Home Remedies

പ്രാണിശല്യം കൊണ്ട് പൊറുതിമുട്ടിയോ ? വിഷമിക്കേണ്ട, ഇങ്ങനെ ചെയ്താൽ മതി

നമ്മുടെയൊക്കെ വീടുകളെ അലട്ടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് പലതരം പ്രാണികൾ. വീട് എത്ര വ്യത്തിയാക്കിയിട്ടാലും പലപ്പോഴും ചെറുപ്രാണികളുടെ ശല്യം രൂക്ഷമായിരിക്കും. ഭക്ഷണത്തിലൊക്കെ പ്രാണി കയറുന്നത് പലർക്കും ചിന്തിക്കാൻ പോലും വയ്യ. എത്ര ശ്രമിച്ചാലും പ്രാണികളെ തുരത്താൻ പലർക്കും കഴിയാറില്ല.

എന്നാൽ പ്രാണികൾ താനെ ഒഴിഞ്ഞു പോകും എന്ന് കരുതിയിരിക്കുന്നതും ബുദ്ധിയല്ല.പലരും ഇതിനായി കെമിക്കലുകൾ നിറഞ്ഞ സ്പ്രെകളും മറ്റും ഉപയോഗിക്കാറുണ്ട്. പക്ഷെ ഇത് ആരോഗ്യത്തിന് നല്ലതല്ല. വീട്ടിലെ അടുക്കളയിലുള്ള ചില സാധനങ്ങൾ മാത്രം മതി പ്രാണികളെ ഒഴിവാക്കാൻ.

നമ്മുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ് ആര്യവേപ്പെന്ന് അറിയാമല്ലോ? വേപ്പ് മരത്തിൻ്റെ എല്ലാ ഭാഗങ്ങളും മനുഷ്യന് വളരെയധികം ഗുണം ചെയ്യുന്നതാണ്. ഏതാണ്ട് ഇരുനൂറിലേറെ പ്രാണികളെ തുരത്താൻ ഏറെ നല്ലതാണ് വേപ്പ് എണ്ണ എന്ന് പറയപ്പെടുന്നു. വേപ്പെണ്ണ വെള്ളത്തിൽ കലക്കി പ്രാണികൾ വരുന്ന ഇടങ്ങളിൽ സ്പ്രെ ചെയ്താൽ ഒരുമാതിരി പെട്ട എല്ലാ പ്രാണികളും പറ പറക്കും. എന്തിന് പാറ്റകളെ പോലും തുരത്താൻ ഇത് ഉത്തമം.

പ്രാണികളെ തുരത്താൻ സഹായിക്കുന്ന മികച്ച പരിഹാരമാണ് ബേക്കിംഗ് സോഡയും സവാളയും. സവാള വട്ടത്തിൽ അരിഞ്ഞ് അതിൽ അൽപ്പം ബേക്കിംഗ് സോഡ വിതറി അടുക്കളയിൽ പാറ്റയുടെ വിഹാര കേന്ദ്രങ്ങളിൽ വയ്ക്കാവുന്നതാണ്.

പുൽതൈലം ഒട്ടു മിക്ക വീടുകളിലും ഉപയോഗിക്കുന്ന ഒന്നാണ്. ഇഞ്ച പ്പുല്ല് കൊണ്ടാണ് പുൽത്തൈലം ഉണ്ടാക്കുന്നത്. കൂടുതൽ ആളുകളും സുഗന്ധത്തിനു വേണ്ടിയാണ് വീടുകളിൽ ഇത് വാങ്ങി വെക്കുന്നത്. എന്നാൽ കീടനാശിനിയായി ഉപയോഗിക്കാൻ പറ്റുന്ന ഒന്നാണ് പുൽതൈലം. പ്രകൃതിദത്തമായ രീതിയിൽ നിർമിക്കുന്നത് കൊണ്ട് തന്നെ യാതൊരു പ്രശ്നങ്ങളും ഇതിനില്ല.

കഴുത്ത് ചെറുതായ കുപ്പിയില്‍ റെഡ് വൈന്‍ കുപ്പി തുറന്ന് വയ്ക്കുക. പ്രാണികള്‍ കുപ്പിയിലേക്ക് വീഴുമ്പോള്‍ കുപ്പിയുടെ അടപ്പ് മൂടൂക. പഴവര്‍ഗ്ഗങ്ങള്‍ സൂക്ഷിക്കുന്ന ഇടങ്ങളിൽ ഈ രീതി നോക്കാവുന്നതാണ്.

അതുപോലെ പ്രാണികൾ വരാനുള്ള സാധ്യതയുള്ള സ്ഥലങ്ങളിൽ കാപ്പിപൊടി വിതറുന്നത് പല തരത്തിലുള്ള ഗുണങ്ങൾ നൽകും. വാതിലുകൾക്കിടയിലൊക്കെ ഇത് ഇടുന്നത് പ്രാണികളെ അകറ്റാൻ ഏറെ നല്ലതാണ്.

അടുക്കള വ്യത്തിയായി സൂക്ഷിക്കാൻ ഏറെ നല്ലതാണ് പെപ്പർമിൻ്റ് ഓയിൽ. പെപ്പർമിൻ്റ് ഓയിലിൽ പ്രകൃതിദത്ത കീടനാശിനികളുടെ ഉയർന്ന സാന്ദ്രതയുണ്ട്, ചെറിയ പ്രാണികൾ, ഉറുമ്പുകൾ, ചിലന്തികൾ, എലികൾ എന്നിവയെപ്പോലും തുരത്താൻ പുതിനയിലയും പുതിന എണ്ണയും മികച്ചതാണ്.

എല്ലാത്തിനുമുപരി, ഇത് അടുക്കള സുഗന്ധപൂരിതമാകാനും ഏറെ സഹായിക്കും. ഈച്ചയും കൊതുകിനെയുമൊക്കെ തുരത്താൻ ഇത് ഏറെ നല്ലതാണ്. എലികളെ തുരത്താനും ഇത് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

അടുക്കളയിലെ സിങ്ക് ഡ്രെയിനുകളിൽ തമ്പടിക്കുന്ന നനഞ്ഞതും ഈർപ്പമുള്ളതുമായ പ്രദേശങ്ങളിൽ വളരുകയും ചെയ്യുന്ന ഈച്ചകളെ തുരത്താൻ ഏറെ നല്ലതാണ്‌ ആപ്പിൾ സൈഡർ വിനിഗർ. ഉഷ്ണമേഖലാ കാലാവസ്ഥയിൽ ഈ ഈച്ചകൾ പല രോഗങ്ങൾക്കും കാരണമാകും.

അതുപോലെ, ചെറിയ അടുക്കളയിലെ ചെറിയ വിളക്കുകളിലും ലൈറ്റുകളിലും കാണുന്ന നിശാശലഭങ്ങൾ പലപ്പോഴും ഭക്ഷണത്തിൽ വീഴാറുണ്ട്. അവയെ പറത്താനുള്ള ഏറ്റവും നല്ല മാർഗവും ആപ്പിൾ സൈഡർ വിനാഗിരിയാണ്.

Latest News