തിരുവനന്തപുരം വഞ്ചിയൂരില്‍ സീനിയര്‍ അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസ് ജൂനിയര്‍ അഭിഭാഷക ശ്യാമിലിയെ മര്‍ദ്ദിച്ച സംഭവത്തില്‍ വൈകാരിക പ്രതികരണവുമായി ജൂനിയര്‍ അഭിഭാഷക. ബാര്‍ അസോസിയേഷനിലെ ഭൂരിപക്ഷം കാര്യമെന്തെന്ന് അറിയാതെ തനിക്കെതിരെ കഥകള്‍ പ്രചരിപ്പിക്കുകയാണ്. ബാര്‍ അസോസേിയേഷന്‍ തനിക്കെതിരാണെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും ശ്യാമിലി മാധ്യമങ്ങളോട് പറഞ്ഞു.
ശ്യാമിലിയുടെ പ്രതികരണം
”തികച്ചും പ്രൈവറ്റായി ലോയര്‍ പ്രാക്ടീസ് ചെയ്യുന്നവര്‍ മാത്രമുളള ഗ്രൂപ്പില്‍ ഞാന്‍ അയച്ച ഓഡിയോ ലീക്ക് ആയെന്ന് ഞാന്‍ അറിയുന്നത് മീഡിയയില്‍ വന്നപ്പോഴാണ്. ബാര്‍ അസോസിയേഷന്‍ എനിക്കെതിരെ ആണെന്ന് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല. പലരും കാര്യമറിയാതെ എനിക്കെതിരെ തിരിയുന്നു. രണ്ട് വശം സംസാരിക്കാനും ആളുണ്ടാകും. പ്രതിയായ എന്റെ സീനിയര്‍ അഭിഭാഷകനെ പിന്തുണയ്ക്കാനും ആളുകളുണ്ട്. അദ്ദേഹത്തെ പിന്തുണയ്ക്കുന്നതില്‍ എനിക്ക് യാതൊരുവിധ പരാതിയുമില്ല. പക്ഷേ അത് ഇരയയെ കുറ്റപ്പെടുത്തുന്ന തരത്തിലേക്ക് പോയപ്പോഴാണ് എനിക്ക് ഗ്രൂപ്പില്‍ പ്രതികരിക്കേണ്ടി വന്നത്. എന്റെ അമ്മ വൈകാരികമായി പ്രതികരിച്ച ആ വീഡിയോ എടുത്ത് ഗ്രൂപ്പിലിട്ട് അമ്മയെ കുറിച്ചുളള ചര്‍ച്ച വന്നപ്പോഴാണ് ഞാന്‍ ആ ഗ്രൂപ്പില്‍ ആദ്യമായി പ്രതികരിക്കുന്നത്. പിന്നെ അതെ പിടിച്ച് തുടങ്ങിയ പ്രശ്‌നങ്ങളാണ് ഇതെല്ലാം. ബാര്‍ അസോസിയേഷനിലെ എല്ലാവരെയുമല്ല പറഞ്ഞത് ചില വ്യക്തികളെയാണ്. എനിക്ക് ആരുടെയും സഹതാപം വേണ്ട. എനിക്ക് പറ്റിയത് എന്റെ മുഖത്തുണ്ട്. എനിക്ക് മേക്ക്പ്പ് ചെയ്ത് കാണിക്കേണ്ട ആവശ്യമില്ല. പ്രൈവറ്റ് ഗ്രൂപ്പില്‍ ഞാന്‍ അയ്യച്ച ശബ്ദസന്ദേശം ഞാന്‍ പോലും അറിയാതെ കിട്ടിയുട്ടുണ്ടെങ്കില്‍ അത് ആരാണെന്ന് അന്വേഷിക്കണം. ഒരു ഇരയെന്ന നിലയില്‍ എന്നെ പറയാന്‍ പാടില്ലാത്തതൊക്കെ പറഞ്ഞു. ഒരു ഇരയ്ക്ക് കേട്ട് നില്‍ക്കാന്‍ പറ്റാത്ത വാക്കുകളാണ് ഗ്രൂപ്പില്‍ വരുന്നത്. അവരെയൊക്കെ എനിക്ക് നന്നായിട്ട് അറിയാം. ആരെയും പേടിച്ചിട്ടല്ല പേര് പറയാത്തത്. ഞാന്‍ കാരണം ഇനി അവര്‍ക്ക് ഒരു ബുദ്ധിമുട്ട് വരണ്ടെന്ന് കരുതിയാണ്. കോടതിയില്‍ നടക്കുന്ന ഈ വിഷയത്തെ കുറിച്ച് ഇനി ഒരു ഗ്രൂപ്പിലും സംസാരിക്കരുതെന്ന് ബാര്‍ അസോസിയേഷന്‍ അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് ഇതില്‍ ഞാന്‍ തൃപ്തയാണ്. ഈ വിഷയത്തില്‍ ഞാന്‍ പരാതി കൊടുക്കും മുമ്പ് തന്നെ ബാര്‍ അസോസിയേഷന്‍ ഒഫീഷ്യലായിട്ട് നടപടിയെടുത്ത് കഴിഞ്ഞു. അതില്‍ ഞാന്‍ നന്ദി പറയുന്നു. ഞാന്‍ ഇനിയും വഞ്ചിയൂര്‍ കോടതിയില്‍ തന്നെ പ്രാക്ടീസിന് പോകും. കോടതിയുടെ തീരുമാനം എന്തായലും അംഗീകരിക്കും. ഞാന്‍ എന്റെ ജൂഡീഷറിയില്‍ വിശ്വസിക്കുന്നു”.
അതേസമയം പ്രതിയായ ബെയ്‌ലിന്‍ ദാസിന്റെ ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും. ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് 12 ആണ് ജാമ്യാപേക്ഷ പരിഗണിക്കുക. ബോധപൂര്‍വ്വം മര്‍ദ്ദിച്ചിട്ടില്ലെന്നും ഓഫീസില്‍ ഉണ്ടായ തര്‍ക്കത്തില്‍ ഇടപ്പെട്ടപ്പോള്‍ സംഭവിച്ചു പോയെന്നുമുളള വാദമായിരിക്കും പ്രതിഭാഗം കോടതിയില്‍ ഉന്നയിക്കുക. ജാമ്യാപേക്ഷ എതിര്‍ക്കാനാണ് പ്രോസിക്യൂഷന്‍ തീരുമാനം. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത പ്രതി പൂജപ്പുര ജയിലിലാണ്.
ചൊവ്വാഴ്ചയാണ് ബെയ്‌ലിന്‍ ദാസ് ജൂനിയര്‍ അഭിഭാഷകയായ ശ്യാമിലിയെ മര്‍ദ്ദിക്കുന്നത്. ഇടതു കവിളില്‍ അടിയേറ്റ് വീണ ശ്യാമിലി എഴുന്നേറ്റ് തടയുന്നതിനിടയില്‍ കൈയില്‍ പിടിച്ചു വളച്ച ശേഷം വീണ്ടും കവിളില്‍ അടിക്കുകയായിരുന്നുവെന്നാണ് റിമാന്‍ഡ് അപേക്ഷയില്‍ പൊലീസ് വ്യക്തമാക്കുന്നത്. ആക്രമണത്തിന് ശേഷം ഒളിവില്‍ പോയ ബെയ്‌ലിന്‍ വ്യാഴാഴ്ച രാത്രി 7 മണിയോടെ തുമ്പ പൊലീസിന്റെ പിടിയിലാവുകയായിരുന്നു.