വേനല്‍ക്കാലം എത്തിയത്തോടെ കൊടും ചൂടില്‍ വലഞ്ഞിരിക്കുകയാണ് ആളുകള്‍. എന്നാല്‍ താപനില 57 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുന്ന സ്ഥലങ്ങള്‍ ഉണ്ടെന്ന് നിങ്ങള്‍ക്കറിയാമോ? ലോകത്തിലെ ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്ന പ്രദേശങ്ങള്‍ ഏതൊക്കെ എന്ന് നോക്കാം.
1. ഫര്‍ണസ് ക്രീക്ക്, ഡെത്ത് വാലി, കാലിഫോര്‍ണിയ (യുണൈറ്റഡ് സ്റ്റേറ്റ്സ്): ചുട്ടുപൊള്ളുന്ന ചൂടിന് ‘മരണതാഴ്വര’ എന്ന് പേരിട്ട സ്ഥലമാണ്, കാലിഫോര്‍ണിയയിലെ വടക്കന്‍ മൊജാവേ മരുഭൂമിയിലെ കിഴക്കന്‍ ഭാഗത്തുള്ള ഈ മരുഭൂമി താഴ്‌വര. വേനല്‍ക്കാലത്ത് ഭൂമിയിലെ ഏറ്റവും ചൂടേറിയ സ്ഥലമായി ഈ പ്രദേശത്തെ കണക്കാക്കപ്പെടുന്നു. 1913 ജൂലൈ 10 ന്, ഡെത്ത് വാലിയിലെ ഫര്‍ണസ് ക്രീക്കില്‍ 56.7 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തിയിരുന്നു.
2. കെബിലി (ടുണീഷ്യ): ഈ തെക്കന്‍ ടുണീഷ്യന്‍ നഗരം വേനല്‍ക്കാലത്ത് ചുട്ടുപൊളളും. പലപ്പോഴും താപനില 50 ഡിഗ്രി സെല്‍ഷ്യസിന് കൂടുതല്‍ ആകുന്നു. കെബിലിയിലെ എക്കാലത്തെയും ഉയര്‍ന്ന താപനിലയായ 55 ഡിഗ്രി സെല്‍ഷ്യസ് 1931 ജൂലൈ 7 ന് രേഖപ്പെടുത്തിയിരുന്നു.
3. അഹ്വാസ് (ഇറാന്‍): ഇറാനിയന്‍ മരുഭൂമിയിലെയും, ലോകത്തിലെയും ഏറ്റവും ചൂടേറിയ സ്ഥലങ്ങളില്‍ ഒന്നായ അഹ്വാസ് 2017 ല്‍ 54 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്.
4. ടിറാത്ത് സ്വി: ഇസ്രായേല്‍-ജോര്‍ദാന്‍ അതിര്‍ത്തിക്ക് സമീപം ബെയ്റ്റ് ഷിയാന്‍ താഴ്‌വരയില്‍ സ്ഥിതി ചെയ്യുന്ന ടിറാത്ത് സ്വി, സയണിസ്റ്റ് പ്രസ്ഥാനത്തിന്റെ പിതാക്കന്മാരില്‍ ഒരാളും ഹോവേവി സിയോണിന്റെ നേതാവുമായ റബ്ബി സ്വി ഹിര്‍ഷ് കാലിഷറിന്റെ പേരിലാണ് അറിയപ്പെടുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 220 മീറ്റര്‍ താഴെയാണ് ടിറാത്ത് സ്വി സ്ഥിതി ചെയ്യുന്നത് . 1942 ജൂണ്‍ 21 ന് ഏഷ്യയിലെ ഏറ്റവും ഉയര്‍ന്ന പകല്‍ താപനില (54 ഡിഗ്രി സെല്‍ഷ്യസ്, 129.2 ഡിഗ്രി സെല്‍ഷ്യസ്) ഇവിടെ രേഖപ്പെടുത്തി.
5. ബസ്ര (ഇറാഖ്): തെക്കന്‍ ഇറാഖിലെ ഈ തുറമുഖ നഗരം മിഡില്‍ ഈസ്റ്റിലെ ഏറ്റവും ചൂടേറിയ സ്ഥലങ്ങളില്‍ ഒന്നാണ്, 2016 ജൂലൈ 21 ന് 53.9 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. ഇത് ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന താപനിലയാണ്.
6. മിത്രിബ (കുവൈത്ത്): വടക്കുപടിഞ്ഞാറന്‍ കുവൈറ്റിലെ ഒരു കാലാവസ്ഥാ കേന്ദ്രമായ മിത്രിബയില്‍ 2016 ജൂലൈ 21 ന് 53.9 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. ഭൂമിയില്‍ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും വിശ്വസനീയമായി രേഖപ്പെടുത്തിയ രണ്ടാമത്തെ ഉയര്‍ന്ന താപനിലയാണിത്.
7. ടര്‍ബത്ത് (പാകിസ്ഥാന്‍): ക്വറ്റ കഴിഞ്ഞാല്‍ പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ രണ്ടാമത്തെ വലിയ നഗരമായ ടര്‍ബത്തില്‍ 2017 മെയ് 28 ന് 53.7 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തി.
8. അല്‍ ജസീറ ബോര്‍ഡര്‍ ഗേറ്റ് (യുഎഇ): വേനല്‍ക്കാലത്ത് പലപ്പോഴും താപനില 50 ഡിഗ്രിയില്‍ കൂടുന്ന വരണ്ട മരുഭൂമിയാണ് മിഡില്‍ ഈസ്റ്റ്. യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ (യുഎഇ) അല്‍ ജസീറ ബോര്‍ഡര്‍ ഗേറ്റില്‍ 2002 ജൂലൈയില്‍ 52.1 ഡിഗ്രി താപനില രേഖപ്പെടുത്തി.
9. മെക്സിക്കലി (മെക്സിക്കോ): വടക്കന്‍ മെക്സിക്കോയില്‍, യുഎസ്-മെക്സിക്കോ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന മെക്സിക്കലിയില്‍ 1995 ജൂലൈ 28 ന് 52 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തി.
10. ജിദ്ദ (സൗദി അറേബ്യ): ഗ്രഹത്തിലെ ഏറ്റവും ചൂടേറിയ പ്രദേശങ്ങളിലൊന്നാണ് മിഡില്‍ ഈസ്റ്റ്, മരുഭൂമി രാജ്യമായ സൗദി അറേബ്യയും ഇതില്‍ നിന്ന് വ്യത്യസ്തമല്ല. 2010 ജൂണ്‍ 22 ന് സൗദി അറേബ്യയിലെ ജിദ്ദ നഗരം എക്കാലത്തെയും ഉയര്‍ന്ന താപനിലയായ 52 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി.