഹത്തിൽ മാന്യതയുള്ള വ്യക്തിയാണെന്നും പ്രതിഭാഗം വാദിച്ചിരുന്നു. എന്നാല്‍ പ്രതി നിയമപരിജ്ഞാനം ഉള്ളയാളാണെന്നും തെളിവുകൾ നശിപ്പിക്കാനുള്ള സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.സാക്ഷികളെയും ഇരയെയും സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദം.
കോടതിവിധിയില്‍ സന്തോഷമുണ്ടെന്ന് ശ്യാമിലി പ്രതികരിച്ചു. കഴിഞ്ഞ ദിവസം രാത്രി 7 മണിയോടെയാണ് പ്രതി ബെയ്‌ലിന്‍ ദാസിനെ പോലീസ് പിടികൂടിയത്.