ഒരു വെറൈറ്റി ഐസ് ക്രീം ഉണ്ടാക്കിയാലോ? ബിസ്‌ക്കറ്റ് കൊണ്ട് ഒരു അടിപൊളി ഐസ് ക്രീം തയ്യാറാക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒരു റെസിപ്പി.
ആവശ്യമായ ചേരുവകൾ
- പാർലെ ജി ബിസ്‌ക്കറ്റ് – 24 എണ്ണം
- പാൽ – 500 മില്ലി ലിറ്റർ
- പഞ്ചസാര – 5 ടേബിൾ സ്പൂൺ
- കൊക്കോ പൗഡർ – 2 ടേബിൾ സ്പൂൺ
- മിൽക്ക് മെയ്ഡ് – 4 ടേബിൾ സ്പൂൺ
- വാനില എസ്സെൻസ് – 1 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
പാൽ തിളപ്പിച്ചതിനു ശേഷം അതിലേക്ക് ബിസ്‌ക്കറ്റ് ചേർത്തിളക്കുക.സ്റ്റവ് ഓഫ് ചെയ്തതിനു ശേഷം പാൽ ബിസ്‌ക്കറ്റ് മിശ്രിതത്തിലേക്ക് പഞ്ചസാര, കൊക്കോ പൗഡർ, മിൽക്ക് മെയ്ഡ് എന്നിവ ചേർത്തു നന്നായി യോജിപ്പിക്കുക. തണുത്തതിനു ശേഷം വാനില എസ്സെൻസ് കൂടി ചേർത്ത് മിക്സിയിൽ ഇട്ട് നല്ല കുഴമ്പ് രൂപത്തിൽ ബ്ലെൻഡ് ചെയ്ത് എടുക്കുക. ഒരു ചതുരാകൃതിയിലുള്ള പാത്രത്തിൽ ബട്ടർ പേപ്പറോ ക്ലിങ് ഫിലിമോ നിരത്തിയതിനു ശേഷം തയ്യാറാക്കി വച്ചിരിക്കുന്ന മിശ്രിതം അതിലേക്കൊഴിച്ചു 6 മുതൽ 8 മണിക്കൂർ വരെ ഫ്രീസറിൽ വച്ച് തണുപ്പിക്കുക. പുറത്തെടുത്ത ഐസ് ക്രീം ചതുര കഷണങ്ങളായി മുറിച്ച ഉപയോഗിക്കാം.