Kerala

എന്താണ് മീസില്‍സ് റൂബെല്ല?: എന്താണ് മീസില്‍സ് റൂബെല്ല വാക്സിന്‍?; വാക്‌സിനേഷന്‍ സമ്പൂര്‍ണമാക്കുന്നത്തിന് പ്രത്യേക ക്യാമ്പയിന്‍; മീസില്‍സ് റൂബെല്ല നിവാരണ പക്ഷാചരണം മേയ് 19 മുതല്‍ 31 വരെ

മീസല്‍സ് റൂബെല്ല രോഗങ്ങളുടെ നിവാരണം ലക്ഷ്യമിട്ട് 5 വയസ് വരെയുള്ള കുഞ്ഞുങ്ങളുടെ വാക്‌സിനേഷന്‍ സമ്പൂര്‍ണമാക്കുന്നത്തിന് ആരോഗ്യ വകുപ്പ് രണ്ടാഴ്ച്ച നീണ്ടുനില്‍ക്കുന്ന പ്രത്യേക ക്യാമ്പയിന്‍ ആരംഭിക്കുന്നു. മേയ് 19 മുതല്‍ 31 വരെയാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ 6 ജില്ലകളില്‍, ജില്ലയില്‍ ആകമാനം പ്രത്യേക ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു. മറ്റ് 8 ജില്ലകളില്‍ വാക്‌സിനേഷന്‍ കവറേജ് കുറഞ്ഞ പ്രദേശങ്ങളില്‍ സ്ഥാപന തലത്തിലുള്ള ക്യാമ്പയിനും സംഘടിപ്പിക്കും.

കുഞ്ഞുങ്ങളെ മീസില്‍സ് റൂബെല്ല രോഗങ്ങളില്‍ നിന്നും സംരക്ഷിക്കാന്‍ എല്ലാവരും കുഞ്ഞുങ്ങള്‍ക്ക് വാക്സിന്‍ എടുത്തു എന്ന് ഉറപ്പാക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. 5 വയസ് വരെയുള്ള എല്ലാ കുഞ്ഞുങ്ങളും മീസില്‍സ് റൂബെല്ല വാക്സിന്റെ രണ്ട് ഡോസുകളും എടുത്തുവെന്ന് ഉറപ്പാക്കുകയാണ് ഈ ക്യാമ്പയിന്റെ ലക്ഷ്യം. ഈ ക്യാമ്പയിന്റെ ഭാഗമായി മീസില്‍സ്, റൂബെല്ല വാക്‌സിനേഷന്‍ ഡോസുകള്‍ എടുക്കാന്‍ വിട്ടുപോയ 5 വയസ് വരെയുള്ള കുഞ്ഞുങ്ങളെ ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കണ്ടെത്തി വാക്‌സിനേഷന്‍ നല്‍കും. ക്യാമ്പയിന്‍ നടക്കുന്ന എല്ലാ ജില്ലകളിലേയും എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും രണ്ടാഴ്ച്ചക്കാലം ഇതിനായി വാക്‌സിനേഷന്‍ സൗകര്യമൊരുക്കും.

പ്രത്യേക വാക്‌സിനേഷന്‍ ക്യാമ്പുകളും അതിഥി തൊഴിലാളികളുടെ വാസസ്ഥലങ്ങള്‍ ലക്ഷ്യമിട്ട് മൊബൈല്‍ വാക്‌സിനേഷന്‍ ബൂത്തുകളും സജ്ജമാക്കും. കുഞ്ഞുങ്ങള്‍ക്ക് വാക്സിന്‍ നിഷേധിക്കുന്ന കുടുംബങ്ങളെ ബോധവത്കരിക്കാന്‍ തദ്ദേശ സ്ഥാപന തലത്തില്‍ സാമൂഹിക പ്രവര്‍ത്തകരെ കൂടി ഉള്‍പ്പെടുത്തി സമ്പൂര്‍ണ വാക്‌സിനേഷന്‍ ജാഗ്രതാ സമിതികള്‍ രൂപീകരിക്കും. മീസില്‍സ് റൂബെല്ല രോഗങ്ങളുടെ വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം വാക്‌സിന്‍ മൂലം തടയാവുന്ന മറ്റ് 10 രോഗങ്ങളുടെ വാക്‌സിനുകള്‍ എടുക്കാന്‍ വിട്ടുപോയവര്‍ക്ക് അവകൂടി എടുക്കാന്‍ അവസരം നല്‍കും.

