India

ബിഎസ്എഫ് ജവാനെ പാക് റേഞ്ചേഴ്സ് മാനസികമായി പീഡിപ്പിച്ചുവെന്ന് റിപ്പോർട്ട്; കഷ്ടതകൾ പങ്കുവെച്ച് പാക് പിടിയിലായിരുന്ന ജവാൻ

ഡൽഹി: പാകിസ്താൻ കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ബിഎസ്എഫ് ജവാനെ പാക് റേഞ്ചേഴ്സ് മാനസികമായി പീഡിപ്പിച്ചുവെന്ന് റിപ്പോർട്ട്. ഉറങ്ങാന്‍ പോലും അനുവദിക്കാതെ ചോദ്യം ചെയ്യലിന് വിധേയമാക്കി. ബിഎസ്എഫ് ജവാനെ വീട്ടുകാരെ കാണാൻ ഉടൻ അനുവാദം നൽകിയേക്കും. കേന്ദ്ര ഏജൻസികൾ നടപടിക്രമങ്ങൾ പാലിച്ച് ജവാനിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയാണ്. കസ്റ്റഡിയിലെടുത്ത് മൂന്നാഴ്ചയ്ക്കുശേഷം കഴിഞ്ഞ ദിവസമാണ് പി.കെ.ഷായെന്ന ജവാനെ ഇന്ത്യക്ക് വിട്ടുനൽകിയത്.

കഴിഞ്ഞ ദിവസം ഫോണ്‍ വിളിച്ചപ്പോഴാണ് ഷാ പങ്കാളിയായ രജനിയോട് പാകിസ്താനില്‍ താന്‍ അനുഭവിച്ച കഷ്ടതകള്‍ പങ്കുവെച്ചത്. ശാരീരികമായി ഉപദ്രവിച്ചില്ലെന്നും എന്നാല്‍ എല്ലാ രാത്രിയിലുമുള്ള ചോദ്യം ചെയ്യല്‍ മാനസികമായി ബുദ്ധിമുട്ടിച്ചെന്നും അദ്ദേഹം പറഞ്ഞു. ‘അതിര്‍ത്തികാക്കുന്ന പാരാമിലിറ്ററി ജവാന്‍ എന്നതിലുപരി ഒരു ചാരനായാണ് അദ്ദേഹത്തോട് പെരുമാറിയത്. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലേക്ക് അദ്ദേഹത്തെ കൊണ്ടുപോയി. വിമാനത്തിന്റെ ശബ്ദങ്ങള്‍ കേട്ടതിനാല്‍ അതിലൊന്ന് എയര്‍ബേസാണെന്ന് മനസിലായി. കൃത്യസമയത്ത് ഭക്ഷണം നല്‍കിയെങ്കിലും പല്ലു തേക്കാന്‍ പോലും അനുവദിച്ചില്ല. സംസാരിക്കുമ്പോള്‍ നല്ല ക്ഷീണം അദ്ദേഹത്തിന്റെ ശബ്ദത്തിലുണ്ടായിരുന്നു. നന്നായി ഉറങ്ങാന്‍ സാധിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു’, രജനി പറഞ്ഞു.

എന്നാല്‍ പൂര്‍ണം ഷാ രാജ്യത്തെ സേവിക്കുന്നത് അവസാനിപ്പിക്കില്ലെന്ന് രജനി പറഞ്ഞു. 17 വര്‍ഷമായി അദ്ദേഹം രാജ്യത്തെ സേവിക്കുകയാണെന്നും അതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്നും രജനി പറഞ്ഞു. മൂന്നാഴ്ചകള്‍ക്ക് ശേഷം പാകിസ്താന്റെ പിടിയില്‍ നിന്ന് മോചിതനായ പൂര്‍ണം ഷാ നിലവില്‍ ചികിത്സയിലാണ്. പൂര്‍ണം ഷായ്ക്ക് പെട്ടെന്ന് സ്വന്തം നാട്ടിലേക്ക് വരാന്‍ സാധിച്ചില്ലെങ്കില്‍ പഠാന്‍കോട്ടിലേക്ക് പോയി അദ്ദേഹത്തെ കാണാനുള്ള തയ്യാറെടുപ്പിലാണ് രജനി.

ബുധനാഴ്ചയാണ് പൂർണം കുമാർ ഷായെ മോചിപ്പിച്ചത്. അമൃത്സറിലെ അട്ടാരിയിലെ ജോയിന്‍റ് ചെക്ക് പോസ്റ്റ് വഴി രാവിലെ 10.30 ഓടെയാണ് ജവാൻ പൂർണം കുമാർ ഷായെ കൈമാറിയതെന്ന് ബിഎസ്എഫ് അറിയിച്ചിരുന്നു. ഏപ്രിൽ 23 നാണ് പൂർണം കുമാർ പാക് സൈന്യത്തിന്‍റെ പിടിയിലാകുന്നത്. ഫിറോസ്പൂർ സെക്ടറിൽ അബദ്ധത്തിൽ നിയന്ത്രണരേഖ കടക്കുകയായിരുന്നു. പഹൽഗാം ആക്രമണത്തിന് പിന്നാലെയായിരുന്നു സംഭവം.