Kerala

സിഎസ്ഇഐഡിസി ഇന്‍ഫോപാര്‍ക്കില്‍ പ്രവര്‍ത്തനം തുടങ്ങി  | CSEIDD

കൊച്ചി: സൗദി അറേബ്യയിലെ സോഫ്റ്റ്വെയര്‍ ഡെവലപ്പര്‍ കമ്പനിയായ സിഎസ്ഇയുടെ പാര്‍ട്ണര്‍ കമ്പനിയായ സിഎസ്ഇഐഡിസി ഇന്‍ഫോപാര്‍ക്കില്‍ പ്രവര്‍ത്തനം തുടങ്ങി. ഫേസ് രണ്ടിലെ ജ്യോതിര്‍മയ കെട്ടിടത്തിലെ പുതിയ ഓഫീസിന്‍റെ ഉദ്ഘാടനം സിഎസ്ഇ റിയാദ് ചീഫ് ഫിനാന്‍ഷ്യല്‍ അനലിസ്റ്റ് ഖ്ലൂദ് അല്‍ദുഖൈല്‍ നിര്‍വഹിച്ചു. ഇന്‍ഫോപാര്‍ക്ക് സിഇഒ സുശാന്ത് കുറുന്തില്‍ മുഖ്യാതിഥിയായിരുന്നു.

ഇന്‍ഫോപാര്‍ക്കില്‍ നിലവിലുള്ള 75,000 ഓളം ജീവനക്കാരുടെ എണ്ണം ഒന്നര ലക്ഷമെങ്കിലും ആക്കുകയെന്നതാണ് ലക്ഷ്യമെന്ന് സുശാന്ത് കുറുന്തില്‍ ചൂണ്ടിക്കാട്ടി. ചെറുതും വലുതുമായ കമ്പനികളുടെ സാന്നിദ്ധ്യം ഇതില്‍ ഏറെ പ്രധാനമാണ്. കമ്പനികളുടെ വളര്‍ച്ചയാണ് ഇന്‍ഫോപാര്‍ക്കിന്‍റെ വളര്‍ച്ചയെന്നും അദ്ദേഹം പറഞ്ഞു. സൗദി അറേബ്യയും ഇന്ത്യയും തമ്മില്‍ പതിറ്റാണ്ടുകളായി സഹോദരതുല്യമായ ബന്ധമാണുളളതെന്ന് ഖ്ലൂദ് അല്‍ദുഖൈല്‍ ചൂണ്ടിക്കാട്ടി. സൗദി അറേബ്യയിലടക്കം ഇന്‍ഫോപാര്‍ക്ക് എന്ന ബ്രാന്‍ഡ് പ്രശസ്തമാണ്. ഈ പ്രശസ്തിയെ സാധൂകരിക്കുന്നതാണ് ഇവിടുത്തെ കാഴ്ചകളെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ഇന്‍വസ്റ്റ്മന്‍റ് ബാങ്കുകള്‍, ബാങ്കിംഗ്, ഫിന്‍ടെക് മേഖലയിലാണ് സിഎസ്ഇഐഡിസിയുടെ പ്രവര്‍ത്തനം. സൗദി അറേബ്യയിലടക്കം ഈ ഐടി സേവനങ്ങള്‍ കമ്പനി പ്രദാനം ചെയ്യുന്നുണ്ട്. 2636 ചതുരശ്രയടി വലുപ്പമുള്ള പുതിയ ഓഫീസില്‍ 20 ജീവനക്കാരാണ് ജോലി ചെയ്യുന്നത്. കൂടുതല്‍ തൊഴിലവസരങ്ങള്‍ക്കുള്ള സാധ്യത മുന്നില്‍ കണ്ടു കൊണ്ടാണ് ഇന്‍ഫോപാര്‍ക്ക് പോലുള്ള പ്രശസ്തമായ കാമ്പസിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചതെന്ന് സിഎസ്ഇ റിയാദ് സിഇഒ ജോജി ആന്‍റണി പറഞ്ഞു.

സിഎസ്ഇസെഡ് അസി. ഡെവലപ്മൻ്റ് കമ്മീഷണര്‍ വിനീത വിജയന്‍, സിഎസ്ഇ റിയാദ് മുന്‍ ജിഎം എച് വിക്രമന്‍, സിഡിഒ സന്തോഷ് തങ്കച്ചന്‍, ഫിനാന്‍സ് മാനജേര്‍ ഹുസൈഫ ഹുസൈന്‍, സിഎസ്ഇഐഡിസി ഡയറക്ടര്‍മാരായ അനില്‍ സാമുവല്‍, അഭിലാഷ് മാങ്ങാടന്‍, ഇന്‍ഫോപാര്‍ക്ക് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

content highlight: CSEIDD