കാളിക്കാവില്‍ ടാപ്പിങ് തൊഴിലാളിയെ കൊന്ന് തിന്ന കടുവയെ പിടികൂടാനാകാതെ വനംവകുപ്പ്. കടുവയെ കണ്ടെത്താനാകത്തതില്‍ കടുത്ത ആശങ്കയിലാണ് പ്രദേശവാസികള്‍. ജോലിക്ക് പോകാന്‍ പേടിയുണ്ടെന്നും, എന്ത് ധൈര്യത്തില്‍ ഇവിടെ ജീവിക്കുമെന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്. എത്രയും പെട്ടെന്ന് കടുവയെ പിടികൂടണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
പ്രദേശവാസികളുടെ പ്രതികരണം
”വന്യമൃഗങ്ങളുടെ ശല്യം നല്ലതുപോലെയുളള പ്രദേശമാണ് ഇവിടെ. രാവിലെ 6 മണിക്ക് ജോലിക്ക് പോകുന്നവരുണ്ട്, മദ്രസക്ക് പോകുന്ന കുട്ടികളുണ്ട്. ഇവരൊക്കെ ഒറ്റയ്ക്കാണ് ഇതുവഴി പോകുന്നത്. ഈ സമയത്ത് പുലിയൊക്കെ പിടിക്കുമൊന്ന് ഞങ്ങള്‍ക്ക് പേടിയുണ്ട്. ടാപ്പിങ് തൊഴിലാളികള്‍ക്ക് പുലര്‍ച്ചെ ജോലിക്ക് പോകാന്‍ ഇപ്പോള്‍ പേടിയാണ്. ഞങ്ങളുടെ ഉപജീവനത്തെയാണ് ഇത് ബാധിക്കുന്നത്. എത്രയും പെട്ടെന്ന് കടുവയെ പിടികൂടണം. ഇതുവരെയും കടുവയെ കണ്ടത്താനാകത്തതില്‍ ആശങ്കയുണ്ട് ”.
കല്ലാമൂല പാലത്തിങ്ങിലെ കളപ്പറമ്പില്‍ ഗഫൂര്‍ അലിയെയാണ് കഴിഞ്ഞദിവസം കടുവ കൊന്നത്. കാളിക്കാവ് അടയ്ക്കാക്കുണ്ട് റാവുത്തന്‍കാട് മലയിലെ റബ്ബര്‍ത്തോട്ടത്തില്‍ വ്യാഴാഴ്ച രാവിലെ 7 മണിയോടെ ആയിരുന്നു സംഭവം. വ്യാഴാഴ്ച തന്നെ അധികൃതര്‍ മലയിലെത്തി കടുവയെ കണ്ടെത്താന്‍ ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ അന്‍പത്തിലേറെ ക്യാമറകള്‍ പരിശോധിച്ചെങ്കിലും സൂചനകളൊന്നും ലഭിച്ചില്ല.
അതേസമയം കടുവയെ മയക്കുവെടിവെച്ച് പിടിക്കുക ദുഷ്‌കരമാണെന്ന് വനമേഖല പരിചയമുളളവര്‍ പറയുന്നു. അടിക്കാടുകള്‍ വളര്‍ന്നുനില്‍ക്കുന്ന കുത്തനെയുളള മലഞ്ചെരിവില്‍ കടുവയെ പിന്തുടര്‍ന്ന് കണ്ടെത്തുക എളുപ്പമല്ല. നരഭോജി കുടുവയെ വെടിവെച്ച് കൊല്ലണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാല്‍ കടുവയെ ജീവനോടെ പിടിക്കാനാണ് സ്റ്റാന്‍ഡേര്‍ഡ് ഓപറേറ്റിങ് പ്രൊസീജിയര്‍(എസ്.ഒ.പി) പ്രകാരം ചേര്‍ന്ന സമിതി തീരുമാനിച്ചത്. തിരച്ചിലിന് വനംവകുപ്പ് രണ്ട് കുങ്കിയാനകള്‍ ഉള്‍പ്പടെയുളള സംവിധാനമാണ് സജ്ജീകരിച്ചിട്ടുളളത്. 50 അംഗ ആര്‍ആര്‍ടി സംഘത്തെയാണ് തിരച്ചിലിനായി നിയോഗിച്ചിരിക്കുന്നത്. ഗഫൂറിനെ കടുവ ആക്രമിച്ച റബര്‍ എസ്റ്റേറ്റിലടക്കം മൂന്നിടങ്ങളില്‍ കൂടും സ്ഥാപിച്ചിച്ചുണ്ട്. കടുവ സാന്നിധ്യം തിരിച്ചറിഞ്ഞാല്‍ മയക്കുവെടി വെച്ച് പിടികൂടാന്‍ ചീഫ്.വെറ്റിനറി സര്‍ജന്‍ ഡോ. അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുളള സംഘവും സജ്ജമാണ്.
അതേസമയം വനം മന്ത്രി എ.കെ.ശശീന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്. മനുഷ്യന്‍ മരിക്കുമ്പോള്‍ ചിരിക്കുകയും മൃഗങ്ങള്‍ മരിക്കുമ്പോള്‍ കരയുകയും ചെയ്യുന്ന കടല്‍ക്കിഴവനാണ് വനം മന്ത്രിയെന്നായിരുന്നു മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ്.ജോയിയുടെ പരാമര്‍ശം. അയാളുടെ കൈയ്യും കാലും കെട്ടി കടുവാക്കൂട്ടിലിട്ട് കൊടുത്താലേ പ്രാണഭയമെന്തെന്ന് അറിയൂ. ഈ നാട്ടിലെ ജനങ്ങള്‍ ജീവിക്കുന്ന അവസ്ഥയെന്താണെന്ന് അപ്പോഴേ അയാള്‍ക്ക് മനസ്സിലാകുവെന്നായിരുന്നു വി.എസ്.ജോയി പറഞ്ഞത്.