  • എന്താണ് മീസില്‍സ് റൂബെല്ല ?

മണ്ണന്‍ എന്ന പേരില്‍ നാട്ടിന്‍പുറങ്ങളില്‍ അറിയപ്പെടുന്ന രോഗമാണ് മീസില്‍സ് അഥവാ അഞ്ചാം പനി. ന്യൂമോണിയ, വയറിളക്കം, മസ്തിഷ്‌ക അണുബാധ (എന്‍സെഫിലൈറ്റിസ്) എന്നിവയിലേക്ക് നയിച്ച് മരണം വരെ സംഭവിക്കാവുന്ന രോഗമാണ് മീസില്‍സ്. മീസില്‍സ് പോലെ തന്നെ കുരുക്കള്‍ ശരീരത്തില്‍ പ്രത്യക്ഷപ്പെടുന്ന മറ്റൊരു രോഗമാണ് റുബെല്ല അഥവാ ജര്‍മ്മന്‍ മീസല്‍സ്. ഇത് ഗര്‍ഭാവസ്ഥയില്‍ പിടിപെട്ടാല്‍ ഗര്‍ഭസ്ഥ ശിശുവിനെ സാരമായി ബാധിക്കാറുണ്ട്. ഗര്‍ഭമലസല്‍, ജനിക്കുന്ന കുഞ്ഞിന് അംഗവൈകല്യം, കാഴ്ച ഇല്ലായ്മ, കേള്‍വി ഇല്ലായ്മ, ബുദ്ധിമാന്ദ്യം, ഹൃദയ വൈകല്യം എന്നിവയുണ്ടാക്കുന്നു.

  • എന്താണ് മീസില്‍സ് റൂബെല്ല വാക്സിന്‍ ?

വളരെ പെട്ടന്ന് പകരുന്നതും കുഞ്ഞുങ്ങളിലും ഗര്‍ഭസ്ഥശിശുക്കളിലും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നതുമായ മാരക രോഗങ്ങളാണ് മീസില്‍സ് റൂബെല്ല. എന്നാല്‍ ഒരു വാക്സിന്‍ കൊണ്ട് ഈ അസുഖങ്ങളെ ചെറുക്കാനാകും. കുഞ്ഞ് ജനിച്ച് 9-12, 16-24 മാസങ്ങളില്‍ നല്‍കുന്ന രണ്ട് ഡോസ് മീസില്‍സ് റൂബെല്ല വാക്‌സിനുകളിലൂടെ കുഞ്ഞുങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനും ജീവന്‍ രക്ഷിക്കാനും സാധിക്കും. കേരളത്തില്‍ 92 ശതമാനം കുഞ്ഞുങ്ങള്‍ മീസില്‍സ് റൂബെല്ല ആദ്യ ഡോസും, 87 ശതമാനം കുഞ്ഞുങ്ങള്‍ രണ്ടാം ഡോസും സ്വീകരിച്ചുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ക്യാമ്പയിന്റെ പ്രാരംഭ പ്രവത്തങ്ങള്‍ മേയ് ആദ്യവാരം ആരംഭിച്ചിരുന്നു. ജനപ്രതിനിധികള്‍, കുടുംബശ്രീ, അങ്കണവാടി പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. 5 വയസ് വരെയുള്ള കുഞ്ഞുങ്ങളുടെ സമ്പൂര്‍ണ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ ഈ പരിപാടി കൂടുതല്‍ സഹായകമാകുമെന്നതിനാല്‍ എല്ലാ രക്ഷകര്‍ത്താക്കളും കുഞ്ഞുങ്ങള്‍ക്ക് എല്ലാ വാക്സിനുകളും നല്‍കി എന്ന് ഈ ക്യാമ്പയിനിലൂടെ ഉറപ്പ് വരുത്തേണ്ടതാണ്.

CONTENT HIGH LIGHTS;What is Measles Rubella?: What is the Measles Rubella Vaccine?; Special campaign to complete vaccination; Measles Rubella Prevention Day from May 19 to 31