Sports

‘ആരാധകരെ ശാന്തരാകുവിൻ..’; മെസി കേരളത്തിലേക്ക് വരും, ഉറപ്പ് നൽകി കായിക മന്ത്രി

ആലപ്പുഴ: വിവാദങ്ങൾക്ക് വിരാമമിട്ട് കായിക മന്ത്രി അബ്‌ദുറഹ്മാൻ. കേരളത്തിൽ അർജൻ്റീന ഫുട്ബോൾ ടീം ഒക്ടോബർ-നവംബർ മാസങ്ങളിൽ ഒരു ദിവസം കളിക്കാനെത്തുമെന്ന് മന്ത്രി പറഞ്ഞു. അതിനാൽ കളി നിശ്ചയിച്ച സമയത്ത് തന്നെ നടക്കുമെന്നും മന്ത്രി.

നിലവിൽ അർജന്റീനയുമായി സംസ്ഥാന സർക്കാർ നല്ല ബന്ധത്തിലാണ്. ടീം എത്തില്ല എന്നൊന്നും പറയാൻ കഴിയില്ല. ഇത് ഫിഫ മാച്ചല്ല. അവർക്ക് കളിക്കാൻ സാധിക്കുന്ന രണ്ട് സ്റ്റേഡിയങ്ങൾ നിലവിൽ കേരളത്തിലുണ്ട്. ഇത് സംബന്ധിച്ച് ഒരു ആശയകുഴപ്പവുമില്ല. കാണികളെ കൂടുതൽ ഉൾക്കൊള്ളാൻ കഴിയുന്ന സ്റ്റേഡിയത്തിലായിരിക്കും കളി നടത്തുക. സ്റ്റേഡിയം സംബന്ധിച്ച് ആശങ്കയില്ല. സ്പോൺസ‍ർക്ക് പണം അടയ്ക്കാൻ ഇനിയും സമയമുണ്ട്. ഉദ്ദേശിച്ച രീതിയിൽ കാര്യങ്ങൾ നടന്നാൽ വരുന്ന ഒക്ടോബർ മാസത്തിൽ അർജൻ്റീനയുടെ നല്ല ടീം കേരളത്തിൽ കളിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വാർത്ത കണ്ട് ആശങ്ക തനിക്കും ഉണ്ടായിരുന്നു. എന്നാൽ താൻ അർജൻ്റീന ഫുട്ബോൾ അസോസിയേഷനുമായി ബന്ധപ്പെട്ടു. ഉദ്ദേശിച്ച രീതിയിൽ പണമടച്ചാൽ കളി നടക്കുമെന്നാണ് അവർ പറഞ്ഞത്. പണം അടയ്ക്കുമെന്ന് സ്പോൺസറും വ്യക്തമാക്കിയിട്ടുണ്ട്.

ഗ്രീൻഫീൽഡും കലൂർ സ്റ്റേഡിയവുമായി മത്സരത്തിനായി പരിഗണിക്കുന്നത്. ആദ്യ അൻപത് റാങ്കിനുള്ളിലുള്ള ഒരു ടീമായിരിക്കും അർജൻ്റീനയുടെ എതിരാളി. പണം അടയ്ക്കാൻ റിസർവ് ബാങ്കിന്റെ ഒരു അനുമതി കൂടി കിട്ടാനുണ്ടായിരുന്നു. അത് ലഭിച്ചു. അടുത്തയാഴ്ച സ്പോൺസർ പണം അടയ്ക്കും. അതോടെ എല്ലാ കാര്യങ്ങൾക്കും വ്യക്തത വരും. സ്പോർട്സും രാഷ്ട്രീയവും തമ്മിൽ ബന്ധമില്ലെന്ന് പറഞ്ഞ മന്ത്രി ഫുട്ബോളിന് ഒരൊറ്റ പൊളിറ്റിക്സേയുള്ളൂവെന്നും പ്രതികരിച്ചു.

ഖത്തര്‍ ലോകകപ്പോടെ അര്‍ജന്‍റീന ടീമിനും മെസിക്കും കൈവന്ന വര്‍ദ്ധിച്ച സ്വീകര്യത, ലോകകപ്പ് സമയത്ത് കൊടുവള്ളിയിലെ പുള്ളാവൂര്‍ പുഴയില്‍ ആരാധകര്‍ ഉയര്‍ത്തിയ കൂറ്റന്‍ കട്ടൗട്ട് ഷെയര്‍ ചെയ്ത് അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷന്‍ പ്രകടിപ്പിച്ച താല്‍പര്യം- ഇങ്ങനെ പല ഘടകങ്ങള്‍ അനുകൂലമായി വന്ന സാഹചര്യത്തിലായിരുന്നു അര്‍ജന്‍റീന ടീം ഇന്ത്യയില്‍ കളിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചുളള വാര്‍ത്തകള്‍ വന്നത്. എന്നാല്‍ ഭാരിച്ച ചെലവ് താങ്ങാനാകില്ലെന്ന് വ്യക്തമാക്കി ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍ ഈ സാധ്യത തള്ളി. ഇതോടെയാണ് വലിയ അവസരമാണ് നഷ്ടപ്പെടുത്തുന്നതെന്നും മെസിയെയും ടീമിനെയും കേരളത്തിലെത്തിക്കാന്‍ ശ്രമം നടത്തുമെന്നും മന്ത്രി അബ്ദുറഹ്മാന്‍ പ്രഖ്യാപിച്ചത്.

പിന്നീട് ഓണ്‍ലൈന്‍ വഴിയും സെപ്റ്റംബറില്‍ സ്പെയിനില്‍ നേരിട്ടെത്തിയും ച‍ർച്ച നടത്തി. അര്‍ജന്‍റീനയ്ക്കും എതിർ ടീമിനുമായി നല്‍കേണ്ട തുക ഉള്‍പ്പെടെ 200 കോടിയിലേറെ രൂപ പൂര്‍ണമായൂം സ്പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്താനയിരുന്നു നീക്കം. ആദ്യം ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്‍റ്സ് അസോസിയേഷനായിരുന്നു സ്പോണ്‍സര്‍ഷിപ്പിനായി രംഗത്ത് വന്നത്. എന്നാൽ വ്യാപാരോല്‍സവത്തിലൂടെ പണം കണ്ടെത്താനുള്ള നീക്കം വിജയിച്ചില്ല. ഇതോടെ അവര്‍ പിന്‍മാറി. പിന്നാലെയായിരുന്നു റിപ്പോര്‍ട്ടര്‍ ബ്രോഡ്‌കാസ്റ്റിംഗ് കമ്പനിയുടെ വരവ്.